രോഗം പടർത്തിയെന്ന് കുറ്റപ്പെടുത്തിയവരെ തിരിഞ്ഞ് കുത്തി അമീറിൻ്റെ വാക്കുകൾ
Apr 13, 2020, 21:24 IST
കാസര്‍കോട്: (www.kasargodvartha.com 13.04.2020) രോഗം പടര്‍ത്തിയെന്ന് കുറ്റപ്പെടുത്തിയവരെ തിരിഞ്ഞ് കുത്തി അമീറിന്റെ വാക്കുകള്‍. വിരല്‍ ചൂണ്ടുന്നത് ജില്ലാ ഭരണകൂടത്തിന് നേരെയാണ്. കോവിഡ് രോഗത്തില്‍ നിന്നും മുക്തി നേടി കഴിഞ്ഞ ദിവസം ആശുപത്രി വിട്ട 28 പേരില്‍ ഒരാള്‍ അമീര്‍ ആയിരുന്നു. താന്‍ ഒരാള്‍ക്കും രോഗം പടര്‍ത്തിയിട്ടില്ലെന്നാണ് പുറത്തിറങ്ങിയ ശേഷം അമീര്‍ പ്രതികരിച്ചത്. തന്റെ ബന്ധുക്കള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ, നാട്ടുകാര്‍ക്കോ പോലും തന്നില്‍ നിന്ന് രോഗം പകര്‍ന്നിട്ടില്ലെന്നും എന്നിട്ടും തനിക്കെതിരെ ബോധപൂര്‍വ്വമായ വ്യാജ പ്രചരണമാണ് ചിലരുടെ ഭാഗത്ത് നിന്നും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അമീര്‍ കുറ്റപ്പെടുത്തുന്നു.
നിര്‍ദേശങ്ങള്‍ പാലിക്കാതെ കറങ്ങി നടന്ന് നൂറ് കണക്കിന് പേര്‍ക്ക് രോഗം പടര്‍ത്തിയെന്നായിരുന്നു അമീറിനെതിരെയുണ്ടായിരുന്നു ആരോപണം. ഇതിന്റെ പേരില്‍ അമീറിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ചെറിയ പനി മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അതിനാലാണ് പുറത്തിറങ്ങിയതെന്നുമാണ് അമീര്‍ പറയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആശുപത്രി അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ ജനാല വഴി പുറത്തേക്ക് തുപ്പിയെന്നും മറ്റുമുള്ള വ്യാജ ശബ്ദ സന്ദേശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ പ്രചരിപ്പിച്ചതായും അമീര്‍ ആരോപിക്കുന്നു. തനിക്കെതിരെ നടന്ന പ്രചരണങ്ങളൊന്നും സത്യമായിരുന്നില്ലെന്ന് തെളിഞ്ഞില്ലേയെന്നാണ് അമീര്‍ ഇപ്പോള്‍ ചോദിക്കുന്നത്.
മുബൈയിലേക്ക് തുണിത്തരങ്ങളും പ്രോട്ടീന്‍ പൗഡറും കോസ് മെറ്റിക്ക് സാധനങ്ങളും കൊണ്ടുവരാനാണ് ഇടയ്ക്കിടെ ദുബൈയിലേക്ക് പോയിരുന്നത്. ഇതിന് തന്നെ സ്വര്‍ണ കള്ളക്കടത്തുകാരനായി ചിത്രീകരിക്കുകയായിരുന്നു. ഏത് തരത്തിലുള്ള അന്വേഷണം നേരിടാനും താന്‍ തയ്യാറാണെന്നും അമീര്‍ വ്യക്തമാക്കുന്നു.
സമൂഹ വ്യാപനത്തിന് കാരണമാകുന്ന രീതിയില്‍ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന് കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, പോലീസ് ആക്ട് അടക്കമുള്ള കുറ്റം ചുമത്തിയാണ് അമീറിനെതിരെ കേസെടുത്തത്. കേസ് കേസിന്റെ വഴിക്ക് പോകുമെന്നാണ് അമീറും പോലീസും ഒരേ പോലെ വ്യക്തമാക്കുന്നത്. എന്നാല്‍ സമൂഹ വ്യാപനം ഉണ്ടാക്കിയെന്നതിന് പോലീസിന്റെയോ, ജില്ലാ ഭരണകൂടത്തിന്റെയോ ഭാഗത്ത് നിന്നും അമീറിനെതിരെ നിരത്താന്‍ എന്തുണ്ട് തെളിവ് എന്നതാണ് പ്രസക്തമാകുന്ന ചോദ്യം.
< !- START disable copy paste -->