Trolls | കാസര്‍കോട്ടെ കടയില്‍നിന്നും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടികൂടിയതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുന്നു; 'വെളുത്തിറ്റ് പാറാ' ഡയലോഗ് ട്രെന്‍ഡ്; പാർശ്വഫലങ്ങൾ മാരകമെന്ന് വിദഗ്ധർ
Nov 4, 2022, 20:46 IST
കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട്ടെ കടയില്‍ നിന്നും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടികൂടിയതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുന്നു. 'വെളുത്തിറ്റ് പാറാ' എന്ന ഡയലോഗാണ് ട്രെന്‍ഡിങ്ങായി നിലനില്‍ക്കുന്നത്. 'വെളുക്കാനുള്ളത്' എന്ന പേരിൽ കാസർകോട്ടെ ചില യുവാക്കൾ 'രസകരമായി' ക്രീം പ്രൊമോഷൻ നടത്തിയതിനെ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളിക്കൊല്ലുന്നതിനിടെ, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടികൂടിയെന്ന വാർത്ത കൂടി പുറത്തുവന്നതോടെ ട്രോളുകൾ കൂടുതൽ നിറഞ്ഞു. 'വര്‍ണ വിവേചനമെന്ന്' ചൂണ്ടിക്കാട്ടി ശക്തമായ പ്രതികരണങ്ങളാണ് പലരും നടത്തുന്നത്. 'അതെന്തേ കര്ത്തിറ്റ് പാറിക്കൂടെ' എന്ന പ്രതികരണത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദൈവം കനിഞ്ഞ് നല്കിയ നിറത്തെ മാറ്റിയെടുക്കാന്‍ നോക്കുന്നവര്‍ക്കുള്ള ചുട്ടമറുപടിയാണ് പ്രതികരണങ്ങളില്‍ കൂടുതലും. വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്ന പ്രതികരണവും ചിലര്‍ നടത്തുന്നുണ്ട്. വീര്യം കൂടിയ ക്രീമുകള്‍ തേച്ച് വെളുപ്പിക്കാന്‍ നോക്കുന്നത് മനസിനകത്ത് കറുപ്പ് അടിഞ്ഞ് കൂടിയവാരാണെന്ന പ്രതികരണങ്ങളും ഇക്കൂട്ടത്തിലുണ്ട്. മറ്റുള്ള രാജ്യങ്ങളില്‍ വര്‍ണവിവേചനം നടക്കുമ്പോള്‍ അതിനെതിരായി പ്രതികരിച്ചവാരായിരിക്കും നമ്മളില്‍ പലരും, പക്ഷെ ഇത് പോലുള്ള വര്‍ണ വിവേചനം പ്രൊമോട് ചെയ്യുന്നത് സങ്കടകരമാണെന്നാണ് റിശാദ് എന്ന യുവാവിന്റെ പ്രസക്തമായ കമന്റ്.
പാക്സിതാനിൽ അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്ത ഫാഇസ ക്രീം ആയിരുന്നു കാസർകോട്ടുകാർ ആദ്യം ദുബൈയിൽ ഉപയോഗിച്ച് തുടങ്ങിയത്. അതിൽ ഫലം കണ്ടതായി ചിലർ പറഞ്ഞതോടെ നാട്ടിലേക്ക് വരുന്നവർ കച്ചവടത്തിനും സുഹൃത്തുക്കൾക്കുമായി ഫാഇസ ക്രീം കൊണ്ടുവരാൻ തുടങ്ങിയപ്പോൾ കേരളം മൊത്തം അതേറ്റെടുത്തു. ഇപ്പോൾ പാനീയങ്ങൾ പല രുചിക്കൊത്ത് മിക്സ് ചെയ്യുമ്പോലെ ക്രീമും മിക്സ് ചെയ്യാൻ തുടങ്ങി.
വിദേശത്തു നിന്നും നാട്ടില്‍ നിന്നും പല പേരുകളിലായി സൗന്ദര്യ വര്‍ധക ക്രീമുകള്‍ ഉണ്ടാക്കി വില്‍ക്കുന്നുണ്ട്. വില്‍ക്കുന്ന പലര്‍ക്കും വലിയ കമീഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വീര്യം കൂടിയ ഇത്തരം ക്രീമുകള്‍ തുടര്‍ചയായി തേക്കുന്നത് വലിയ രീതിയിലുള്ള ചര്‍മ രോഗങ്ങള്‍ക്ക് കാരണമാവുന്നുണ്ടെന്നാണ് ഡ്രഗ് ഇന്റലിജന്‍സ് വിഭാഗം പറയുന്നത്. ഇത്തരം ക്രീമുകള്‍ തേച്ച് മുഖം വികൃതരായ നിരവധി പേര് ചര്‍മരോഗ വിദഗ്ധരുടെ അടുക്കല്‍ ചികിത്സ തേടി എത്തുന്നുണ്ട്.
ഇത്തരം ക്രീമുകള്‍ക്ക് ഒടുക്കത്തെ വിലയാണ് വാങ്ങുന്നത്. 100 ഗ്രാമിന്റെ ക്രീമിന് 1500 രൂപ വരെ വാങ്ങുന്നുണ്ടെന്ന് തേച്ചപ്പോള്‍ ചില മാറ്റങ്ങള്‍ കണ്ടിരുന്നുവെന്നും എന്നാല്‍ പേടി തോന്നിയതിനാല്‍ നിര്‍ത്തിയപ്പോള്‍ പഴയ രീതിയിലേക്ക് തന്നെ ചര്‍മം മാറിയെന്നും അനുഭവസ്ഥന് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വര്‍ണവിവേചനം എറ്റവും കൂടുതല്‍ കൊണ്ടാടുന്ന നാടിന്റെ പേരില്‍ വരെ ക്രീമുകള്‍ ഇറങ്ങിയിട്ടുണ്ട്. ക്രീമുകൾ ഉപയോഗിച്ച ചിലർക്ക് ശരീരത്തിൽ പൊള്ളലുകൾ ഉണ്ടായപ്പോൾ അത് ക്രീമിന്റെ പ്രശ്നം അല്ല, തൊലിയുടെ കുറവ് എന്നായിരുന്നു ക്രീം വിറ്റവരിൽ നിന്ന് ലഭിച്ച മറുപടിയെന്ന് ഇരയായവർ പറയുന്നു. യാതൊരു സുരക്ഷിതത്വവും കൂടാതെ, പണം കൊടുത്ത് വിഷം വാങ്ങുന്നത് എന്തിനെന്ന ചോദ്യമാണ് ചിലർ ഉയർത്തുന്നത്.
ക്രീമുകളും മറ്റും പതിവായി പൂശുന്ന ഒരാളുടെ ശരീരത്തിലേക്ക് പ്രതിവർഷം ഏതാണ്ട് രണ്ടുകിലോയോളം രാസവസ്തുക്കൾ കടന്നുചെല്ലുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. അവയിൽ പലതും കൊടിയ വിഷമാണ്. അർബുദം മുതൽ വന്ധ്യത വരെയുള്ള രോഗങ്ങൾക്ക് ഇത്തരം വിഷവസ്തുക്കൾ അടങ്ങിയ സൗന്ദര്യ വർധക വസ്തുക്കൾ കാരണമാകുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. പെട്ടെന്നുണ്ടാകുന്ന അലർജി പ്രശ്നങ്ങൾക്കും പത്തോ ഇരുപതോ വർഷം കഴിഞ്ഞുണ്ടാകുന്ന ചർമ പ്രശ്നങ്ങൾക്കും ഇതുപയോഗിക്കുന്നവർ ഇരയാകുന്നുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ക്രീം ഉപയോഗിക്കുന്നവരിൽ ചെറിയ പ്രായത്തിൽ തന്നെ തൊലി ചുളുങ്ങുക തുടങ്ങിയ വാർധക്യത്തിന്റെ അവസ്ഥകൾ കണ്ടുവരുന്നതായാണ് വിവരം. പരസ്യങ്ങളിലും കൂട്ടുകാരുടെ വാക്കുകൾ വിശ്വസിച്ചും മറ്റും ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നവർ ഭാവിയിൽ എന്തുസംഭവിക്കുമെന്ന് മനസിലാക്കിയിട്ടില്ല എന്നതാണ് വാസ്തവം.











