കെഎസ്ആര്‍ടിസിയുടെ കെ-സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പെട്ടു; സംഭവം താമരശേരി ചുരത്തില്‍
വയനാട്: (www.kasargodvartha.com 14.04.2022) കെഎസ്ആര്‍ടിസിയുടെ കെ-സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പെട്ടു. താമരശേരി ചുരത്തിലെ ആറാം വളവ് തിരിയുന്നതിനിടെ ബസ് പാര്‍ശ്വഭിത്തിയില്‍ തട്ടിയാണ് ഇത്തവണ അപകടമുണ്ടായത്. ഇതുകൂടി ചേര്‍ത്ത് നാലാം തവണയാണ് കെ സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പെടുന്നത്.
ഇതിന് മുന്‍പ് രണ്ട് ദിവസങ്ങളിലായി മൂന്ന് തവണയാണ് വിവിധയിടങ്ങളില്‍വച്ച് ബസുകള്‍ അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച വൈകിട്ട് ഏഴരയ്ക്ക് തലസ്ഥാനത്ത് നിന്ന് പുറപ്പെട്ട ഡീലക്‌സ് എയര്‍ ബസാണ് വയനാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ അപകടത്തില്‍പെട്ടത്. യാത്രക്കാര്‍ക്ക് അപകടമൊന്നുമുണ്ടായിട്ടില്ല.
തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമാണ് ആദ്യം അപകടമുണ്ടായത്. അപകടത്തില്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകിയിരുന്നു.
രാവിലെ അഞ്ചരയ്ക്ക് തൃശൂര്‍ കുന്നുംകുളത്ത് വച്ചും കെ സ്വിഫ്റ്റ് ബസ് അപകടത്തില്‍പെട്ടിരുന്നു. വാനിടിച്ച് നിലത്തുവീണ തമിഴ്‌നാട് സ്വദേശി പരസ്വാമിയുടെ കാലില്‍ക്കൂടി കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇദ്ദേഹം മരിക്കുകയും ചെയ്തു. മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചത് പിക് അപ് വാനാണെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നേരത്തേ കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസിടിച്ചാണ് ഇദ്ദേഹം മരിച്ചതെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
ആദ്യമുണ്ടായ അപകടത്തില്‍ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കുമെന്നും കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ പ്രതികരിച്ചിരുന്നു. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന് പിന്നില്‍ സ്വകാര്യ ബസ് ലോബിയാണെന്നും അടിയന്തര അന്വേഷണം വേണമെന്നുമാണ് കെഎസ്ആര്‍ടിസി എംഡി പറഞ്ഞത്.
Keywords: News, Top-Headlines, Trending, KSRTC, KSRTC-bus, Accident, Fourth Accident to K Swift in Thamarassery Pass