കോവിഡ് രോഗം പടരുന്നു; പരപ്പയില്‍ മൂന്ന് ദിവസം ലോക്ഡൗണ്‍
വെള്ളരിക്കുണ്ട്: (www.kasargodvartha.com 07.10.2020) കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പയില്‍ വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന ജാഗ്രതാ സമിതിയോഗം തീരുമാനിച്ചു.
നിലവില്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന പരപ്പയില്‍ ബുധനാഴ്ച കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചതോടെയാണ് പരപ്പയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും പോലീസും തീരുമാനിച്ചത്.
പഞ്ചായത്ത് ജാഗ്രത സമിതി തീരുമാനം ലംഘിച്ച് കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചാല്‍ തുറന്ന കടകള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ച് കേസെടുക്കുകയും കടയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുന്നതായിരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിധുബാല അറിയിച്ചു.
പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് വെള്ളരിക്കുണ്ട് സി ഐ കെ പ്രേം സദനും അറിയിച്ചു.
Keywords: Kasaragod, Kerala, News, COVID-19, Vellarikundu, Parappa, Trending, Covid disease spreads; Lockdown for three days in parappa