നാലുപേരുടെ മരണത്തിന് ഇടയാക്കിയ ഉപ്പള വാഹനാപകടത്തിന് കാരണം കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് സംശയിക്കുന്നതായി പോലീസ്; കണ്ടെയ്നര്‍ ഡ്രൈവര്‍ അറസ്റ്റില്‍
Jan 4, 2017, 13:08 IST
ഉപ്പള: (www.kasargodvartha.com 04/01/2017) മംഗല്പാടി പഞ്ചായത്ത് ഓഫീസിന് സമീപം കണ്ടെയിനര്‍ ലോറിയില്‍ സ്വിഫ്റ്റ് കാറിടിച്ച് നാലുപേര്‍ മരിച്ച സംഭവത്തിന് ഇടയാക്കിയത് കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതിനാലാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. തൃശൂര്‍ ചേലക്കരയിലെ ആയുര്‍വേദ ഡോക്ടര്‍ രാമനാരായണന്‍ (55), ഭാര്യ വത്സല (38), മകന് രഞ്ജിത്ത് (20), സുഹൃത്ത് നിധിന് (20) എന്നിവരാണ് മരിച്ചത്. രഞ്ജിത്ത് സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്ത് മാതാപിതാക്കള്‍ക്കും അതേകോളജില്‍ പഠിക്കുന്ന സുഹൃത്ത് നിധിനുമൊപ്പം ക്രിസ്തുമസ് അവധികഴിഞ്ഞ് തൃശ്ശൂരില്‍നിന്നും മംഗളൂരുവിലെ കോളജിലേക്ക് മടങ്ങിപോവുകയായിരുന്നു.
കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ഷിപ്പിംഗ് കമ്പനിയുടെ കെ എ 19 എ ബി 4832 നമ്പര്‍ കണ്ടെയ്നര്‍ ലോറിയുമായാണ് ഇവര്‍ സഞ്ചരിച്ച കെ എല്‍ 48 ഡി 3969 നമ്പര്‍ സ്വിഫ്റ്റ് കാര്‍ കൂട്ടിയിടിച്ചത്. ടാങ്കര്‍ ലോറി ശരിയായ ദിശയില്തന്നെയായിരുന്നതുകൊണ്ട് അപകടം കാര്‍ ഡ്രൈവര്‍ ഉറങ്ങിയതിനാലാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കണ്ടെയിനര്‍ ലോറിയുടെ ഡ്രൈവര്‍ തമിഴ്നാട് മധുരെ സ്വദേശി മണികണ്ഠനെ (42) കുമ്പള സി ഐ വിവി മനോജ് അറസ്റ്റുചെയ്തിട്ടുണ്ട്.
തൃശ്ശൂര്‍ ചേലക്കരയിലെ പ്രമുഖ ആയുര്‍വേദ ഡോക്ടറാണ് മരിച്ച രാമനാരായണന്‍. ഇവരുടെ മരണവിവരം അറിഞ്ഞ് ബന്ധുക്കള്‍ തൃശ്ശൂരില്‍നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെ ഇവര്‍ കാസര്‍കോട്ടെത്തുമെന്ന് കുമ്പള സി ഐ മനോജ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അപകടം സംബന്ധിച്ച് ലോറി ഡ്രൈവറില്‍നിന്നും പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ കാറിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. കാര്‍ പാടെ തകര്‍ന്നതിനാല്‍ മരിച്ചവരെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എല്ലാവര്ക്കും മാരകമായി പരിക്കേറ്റിരുന്നു. ഇവരുടെ മൃതദേഹം മംഗല്പാടി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ വിട്ടുകൊടുക്കും.
ആന്തരിക രക്തസ്രാവംമൂലമാണ് എല്ലാവരും മരിച്ചത്. അപകടത്തെതുടര്‍ന്ന് ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. റോഡില്‍ പരന്നൊഴുകിയ രക്തവും മറ്റും ഫയര്‍ഫോഴ്സ് വെള്ളംചീറ്റി വൃത്തിയാക്കുകയായിരുന്നു.
Related News:
ഉപ്പളയില്‍ കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാലു പേര് മരിച്ചു
Keywords: Uppala, Accident, Death, Kerala, Kasaragod, Car Accident, Trucker, Driver, Arrested, Uppala accident: Lorry driver arrested