കാല്‍പന്തുകളുടെ ഗോളടിക്കാന്‍ ഇനി 'ഹയ്യ ഹയ്യ': ഖത്വര്‍ ലോകകപിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി ഫിഫ, വീഡിയോ
Apr 2, 2022, 10:20 IST
ദോഹ: (www.kasargodvartha.com 02.04.2022) ഖത്വര്‍ ലോകകപിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷനായ ഫിഫ. 'ഹയ്യ ഹയ്യ' എന്നാണ് ഗാനത്തിന്റെ പേര്. 'മികവോടെ ഒരുമിച്ച് നില്ക്കുക' എന്ന സന്ദേശത്തോടെയാണ് 2022ലെ ഫിഫ ലോകകപിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയത്.
വ്യത്യസ്ത സംഗീതശാഖകള്‍ കോര്‍ത്തിണക്കിയതാണ് ലോകകപിന്റെ ഔദ്യോഗിക ഗാനം. അമേരികന്‍ ഗായകന് ട്രിനിഡാഡ് കാര്‍ഡോണ, നൈജീരിയന്‍ ഗായകന് ഡേവിഡോ, ഖത്തറിലെ ഏറ്റവും പ്രശസ്ത ഗായികയായി ഐഷ എന്നിവരാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
ഖത്വര്‍ ലോകകപിന്റെ ഭാഗ്യചിഹ്നവും പുറത്തിറക്കിയിട്ടുണ്ട്. പ്രതിഭാധനനായ കളിക്കാരന് എന്നര്‍ഥം വരുന്ന 'ല ഈബ്' എന്നാണ് ഭാഗ്യചിഹ്നത്തിന്റെ പേര്. നവംബര്‍ 21നാണ് അറേബ്യന്‍ നാട് ആതിഥേയരാവുന്ന ആദ്യ ഫുട്ബോള്‍ ലോകകപിന് തുടക്കമാവുക. ആതിഥേയരായ ഖത്വര്‍ ഉദ്ഘാടന മത്സരത്തില്‍ ഇക്വഡോറിനെ നേരിടും.
ദോഹയിലെ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ ഗ്രൂപ് ഘട്ട നറുക്കെടുപ്പ് നടക്കുകയും ചെയ്തു. റഷ്യന്‍ ലോകകപിന് ശേഷം അന്തരിച്ച ഇതിഹാസ താരങ്ങളെ അനുസ്മരിച്ചായിരുന്നു ഖത്വര്‍ ലോകകപിന്റെ നറുക്കെടുപ്പ്. ഗോര്‍ഡണ്‍ ബാങ്ക്സ്, ഡീഗോ മറഡോണ, പൗളോ റോസി, ഡെര്ഡ് മുളര്‍ എന്നിവരെയാണ് ചടങ്ങില്‍ അനുസ്മരിച്ചത്. ഏഷ്യ വേദിയാവുന്ന രണ്ടാമത്തെ ലോകകപില്‍ കിരീടധാരണം ഡിസംബര്‍ 18ന് നടക്കും.
Keywords: News, World, International, Qatar, Doha, Football, Sports, Gulf, Top-Headlines, Trending, FIFA World Cup 2022: FIFA released official song