തിരുപ്പതി ക്ഷേത്രത്തില്‍ 743 ജീവനക്കാര്‍ക്ക് കോവിഡ്; മരണം നാലായി
മംഗളൂരു: (www.kasargodvartha.com 11.08.2020) ആന്ധ്രയിലെ വിഖ്യാത തീര്‍ത്ഥാടന കേന്ദ്രമായ തിരുമല തിരുപ്പതി ക്ഷേത്രത്തിലെജീവനക്കാരും അനുബന്ധ പ്രവര്‍ത്തകരുമുള്‍പ്പെടെ 743 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടര മാസം ദര്‍ശന വിലക്കേര്‍പ്പെടുത്തിയ ക്ഷേത്രം ജൂണ്‍ 11നാണ് വീണ്ടും ഭക്തര്‍ക്കായി തുറന്നത്. മുന്‍ മുഖ്യ പൂജാരി ശ്രിനിവാസ് ദിക്ഷിതുലു(73) കൊറോണ ബാധിച്ച് മരിച്ചു. പിന്നാലെമൂന്ന് ജീവനക്കാരേയും കൊവിഡ് കൊണ്ടുപോയി.
രോഗബാധിതരില്‍ ക്ഷേത്രജീവനക്കാരെ കൂടാതെ പ്രത്യേക സുരക്ഷാ സേന,വിജിലന്‍സ്, ശുചീകരണം വിഭാഗങ്ങളിലുള്ളവരും ഉള്‍പ്പെടുമെന്ന് ക്ഷേത്രം ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനില്‍ കുമാര്‍ സിംഗാള്‍ പറഞ്ഞു.രോഗബാധിതര്‍ക്ക് ശ്രീനിവാസ നിവാസം,വിഷ്ണു നിവാസം, പത്മാവതി നിലയം തുടങ്ങി വിവിധ ഗസ്റ്റ് ഹൗസുകളില്‍ ചികിത്സ നല്‍കിവരുന്നു.കൂടാതെ തിരുപ്പതി ആര്‍യുഐഎ ആശുപത്രി,ശ്രീ വെങ്കിടേശ്വര ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ മാസം 2.38 ലക്ഷം പേര്‍ ക്ഷേത്രദര്‍ശനത്തിന് എത്തി.ജൂണ്‍ 11 മുതല്‍ ദിവസം12000 എന്ന നിലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം ക്രമീകരിച്ചിരുന്നു. മഹാമാരി വകവെക്കാതെ വരുമാനമുണ്ടാക്കാനാണ് ക്ഷേത്രം ട്രസ്റ്റ് അധികൃതര്‍ ശ്രദ്ധിക്കുന്നതെന്ന ആക്ഷേപങ്ങള്‍ ചെയര്‍മാന്‍ വൈ.യു.സുബ്ബ റെഡ്ഢി തള്ളി.മുന്‍കരുതലുകള്‍ക്ക് ട്രസ്റ്റ് വലിയ തുക വിനിയോഗിച്ചു വരുന്നുണ്ട്. മുന്‍ മുഖ്യ പൂജാരിയുടെ മരണം കഴിഞ്ഞ മാസം 19നാണ് സംഭവിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതിന്റെ പേരില്‍ ദര്‍ശനവിലക്ക് ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ട്രസ്റ്റ് ഉപദേശകന്‍ എ.വി.രമണ ദിക്ഷിതുലു നല്‍കിയിരുന്നു.
എന്നാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം നിരാകരിക്കുകയായിരുന്നുവെന്ന് റെഡ്ഢി പറഞ്ഞു. ദര്‍ശനത്തിനായി ഒരുക്കിയ ക്രമീകരണങ്ങള്‍, താമസം, കല്ല്യാണ മണ്ഡപം, ലഡ്ഡു, അന്നപ്രസാദം തുടങ്ങിയവയിലെല്ലാം ഭക്തജനങ്ങള്‍ അതീവ സന്തുഷ്ടരാണ്. തിരുപ്പതിയില്‍ മാത്രമായി രോഗം വര്‍ധിക്കുന്നില്ല. സംസ്ഥാനവും രാജ്യം തന്നേയും നേരിടുന്ന പ്രശ്‌നത്തിന് സമാനമാണതെന്ന് അദ്ദേഹം വ്യക്തമാക്കി. ആന്ധ്രയില്‍ ഇതിനകം 1,39 ലക്ഷം പേര്‍ കോവിഡ് ബാധിതരാവുകയും രണ്ടായിരത്തിലേറെ മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.