city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ഹോസ്റ്റലുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കാസർകോട്: (www.kasargoodvartha.com 16.10.2020) ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് കുറ്റിക്കോലിലും കുണ്ടംകുഴിയിലും പ്രീമെട്രിക് ഹോസ്റ്റലുകള്‍ തയ്യാറായി. നിര്‍മാണം പൂര്‍ത്തീകരിച്ച ഹോസ്റ്റലുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപരിപാടിയിലുള്‍പ്പെടുത്തി പട്ടിക ജാതി പട്ടികവര്‍ഗ വികസന വകുപ്പിലെ 20 പദ്ധതികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ഹോസ്റ്റലുകള്‍ നാടിന് സമര്‍പ്പിച്ചത്. 

കിഫ്ബിയിലൂടെയാണ് ഹോസ്റ്റലുകള്‍ക്ക് ഫണ്ട് അനുവദിച്ചത്. കുറ്റിക്കോലില്‍ 83 സെന്റ് ഭൂമിയിലെ ഹോസ്റ്റലില്‍ നൂറ് ആണ്‍കുട്ടികള്‍ക്കുള്ള താമസ സൗകര്യമാണുള്ളത്. ഇതിന് 4.2 കോടി രൂപ ചെലവായി. നിലവില്‍ കുറ്റിക്കോലില്‍ വാടക കെട്ടിടത്തില്‍ 40 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു താമസ സൗകര്യമുണ്ടായിരുന്നത്. പെണ്‍കുട്ടികള്‍ക്ക് പുതുതായി കുണ്ടംകുഴിയിലാരംഭിച്ച 86 സെന്റ് ഭൂമിയിലെ ഹോസ്റ്റലില്‍ നൂറു വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠനം നടത്താനാവും. ഇതിന് 4.7 കോടി രൂപയാണ് ചെലവായത്. 


പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ഹോസ്റ്റലുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

മൂന്ന് നിലയുള്ള ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്ക് 2018 നവംബറില്‍ മന്ത്രി എ കെ ബാലനായിരുന്നു തറക്കല്ലിട്ടത്. കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ച് വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ ഹോസ്റ്റലുകളും പ്രവര്‍ത്തനമാരംഭിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, കെ കുഞ്ഞിരാമന്‍ എംഎല്‍എ മുഖ്യാതിഥികളായി. 

പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത് കുമാര്‍, പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടര്‍ ഡോ. പി പുഗഴേന്തി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി ഐ ശ്രീവിദ്യ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ഇന്‍ചാര്‍ജ് എം ഷമീന, കാറഡുക്ക ബ്ലോക്ക് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ജെ ലിസി, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സി രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം എം നാരായണന്‍, കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗോപിനാഥന്‍, ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ രമണി, കാറഡുക്ക ബ്ലോക്ക് അംഗങ്ങളായ പി കെ ഗോപാലന്‍, കെ ടി രാഗിണി, കുറ്റിക്കോല്‍ പഞ്ചായത്ത് അംഗങ്ങളായ എച്ച് നിര്‍മല, പി ദിവാകരന്‍, ബേഡഡുക്ക പഞ്ചായത്ത് അംഗം സരസ്വതി തുടങ്ങിയവര്‍ സംബന്ധിച്ചു.

വികസന കുതിപ്പ് കേരള ചരിത്രത്തിലാദ്യം: മന്ത്രി എ കെ ബാലന്‍

പട്ടിക ജാതി പട്ടിക വര്‍ഗ മേഖലയില്‍ കേരളചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയൊരു വികസനകുതിപ്പുണ്ടാകുന്നതെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കുറ്റിക്കോലിലും കുണ്ടംകുഴിയിലും നിര്‍മാണം പൂര്‍ത്തിയായ പ്രീമെട്രിക് ഹോസ്റ്റലുകളുള്‍പ്പെടെ പട്ടിക ജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള 20 പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനാല് ദിവസത്തില്‍ 44 പദ്ധതികളാണ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. 

ഇതില്‍ നാല് പദ്ധതികളുടേത് നിര്‍മാണോദ്ഘാടനമാണെങ്കില്‍ ബാക്കി നാല്‍പത് പദ്ധതികളും നിര്‍മാണം പൂര്‍ത്തീകരിച്ചുള്ള ഉദ്ഘാടനമായിരുന്നു. മുഖ്യമന്ത്രിയുടെ നൂറിന കര്‍മപരിപാടിയുടെ ഭാഗമായാണ് പദ്ധതികള്‍ നാടിന് സമര്‍പ്പിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ 151ാം ജന്മദിനത്തിന്റെ ഭാഗമായി രണ്ടാഴ്ക്കാലം നീണ്ടുനില്‍ക്കുന്ന സാമൂഹിക ഐക്യദാര്‍ഡ്യ പക്ഷാചരണത്തിനും ഇതോടെ സമാപനമാകുന്നുവെന്നും മന്ത്രി പറഞ്ഞു.

വീടുകളില്‍ പഠനസാഹചര്യം കുറവായ പട്ടിക വര്‍ഗ മേഖലകളിലെ കുട്ടികള്‍ക്ക് ഹോസ്റ്റല്‍ വളരെയധികം സഹായകമാകുമെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ സാമൂഹിക സാഹചര്യം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും മെച്ചപ്പെട്ട പാഠ്യ പ്രവര്‍ത്തനങ്ങളിലൂടെ ഉന്നതങ്ങളിലെത്താന്‍ ഹോസ്റ്റലുകള്‍ വഴി തുറക്കട്ടെയെന്നും എംഎല്‍എ പറഞ്ഞു.

Keywords:  Kerala, News, Kasaragod, Minister, Pinarayi-Vijayan, Student, Inauguration, Top-Headlines, Development project,  The Chief Minister dedicated two hostels for Scheduled Tribe students.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia