city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അവസാന നിമിഷം ട്രെയിൻ റദ്ദാക്കി, ഒടുക്കം നാടുമില്ല, വാടക വീടുമില്ല, നൂറുകണക്കിന് അതിഥി തൊഴിലാളികൾ വഴിയാധാരമായി, പ്രതികരിക്കാതെ അധികൃതർ

കാസര്‍കോട്: (www.kasargodvartha.com 30.05.2020) പുറപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് ട്രെയിൻ റദ്ദാക്കിയെന്ന അറിയിപ്പ് വന്നതോടെ നാടും വാടക വീടും നഷ്ടപ്പെട്ട നൂറുകണക്കിന് അതിഥി തൊഴിലാളികൾ വഴിയാധാരമായി. കുട്ടികളും സ്ത്രീകളുമടക്കം കുടുംബസമേതം തിരിച്ചെത്തിയ നൂറുകണക്കിന് ഉത്തർപ്രദേശ് സ്വദേശികളാണ് ഇപ്പോൾ ചെകുത്താനും കടലിലും എന്ന മട്ടിലായത്. നാട്ടിലേക്ക് തിരിച്ചുപോകാൻ കഴിയുമെന്നതിനാൽ നിലവിൽ താമസിക്കുന്ന വാടക വീടും മറ്റും ഒഴിവാക്കിയാണ് ഇവർ കാസർകോട് നഗരസഭാ ഓഫിസ് പരിസരത്ത് എത്തിയത്. എന്നാൽ അവസാന നിമിഷം ട്രെയിന്‍ റദ്ദാക്കിയതോടെ എങ്ങോട്ടു പോകുമെന്നറിയാതെ കണ്ണീർക്കയത്തിലാണിവർ.

രാത്രി ഏഴുമണിക്ക് യു പിയിലേക്ക് ട്രെയിന്‍ ഉണ്ടെന്നും കാഞ്ഞങ്ങാട്ടുനിന്ന് ഈ ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങാമെന്നുമാണ് അതിഥിതൊഴിലാളികളെ അധികൃതര്‍ അറിയിച്ചിരുന്നത്. നാട്ടില്‍ പോകുന്നതിന് മുന്നോടിയായി കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ ഹാജരാക്കണമെന്ന നിര്‍ദേശവും ഇവര്‍ക്ക് ലഭിച്ചിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകള്‍ അടക്കമുള്ള യു.പി സ്വദേശികള്‍ ഇന്നലെ രാത്രി 10 മണിവരെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തി. മണിക്കൂറുകൾ ക്യൂ നിന്ന് പരിശോധന കഴിഞ്ഞശേഷം രാവിലെയോടെ തന്നെ മിക്കവരും എത്തി. എന്നാൽ പകൽ 11.30ഓടെ ട്രെയിൻ റദ്ദാക്കിയെന്ന അറിയിപ്പാണ് പ്രതീക്ഷയോടെ കാത്തുനിന്ന തൊഴിലാളികൾക്ക് ലഭിച്ചത്. തിരിച്ചുപോകുന്നതിനുള്ള നടപടിക്രമം പുരോഗമിക്കുമ്പോഴാണ് രാത്രി പോകേണ്ട ട്രെയിന്‍ റദ്ദാക്കിയതായുള്ള വിവരം കിട്ടിയത്.

കാസര്‍കോട്, ഫോര്‍ട്ട് റോഡ്, വിദ്യാനഗര്‍ ഭാഗങ്ങളിലായി വാടക ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശികളാണ് നാട്ടിലേക്ക് മടങ്ങാമെന്ന അധികൃതരുടെ ഉറപ്പില്‍ വിശ്വസിച്ച് എത്തി വഞ്ചിതരായത്. പ്രത്യേക സർവീസ് നടത്തേണ്ട ട്രെയിനിന്റെ എൻജിൻ തകരാറിലാണെന്നും ഈ സാഹചര്യത്തിൽ സർവീസ് റദ്ദാക്കുകയാണെന്നുമാണ് അധികൃതരുടെ വിശദീകരണം. വാടകവീടും കൂടി ഒഴിവാക്കിയതോടെ എവിടെ താമസിക്കുമെന്ന തൊഴിലാളികളുടെ ചോദ്യത്തിന് പക്ഷെ മറുപടിയില്ല.

തൊഴിലാളികളെ യാത്രയാക്കാൻ വന്നപ്പോഴാണ് ട്രെയിൻ റദ്ദാക്കിയ വിവരം അറിയുന്നതെന്നും ബദൽ സംവിധാനം ഏർപ്പെടുത്തിക്കൂടേ എന്ന ചോദ്യത്തിന് മറുപടി ലഭിച്ചില്ലെന്നും കാസർകോട് നഗരസഭാ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം 'കാസർകോട് വാർത്തയോട്' പറഞ്ഞു.
അവസാന നിമിഷം ട്രെയിൻ റദ്ദാക്കി, ഒടുക്കം നാടുമില്ല, വാടക വീടുമില്ല, നൂറുകണക്കിന് അതിഥി തൊഴിലാളികൾ വഴിയാധാരമായി, പ്രതികരിക്കാതെ അധികൃതർ

ശനിയാഴ്ച രാത്രിയാണ് ഉത്തർപ്രദേശിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തേണ്ടിയിരുന്നത്. ട്രെയിന്‍ റദ്ദാക്കിയെന്ന് അറിഞ്ഞതോടെ അതിഥിതൊഴിലാളികള്‍ പ്രതിഷേധിച്ചു. നാട്ടിലേക്ക് മടങ്ങാമെന്ന് കരുതി സന്തോഷത്തിലായിരുന്നു. ജോലി ഇല്ലാത്തതിനാല്‍ ഇവര്‍ പട്ടിണിയിലായിരുന്നു. കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ കഷ്ടപ്പാടിലായിരുന്നു. എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്ന ആഗ്രഹമായിരുന്നു ഇവര്‍ക്ക്. നാട്ടില്‍ പോകാനാകുമെന്ന് കരുതി വാടക ക്വാര്‍ട്ടേഴ്‌സുകളെല്ലാം ഒഴിഞ്ഞു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് തങ്ങള്‍ക്കറിയില്ലെന്ന്  അതിഥി തൊഴിലാളികളായ സലാവത്ത് അലിയും സോനുവും ചോദിക്കുന്നു.

മുന്നറിയിപ്പ് പോലുമില്ലാതെ അവസാന നിമിഷം ട്രെയിൻ റദ്ദാക്കിയത് ക്രൂരതയാണെന്നും ജില്ലാ അധികൃതർ ഇക്കാര്യത്തിൽ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും എൻ എ നെല്ലിക്കുന്ന് എം എൽ എ ആവശ്യപ്പെട്ടു. വാടകവീടുകൾ ഒഴിഞ്ഞ് നാട്ടിലേക്ക് പോകാൻ വന്ന നിരവധി കുടുംബങ്ങളാണ് ഇപ്പോൾ തെരുവിലായിരിക്കുന്നത്. എന്ത് പറഞ്ഞാണ് ഇവരെ സമാധാനിപ്പിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
അവസാന നിമിഷം ട്രെയിൻ റദ്ദാക്കി, ഒടുക്കം നാടുമില്ല, വാടക വീടുമില്ല, നൂറുകണക്കിന് അതിഥി തൊഴിലാളികൾ വഴിയാധാരമായി, പ്രതികരിക്കാതെ അധികൃതർ

അതേസമയം, സംഭവത്തിൽ പ്രതികരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. പലതവണ 9496049700 എന്ന നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഇത് സ്വിച്ചോഫ് ആണെന്നാണ് പറയുന്നത്. വിഷയം വിവാദമായതോടെ സംഭവത്തെപ്പറ്റി പ്രതികരിക്കാൻ ജില്ലാ ഭരണകൂടവും തയ്യാറാകുന്നില്ല. ട്രെയിൻ റദ്ദാക്കിയ വിവരം അറിഞ്ഞതോടെ അതിഥിതൊഴിലാളികളും കുടുംബാംഗങ്ങളും നഗരസഭാ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. സാമൂഹിക അകലം പാലിക്കാതെ കൂടി നിന്ന് പ്രതിഷേധമുയര്‍ത്തുകയായിരുന്ന അതിഥി തൊഴിലാളികളെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. വാടകവീടുകളിലേക്ക് മടങ്ങിപോകാമെന്നും വീട്ടുടമസ്ഥൻ കയറ്റിയില്ലെങ്കിൽ വിവരം അറിയിക്കണമെന്നും പോലീസ് പറഞ്ഞു. വാടകവീട് ലഭ്യമാക്കുന്നതിനാവശ്യമായ സമ്മർദ്ദം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. എങ്കിലും കടുത്ത അനിശ്ചിത്വത്തിലാണ് അതിഥി തൊഴിലാളികൾ.


Keywords: Kasaragod, Kerala, News, Train, Employees, Train canceled makes Guest employee in trouble

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia