മോന്‍സണിന്റെ കളക്ഷനില്‍ കരീന കപൂറിന്റെ പേരില്‍ രെജിസ്റ്റര്‍ ചെയ്ത കാറും!
ചേര്‍ത്തല: (www.kasargodvartha.com 30.09.2021) ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രെജിസ്റ്റര്‍ ചെയ്ത കാറും മോന്‍സണിന്റെ പക്കല്‍ ഉണ്ടെന്ന് കണ്ടെത്തല്‍. ശ്രീവത്സം ഗ്രൂപുമായുള്ള കേസിനേത്തുടര്‍ന്ന് മോണ്സണ് മാവുങ്കലിന്റെ പക്കല്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത ഇരുപതോളം ആഡംബരക്കാറുകള്‍ക്കൊപ്പമാണ് പ്രശസ്ത ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രെജിസ്റ്റര്‍ ചെയ്ത കാറും കണ്ടെത്തിയത്. കാര്‍ ഒരു വര്‍ഷത്തിലധികമായി ചേര്‍ത്തല പൊലീസ് സ്റ്റേഷന് കോംപൗണ്ടില്‍ പൊടി പിടിച്ച് കിടക്കുകയാണ്.
2007 മോഡെല്‍ പോര്‍ഷെ ബോക്സ്റ്റര്‍ കാറാണ് മോന്‍സണ്‍ിന്റെ കൈവശമുണ്ടായിരുന്നത്. ശ്രീവത്സം ഗ്രൂപിന്റെ യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന കാര്‍ ഒരു കേസിനെ തുടര്‍ന്ന് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. പ്രളയത്തില്‍ നശിച്ച ആഢംബര കാറുകള്‍ ശ്രീവത്സം ഗ്രൂപുമായി ബന്ധം ആരംഭിച്ചതിന് ശേഷം മോന്സണ് അവരുടെ യാര്‍ഡിലേക്ക് മാറ്റിയിരുന്നു. പിന്നീട് ലീസ് തുക തട്ടിയെന്ന് പറഞ്ഞ് ശ്രീവത്സം ഗ്രൂപിനെതിരെ മോന്സണ് പരാതി നല്‍കിയിരുന്നു. ആറര കോടി രൂപ കൈപ്പറ്റുകയും, ബാക്കി തുക തന്നില്ലെന്നുമായിരുന്നു മോന്‍സണിന്റെ പരാതി. ഇത് വ്യാജ പരാതിയാണെന്ന നിഗമനത്തിലാണ് പൊലീസ്.
അന്ധേരി വെസ്റ്റില്‍ കരീന കപൂറിന്റെ പേരില്‍ രെജിസ്റ്റര്‍ ചെയ്ത വാഹനമാണ് ഇത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഈ കാറിന്റെ രെജിസ്ട്രേഷന് ഇത് വരെ മാറ്റാത്തത് സംബന്ധിച്ചും ഇതെങ്ങനെയാണ് മോന്‍സണിന്റെ കൈവശം എത്തിയതെന്ന് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല.
വാഹന റജിസ്ട്രഷനിലും മോന്സണ് മാവുങ്കല്‍ വലിയ ക്രമക്കേട് നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മോന്‍സന്റെ വാഹനങ്ങള്‍ വ്യജ രജിസ്ട്രേഷനിലുള്ളതാണെന്നാണ് പൊലീസ് സംഘം കണ്ടെത്തിയത്. മോന്‍സണിന്റെ പക്കലുള്ള പല ആഢംബര കാറുകളും രൂപമാറ്റം വരുത്തിയവയാണെന്നും അന്വേഷണ സംഘം കണ്ടെത്തി.
മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ ഏഴ് വാഹനങ്ങളാണ് ഉള്ളത്. അതില്‍ ഒരു വാഹനം ഒഴികെ ബാക്കിയെല്ലാം വ്യാജ നമ്പറിലുള്ള കാറുകളാണ്. മോന്‍സന്റെ പക്കലുള്ള ഫെറാറി കാര്‍ പ്രാദേശിക വര്ക്ഷോപിലൂടെ മിത്സുബിഷിയുടെ കാര്‍ രൂപമാറ്റം വരുത്തിയതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ മോടോര്‍ വാഹന വകുപ്പ് വിശദമായ അന്വേഷണം നടത്തും.
അതേസമയം, പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്സണ് മാവുങ്കല്‍ നാല് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. മോന്‍സണിന്റെ സഹായികളുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് രേഖകള്‍ ക്രൈം ബ്രാഞ്ച് പരിശോധിക്കും.