കൊടകര കുഴല്‍പണ കേസ്: കെ സുരേന്ദ്രനെ ചോദ്യം ചെയ്തു, കേസിന് ബിജെപിയുമായി ബന്ധമില്ലെന്നും രാഷ്ട്രീയ നാടകമാണ് നടക്കുന്നതെന്നും ചോദ്യം ചെയ്യലിനു ശേഷം പ്രതികരണം
തൃശ്ശൂര്‍: (www.kasargodvartha.com 14.07.2021) കൊടകര കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഒന്നരമണിക്കൂര്‍ നേരമാണ് ചോദ്യം ചെയ്യല്‍ നീണ്ടു നിന്നത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സുരേന്ദ്രനെ സ്വാഗതം ചെയ്യാന്‍ ബി ജെ പി പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്നെത്തി. വിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രന്റെ പ്രതികരണം.
കേസിന് ബിജെപിയുമായി ബന്ധമില്ലെന്നും രാഷ്ട്രീയ നാടകമാണ് നടക്കുന്നതെന്നും ചോദ്യം ചെയ്യലിനു ശേഷം സുരേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു. ഉത്തരവാദിത്വപ്പെട്ട പൊതുപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കാണ് ഹാജരായതെന്നും കേസുമായി ബി ജെ പിക്ക് ഒരു ബന്ധവുമില്ലെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.
നഷ്ടപ്പെട്ട കുഴല്‍പ്പണം ബി ജെ പിയുടേതാണെന്ന നിലപാടിലാണ് അന്വേഷണ സംഘം. നേരത്തെ ജൂലായ് 6 ന് ഹാജരാകാനാണ് അന്വേഷണ സംഘം നോടീസ് നല്‍കിയിരുന്നതെങ്കിലും കെ സുരേന്ദ്രന്‍ കൂടുതല്‍ സമയം ചോദിച്ചു വാങ്ങുകയായിരുന്നു.
കവര്‍ച്ചാക്കേസിലെ പരാതിക്കാരനായ ധര്‍മരാജനും കെ സുരേന്ദ്രനും തമ്മില്‍ ഫോണില്‍ സംസാരിച്ചു എന്ന നിഗമനത്തിലാണ് സുരേന്ദ്രനെ പൊലീസ് വിളിപ്പിച്ചത്. കുഴല്‍പ്പണം കടത്തിയ ധര്‍മരാജന്‍, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത എന്നിവരെ ചോദ്യം ചെയ്തതില്‍നിന്നാണ് സുരേന്ദ്രനെതിരെ നിര്‍ണായക മൊഴി ലഭിച്ചത്. ജില്ലാ പ്രസിഡന്റ്, സംസ്ഥാന സംഘടനാ സെക്രടറി തുടങ്ങി 15 ബി ജെ പി നേതാക്കളെ ചോദ്യം ചെയ്തിരുന്നു.
മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണം കവര്‍ന്ന ദിവസം അര്‍ധരാത്രി ധര്‍മരാജന്‍ വിളിച്ച ഏഴ് ഫോണ്‍കോളുകളില്‍ കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ നമ്പറുമുണ്ട്. കോള്‍ ലിസ്റ്റ് പ്രകാരം ബി ജെ പി സംസ്ഥാന സംഘടനാ സെക്രടറി എം ഗണേശന്‍, ഓഫീസ് സെക്രടറി ജി ഗിരീഷ്, സുരേന്ദ്രന്റെ സെക്രടറി ദിപിന്‍, ഡ്രൈവര്‍ ലിബീഷ്, ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത എന്നിവരെ ചോദ്യംചെയ്തു. സെക്രടറിയുടെയും ഡ്രൈവറുടെയും ഫോണുകളില്‍നിന്ന് ധര്‍മരാജനെ നിരവധി തവണ വിളിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ അറിവോടെയാണിതെന്ന് ഇരുവരും മൊഴി നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ കോന്നിയില്‍ കെ സുരേന്ദ്രനും ധര്‍മ്മരാജനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും പൊലീസിന്റെ പക്കലുണ്ട്.
ഏപ്രില്‍ മൂന്നാം തിയതി പുലര്‍ച്ചയാണ് കൊടകര മേല്‍പ്പാലത്തിന് സമീപത്തുനിന്ന് പണമടങ്ങിയ കാര്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. മൂന്നരക്കോടി കവര്‍ന്നെന്നാണ് കേസ്. തെരഞ്ഞെടുപ്പ് ആവശ്യത്തിന് ബി ജെ പിയെത്തിച്ച ഫന്‍ഡാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ റിപോര്‍ട്.
Keywords: News, Top-Headlines, Thrissur, K Surendran, Politics, Political party, Case, BJP, Trending, Kerala, State, Kodakara Hawala Case; K Surendran questioned half an hour today