പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താണ വിദ്യാര്‍ത്ഥിയെ ടിപ്പര്‍ ലോറി ഡ്രൈവര്‍ രക്ഷിച്ചു
സുധീഷ് പുങ്ങംചാല്‍
വെള്ളരിക്കുണ്ട്: (www.kasargodvartha.com 16.11.2020) സഹപാഠിയുടെ വീട്ടില്‍ വിരുന്നെത്തിയ വിദ്യാര്‍ത്ഥി കുളിക്കാന്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട് മുങ്ങിത്താണു. നിലവിളി കേട്ട് ഓടിയെത്തിയ ടിപ്പര്‍ ലോറി ഡ്രൈവര്‍ പുഴയിലേക്ക് എടുത്ത് ചാടി വിദ്യാര്‍ത്ഥിയുടെ ജീവന് രക്ഷിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കുന്നുംകൈയിലാണ് സംഭവം. ചിറ്റാരിക്കാലില്‍ കണ്ടത്തി നാനിയില്‍ സജിയുടെ മകന് അതുല്‍ സജിയാണ് അപകടത്തില്‍ പെട്ടത്. തോമാപുരം ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ അഖില്‍ സജി സഹപാഠി കുന്നുംകൈയിലെ അതുല്‍ ബേബിയുടെ വീട്ടില്‍ വിരുന്ന് എത്തിയതായിരുന്നു.
കുന്നുംകൈ പുഴയില്‍ മറ്റുനാലു കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ അതുല്‍ സജി പുഴയില്‍ അടിയൊഴുക്കില്‍പെടുകയായിരുന്നു. പുഴയില്‍ കൂട്ടുകാരന് മുങ്ങി താഴുന്നത് ശ്രദ്ധയില്‍പ്പെട്ട അഖില്‍ സജിക്കൊപ്പമുള്ളവര് നിലവിളിച്ചു കരയുന്നത് കേട്ട് പുഴയുടെ മറുകരയിലെ വീട്ടില്‍ ഉണ്ടായിരുന്ന ടിപ്പര്‍ ലോറി ഡ്രൈവര്‍ രാജേഷ് ഓടിയെത്തി പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു.
വേലിയേറ്റ സമയത്ത് പുഴയില്‍ താഴ്ന്നു പോയ അഖിലിനെ രാജേഷ് പുഴയില്‍ നിന്നും പൊക്കിയെടുക്കുകയായിരുന്നു. വിവരം അറിഞ്ഞു ഓടിയെത്തിയ കുന്നുംകൈയിലെ ഡ്രൈവര്‍മാരായ സുരേഷ്, നസീര്‍ എന്നിവര്‍ ചേര്‍ന്ന് ബോധരഹിതനായ അഖിലിനെ പിക്കപ് ജീപ്പില്‍ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പുഴയില്‍ മുങ്ങിത്താണ അഖില്‍ അപകടനില തരണം ചെയ്തു.
ഒഴുക്ക് പൊതുവെ കുറഞ്ഞ കുന്നുംകൈ പുഴയില്‍ കൂട്ടുകാരൊത്തു നീന്തി കുളിക്കാന്‍ ഇറങ്ങിയ അഖിലിന്റെ കൈകാലുകള്‍ തളര്‍ന്നതാണ് അപകടത്തില്‍പെടാന്‍ ഇടയായത്. സാമാന്യം നല്ല വലിപ്പമുള്ള അഖില്‍ സജി ആദ്യം കൂട്ടുകാരെ പറ്റിക്കുവാന്‍ വേണ്ടി കളിക്കുന്നത് എന്നാണ് കൂടെയുള്ള കൂട്ടുകാര്‍ കരുതിയത്.
എന്നാല്‍ കൂട്ടുകാരന് തളര്‍ന്നു പുഴയിലേക്ക് മുങ്ങിത്താഴുന്നത് കണ്ട മറ്റു കുട്ടികള്‍ ബഹളം വെക്കുകയിരുന്നു.
തിങ്കളാഴ്ച പണിയില്ലാതെ വീട്ടില്‍ ഇരിക്കുകയായിരുന്ന ടിപ്പര്‍ ലോറി ഡ്രൈവറായ ചെമ്പന്‍ കുന്നിലെ രാജേഷ് കുട്ടികളുടെ നിലവിളി കേട്ട് മറുകരയില്‍ നിന്നും ഓടിയെത്തി സ്വന്തം ജീവന് പണയം വെച്ച് പുഴയിലേക്ക് എടുത്ത് ചാടി അഖിലിനെ രക്ഷപെടുത്തുകയായിരുന്നു.
രാജേഷ് പുഴയില്‍ ചാടി അഖിലിനെ രക്ഷപെടുത്തുമ്പോള്‍ അടുത്ത പറമ്പില്‍ ഉണ്ടായിരുന്ന തൊഴിലുറപ്പ് ജോലിയില്‍ ഏര്പ്പെര്ട്ടവരും പുഴക്കരയിലേക്ക് ഓടിയെത്തിയിരുന്നു. ഇവരെല്ലാം അഖിലിന്റെ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ചിറ്റാരികാല് ടൗണിലെ ഓട്ടോ റിക്ഷ ഡ്രൈവര്‍ ആയ സജിയുടെ രണ്ടു മക്കളില്‍ മൂത്തവനാണ് അഖില്‍ സജി.
Keywords: Kasaragod, Kerala, News, Tipper lorry, Driver, Saved, Student, Vellarikundu, Top-Headlines, tipper lorry driver rescued the student who drowned in the river