India's first Sologamy | ആഭരണങ്ങളണിഞ്ഞ്, ചുവന്ന സാരിയില്‍ അതീവ സുന്ദരിയായി മണ്ഡപത്തിലിരുന്ന് മംഗല്യസൂത്രവും സിന്ദൂരവും അവള്‍ സ്വയം അണിഞ്ഞു; നിശ്ചയിച്ച തീയതിക്ക് 2 ദിവസം മുമ്പേ മെഹന്ദി, ഹല്‍ദി തുടങ്ങിയ എല്ലാ ചടങ്ങുകളും നടത്തി ക്ഷമ ബിന്ദു വിവാഹിതയായി, ചിത്രങ്ങള്‍ കാണാം
വഡോദര: (www.kasargodvartha.com) കേട്ടവരില്‍ അമ്പരപ്പും അങ്കലാപ്പും സൃഷ്ടിച്ച് വാര്‍ത്താ പ്രാധാന്യം നേടിയ ഗുജറാത് യുവതി ക്ഷമ ബിന്ദു സ്വയം വിവാഹിതയായി. നിശ്ചയിച്ച തീയതിക്ക് രണ്ട് ദിവസം മുമ്പേയാണ് 24 കാരി വിവാഹിതയായത്. പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വിവാദങ്ങള്‍ ഇല്ലാതിരിക്കാനും വേണ്ടിയാണ് നിശ്ചയിച്ച തീയതിക്കും മുമ്പേ വിവാഹച്ചടങ്ങ് നടത്തിയതെന്ന് അവര്‍ പറഞ്ഞു. നേരത്തെ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ എതിര്‍പിനെ തുടര്‍ന്ന് ക്ഷമയുടെ വീട്ടിലായിരുന്നു ചടങ്ങുകള്‍.
മെഹന്ദി, ഹല്‍ദി തുടങ്ങിയ എല്ലാ ചടങ്ങുകളും ഈ വിവാഹത്തിലും നടത്തിയിരുന്നു. ചുവന്ന സാരിയില്‍, ആഭരണങ്ങളണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് ക്ഷമ മണ്ഡപത്തിലെത്തിയത്. തുടര്‍ന്ന് മംഗല്യസൂത്രവും സിന്ദൂരവും സ്വയം അണിഞ്ഞു. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
വിവാഹത്തിന് ശേഷം വീഡിയോ സന്ദേശത്തിലൂടെ ക്ഷമ എല്ലാവര്‍ക്കും നന്ദി അറിയിച്ചു. എനിക്ക് സന്ദേശമയയ്ക്കുകയും എന്നെ അഭിനന്ദിക്കുകയും കൂടെ നില്‍ക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറയുന്നുവെന്ന് അവര്‍ ഫേസ്ബുകില്‍ പറഞ്ഞു. വിവാഹച്ചിത്രങ്ങള്‍ ക്ഷമ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.
'സ്വയം അംഗീകരിക്കാനുള്ള മനസാണ് സ്വയം വിവാഹം എന്നത്. തന്നോട് തന്നെ നിരുപാധികമായ സ്‌നേഹമാണ്. ആളുകള്‍ അവര്‍ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം കഴിക്കുന്നു. ഞാന്‍ എന്നെത്തന്നെ സ്‌നേഹിക്കുന്നു, അതിനാല്‍ എന്നെ തന്നെ വിവാഹം ചെയ്യുന്നു. മാതാപിതാക്കള്‍ തുറന്ന മനസുള്ളവരാണെന്നും അവര്‍ വിവാഹത്തിന് സമ്മതിച്ചെന്നും അനുഗ്രഹം നല്‍കിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. ഗോത്രിയിലെ ഒരു ക്ഷേത്രത്തില്‍ തന്റെ വിവാഹം നടത്താനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഹണിമൂണ്‍ യാത്ര ഗോവയിലേക്കാണ് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്'- ഒരു സ്ഥാപനത്തിലെ ജീവനക്കാരിയായ ക്ഷമ പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് സ്വയം വിവാഹം കഴിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ക്ഷമ വാര്‍ത്തകളില്‍ ഇടം നേടിയത്. രാജ്യത്തെ ആദ്യത്തെ സോളോഗമി (സ്വയം വിവാഹിത) ആയിരിക്കുമെന്നും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
Keywords: news,National,India,Top-Headlines,Trending,marriage,Social-Media, India's first 'sologamy': Gujarat woman Kshama Bindu marries herself with proper wedding rituals, See pics