city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സപ്ത ഭാഷാ സംഗമഭൂമിയില്‍ മത്സരത്തിന് 5 ഭാഷകള്‍ കൈകാര്യം ചെയ്യാനറിയുന്ന ഇര്‍ഫാന ഇഖ്ബാല്‍ താരമാകുന്നു;യോഗ്യത ബിരുദാനന്തര ബിരുദം; എല്‍ ഡി എഫിന് മത്സരിക്കാന്‍ ആളില്ല; പൊരുതാന്‍ ബി ജെ പി

ഉപ്പള: (www.kasargodvartha.com 23.11.2020) സപ്ത ഭാഷാ സംഗമഭൂമിയില്‍ മത്സരത്തിന് അഞ്ച് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനറിയുന്ന ഇര്‍ഫാന ഇഖ്ബാല്‍ താരമാകുന്നു. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇര്‍ഫാനയുടെ യോഗ്യതയാകട്ടെ ബിരുദാനന്തര ബിരുദവും. ഇവിടെ എല്‍ ഡി എഫിന് മത്സരിക്കാന്‍ ആളില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
സപ്ത ഭാഷാ സംഗമഭൂമിയില്‍ മത്സരത്തിന് 5 ഭാഷകള്‍ കൈകാര്യം ചെയ്യാനറിയുന്ന ഇര്‍ഫാന ഇഖ്ബാല്‍ താരമാകുന്നു;യോഗ്യത ബിരുദാനന്തര ബിരുദം; എല്‍ ഡി എഫിന് മത്സരിക്കാന്‍ ആളില്ല; പൊരുതാന്‍ ബി ജെ പി



ഭാഷാ സംഗമഭൂമിയാണെങ്കിലും കന്നഡ, ഹിന്ദി, മലയാളം, ഇംഗ്ലീഷ്, ബ്യാരി ഭാഷകള്‍ ഒരു പോലെ കൈകാര്യം ചെയ്യാനറിയാവുന്ന സ്ഥാനാര്‍ത്ഥികള്‍ ഇര്‍ഫാനയല്ലതെ മറ്റാരും ഉള്ളതായി അറിവില്ല. രണ്ടോ മൂന്നോ ഭാഷകള്‍ മാത്രമേ പലര്‍ക്കും വശമുള്ളു.

എതിരാളികളുടെ നീണ്ട നിരയുള്ള മംഗല്‍പാടി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഇക്കുറി മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ ഇര്‍ഫാനയോട് നേര്‍ക്കുനേര്‍ പോരാടാന്‍ ബിജെപി മാത്രമാണുള്ളത്.

വര്‍ഷങ്ങളായി മുസ്ലിം ലീഗിന്റെ ഉരുക്ക് കോട്ടയായി അറിയപ്പെടുന്ന ഉപ്പള ഗേറ്റ് വാര്‍ഡിലാണ് എതിരാളിയെ മലര്‍ത്തിയടിക്കുന്ന പോരാട്ടത്തിന് ഒരു നാട് സാക്ഷ്യം വഹിക്കുന്നത്. രണ്ടായിരത്തില്‍പരം വോട്ടുകളുള്ള വാര്‍ഡില്‍ ബിജെപി ക്ക് 300 ല്‍ താഴെ മാത്രമാണ് വോട്ടുള്ളത്. സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവത്തില്‍ ബിജെപി വോട്ടുകള്‍ പോലും യു ഡി എഫ് പെട്ടിയില്‍ വീഴുമെന്നാണ് ലീഗ് കേന്ദ്രങ്ങളുടെ കണക്ക് കൂട്ടല്‍.

ബിജെപിയുടെ സ്വാധീന മേഖലയായ പച്ചിലമ്പാറ, ഭഗവതി നഗര്‍ പ്രദേശങ്ങളിലെ ബിജെപി കുടുംബങ്ങളില്‍ ആരും തന്നെ യു ഡി എഫ് സ്ഥാനാര്‍ഥിയായ ഇര്‍ഫാനക്കെതിരെ മത്സരിക്കാന്‍ രംഗത്ത് വന്നില്ല. പിന്നീടാണ് കുബണൂരിലെ മല്ലിക എന്ന പ്രവര്‍ത്തകയെ കൊണ്ടുവന്ന് ബി ജെ പി സ്ഥാനാര്‍ഥിയാക്കിയതെന്ന് ലീഗ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

ബിജെപി കേന്ദ്രങ്ങളില്‍ പോലും ശക്തമായ സ്വാധീനമുള്ള യു ഡി എഫ് സ്ഥാനാര്‍ഥിയുടെ ആദ്യ പ്രചരണം പാവപ്പെട്ട വീടുകള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് പ്രാമുഖ്യം നല്‍കുന്ന വികസന പ്രവര്‍ത്തനത്തിന് മാര്‍ഗ്ഗരേഖയുണ്ടാക്കി ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെക്കാനുള്ള ഇര്‍ഫാനയുടെ തീരുമാനം വോട്ടെടുപ്പിന് മുമ്പേ ജനം അംഗീകരിച്ചതായാണ് ലീഗ് നേതൃത്വം അവകാശപ്പെടുന്നത്.

എന്നാല്‍ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബി ജെ പി സ്ഥാനാര്‍ത്ഥി. മല്ലികവാര്‍ഡിന് പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥിയെന്ന ലീഗിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബി ജെ പി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. രണ്ടാം വാര്‍ഡായ ഉപ്പള ഗേറ്റിലെ വോട്ടര്‍ തന്നെയാണ് മല്ലിക. ഇതേ വാര്‍ഡിലെ ഭഗവതി നഗറിലാണ് സ്വന്തം വീട്. കുബണ്ണൂരിലേക്ക് വിവാഹം കഴിഞ്ഞ് പോയതാണ്.

പ്ലസ് ടു കഴിഞ്ഞ മല്ലിക 10 വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്തുള്ള ബി ജെ പിയുടെ പ്രവര്‍ത്തകയാണ്. വാര്‍ഡിലെ ജനങ്ങള്‍ക്കെല്ലാം സുപരിചിതയാണ്. മഹിളാമോര്‍ച്ച എക്‌സിക്യൂട്ടീവ് അംഗമായിരുന്ന മല്ലിക ഉപ്പളയിലെ ഭജനമന്ദിരം സെക്രട്ടറിയായത് കൊണ്ടാണ് പാര്‍ട്ടി പദവികള്‍ വേണ്ടെന്ന് വെച്ചത്.

500 ഓളം ഉറച്ച ബി ജെ പി വോട്ടുകള്‍ വാര്‍ഡില്‍ ബി ജെ പിക്കുണ്ട്. വാര്‍ഡില്‍ ലീഗും - എല്‍ ഡി എഫും അവിശുദ്ധ സഖ്യം ഉണ്ടാക്കിയതിനാലാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതിരുന്നതെന്നും ബി ജെ പി. ആരോപിക്കുന്നു.

അവിശുദ്ധ സഖ്യത്തില്‍ അമര്‍ഷമുള്ള വോട്ടര്‍മാര്‍ ബി ജെ പിക്ക് വോട്ട് ചെയ്യുമെന്നും ഇത് വഴി വിജയം നേടാന്‍ കഴിയുമെന്നുമാണ് ബി ജെ പി നേതൃത്വം അവകാശപ്പെടുന്നത്. ലീഗിന്റെ സ്ഥാനാര്‍ത്ഥിക്ക് പൊതുപ്രവര്‍ത്തനവുമായി യാതൊരു ബന്ധവും നാളിതുവരെ ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടുതന്നെ ജനങ്ങളെ 10 വര്‍ഷത്തിലധികമായി അടുത്തറിയുന്ന മല്ലികയ്ക്ക് വിജയ സാധ്യത ഏറെയാണെന്നും ബി ജെ പി നേതൃത്വം വ്യക്തമാക്കുന്നു.

പുതുമുഖവും, ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശിനിയുമായ ഇര്‍ഫാനയുടെ കന്നി തിരെഞ്ഞെടുപ്പാണ് ഇത്. ഉന്നത വിദ്യഭാസമുള്ള ഇവര്‍ മംഗളൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും തന്റെ സേവനം ലഭ്യമാക്കാന്‍ പരിശ്രമിക്കുമെന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നയുടനെ ഇര്‍ഫാന നാട്ടുകാരെ അറിയിച്ചിരുന്നു.

ഇതാണ് രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഇര്‍ഫാനയുടെ സ്ഥാനാര്‍ഥിത്വത്തെ പൊതുവില്‍ അംഗീകരിക്കുന്നതെന്ന് യു ഡി എഫ് നേതാക്കള്‍ പറയുന്നത്. ജയിച്ചാല്‍ ഇര്‍ഫാന പഞ്ചായത്ത് പ്രസിഡണ്ടാകാനുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞ കാലങ്ങളില്‍ ഈ വാര്‍ഡില്‍ നിന്നും ജയിച്ചവരെ പഞ്ചായത്ത് പ്രസിഡണ്ടാക്കിയുള്ള ചരിത്രമാണ് ലീഗിനുള്ളത്.

Keywords:  Uppala, News, Election, Women, Trending, Top-Headlines, BJP, LDF, Muslim-league, Kasaragod, Kerala, Irfana Iqbal becoming the star of the competition
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia