കോട്ടയത്ത് ഉരുള്‍ പൊട്ടല്‍; 3 മൃതദേഹം കണ്ടെത്തി, വീടിനുമുകളില്‍ മണ്ണിടിഞ്ഞുവീണ് 13 പേരെ കാണാതായി
കോട്ടയം: (www.kasargodvartha.com 16.10.2021) കൂട്ടിക്കല്‍ പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. വീടിനുമുകളില്‍ മണ്ണിടിഞ്ഞുവീണ് 13 പേരെ കാണാതായി. ഇതില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായി മൂന്ന് വീടുകള്‍ ഒലിച്ചുപോയതെന്നാണു റിപോര്‍ട്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്നു വെള്ളത്തിനടിയിലായ കൂട്ടിക്കലടക്കം കിഴക്കന്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍നിന്ന് ആളുകളെ മാറ്റുന്നതിന് എയര്‍ ലിഫ്റ്റിങിനാണ് സഹായം തേടിയത്.
മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മുണ്ടക്കയം ഇളംകാട് വാഗമണ്‍ റോഡില്‍ ഉരുള്‍പൊട്ടി. ജനവാസ മേഖലയല്ലാത്തതിനാല്‍ ജീവാപായത്തെപ്പറ്റി ആശങ്കയില്ല. കൊടുങ്ങ ഭാഗത്തും വനത്തില്‍ ചെറിയ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. പ്രധാന റോഡുകളിലും ഇട റോഡുകളിലും വെള്ളം കയറുന്നു. തോടുകള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പറമ്പുകളിലും വെള്ളം കയറുകയാണ്. പൂജാ അവധിയുടെ ഭാഗമായി യാത്രയ്ക്കിറങ്ങിയവര്‍ പല സ്ഥലങ്ങളിലും കുടുങ്ങി.
Keywords: Kottayam, News, Kerala, Top-Headlines, Trending, Rain, Dead body, House, Landslide in Kottayam: 3 bodies found