സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലെ പെട്രോൾ പമ്പുകളിൽ കവർച്ച നടത്തി ആഡംബര ജീവിതം നയിച്ചു വന്ന കാസർകോട്ടെ മൂന്നംഗ സംഘത്തെ കുടുക്കിയത് സ്ക്രൂഡ്രൈവർ; സൂത്രധാരൻ ഒളിവിൽ
Nov 21, 2020, 22:00 IST
കൊടുങ്ങല്ലൂർ: (www.kasargodvartha.com 21.11.2020) സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലെ പെട്രോൾ പമ്പുകളിൽ കവർച്ച നടത്തി ആഡംബര ജീവിതം നയിച്ചു വന്ന കാസർകോട്ടെ മൂന്നംഗ സംഘം കുടുങ്ങിയത് സ്ക്രൂവിൻ്റെ തുളയിലെ സാമ്യതയെ തുടർന്ന്. വിവിധ ജില്ലകളിലെ ഏഴ് പെട്രോൾ പമ്പുകളിൽ നടന്ന കവർച്ചയ്ക്കാണ് ഇതോടെ തുമ്പായത്.
കാസർകോട് ഉളിയത്തടുക്കയിലെ മശ്ഹൂദ് (26), ബിലാൽ നഗറിലെ മുഹമ്മദ് അമീർ (21), മുളിയാറിലെ അലി അഷ്കർ (20) എന്നിവരെയാണ് ഡിവൈഎസ്പി ഷാജ് ജോസ്, ഇൻസ്പെക്ടർ പി കെ പത്മരാജൻ, എസ്ഐ ഇ ആർ ബൈജു എന്നിവരുൾപ്പെട്ട പോലീസ് സംഘത്തിൻ്റെ പിടിയിലായത്. കാസർകോട്ടെ ഗുണ്ടാ നേതാവിന്റെ സഹോദരനായ സാബിത്തിനെ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
കൊടുങ്ങല്ലൂർ ബൈപാസിൽ പടാകുളം സിഗ്നലിനു അടുത്ത ദേവസി ഔസേപ്പ് ആൻഡ് സൺസിന്റെ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം പമ്പിൽ നിന്നു രണ്ടു ലക്ഷത്തിലേറെ രൂപയും, കയ്പമംഗലത്തെ യുണൈറ്റഡ് ട്രേഡിങ് കോർപറേഷൻ പമ്പിൽ നിന്നു അര ലക്ഷം രൂപയും കവർന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
എറണാകുളം ജില്ലയിലെ ആലുവ, പെരുമ്പാവൂർ, അങ്കമാലി ബാങ്ക് ജംഗ്ഷൻ, കോതകുളങ്ങര, കാസർകോട് വിദ്യാനഗർ എന്നീ പെട്രോൾ പമ്പുകളിൽ നടന്ന മോഷണവും തങ്ങളാണ് നടത്തിയതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ ജോലിക്കെന്ന വ്യാജേനയാണ് ഇവർ എറണാകുളത്ത് എത്തിയത്. രാത്രിയിൽ പെട്രോൾ പമ്പ് കേന്ദ്രീകരിച്ചു മോഷണം നടത്തുകയാണ് ഇവരുടെ പതിവ്. മോഷ്ടിക്കുന്ന പണം കൊണ്ട് ബംഗളൂരു, മംഗളൂരു അടക്കമുള്ള പ്രമുഖ നഗരങ്ങളിൽ ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചു വന്നത്.
കൈയ്യിലെ പണം തീർന്നാൽ വീണ്ടും കവർച്ചയ്ക്കിറങ്ങുകയാണ് ഇവരുടെ രീതി. അറസ്റ്റിലായ മശ്ഹൂദിന്റെ പേരിൽ വിവിധ ജില്ലകളിലായി എട്ട് കേസുകളുണ്ട്. അലി അഷ്കറിനെതിരെ അഞ്ചും അമീറിനെതിരെ രണ്ടും കേസുകളുണ്ട്. പ്രതികളെ വീഡിയോ കോൺഫറൻസ് വഴി മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
കവർച്ചകളിലെ പ്രത്യേകതയാണ് പ്രതികളെ തിരിച്ചറിയാൻ സഹായകമായതെന്ന് പോലീസ് വെളിപ്പെടുത്തി. കവർച്ചയ്ക്കു ഉപയോഗിച്ചത് സ്ക്രൂ ഡ്രൈവറും ഇരുമ്പിന്റെ ലിവറുമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പടാകുളത്തെ കവർച്ചയുടെ സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ടവൽ കൊണ്ടു മുഖം മറച്ചാണ് പ്രതികൾ കവർച്ച നടത്തിയത്.
കൊടുങ്ങല്ലൂരിൽ പമ്പിൻ്റെ ഡോർ കുത്തിത്തുറക്കാൻ ഉപയോഗിച്ചതു സ്ക്രൂ ഡ്രൈവർ ആണെന്നു തെളിഞ്ഞു. സമാനമായ ആയുധമാണു മറ്റിടങ്ങളിലും ഉപയോഗിച്ചതെന്നു വ്യക്തമായതോടെ അന്വേഷണം പ്രതികളിലേക്കെത്തി. അങ്കമാലിയിലെ പമ്പിൽ നിന്നു നഷ്ടപ്പെട്ട മൊബൈൽ ഫോൺ മോഷ്ടാക്കളിൽ ഒരാൾ ഉപയോഗിച്ചതോടെ പോലീസിന് പ്രതികളിലേക്കുള്ള ദൂരം എളുപ്പമാക്കി.
Keywords: Kerala, News, Kasaragod, Robbery, Accused, Natives, Police, Case, Arrest, Top-Headlines, The Kasargode three-member gang, who were leading a luxurious life by robbing petrol pumps in different parts of the state, were trapped.