സുധാകരന്‍റെ ദുരൂഹ മരണം; വലിയ ഉയരത്തില്‍ നിന്നുള്ള വീഴ്ചയില്‍ സംഭവിച്ചതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; മൃതദേഹം ദഹിപ്പിക്കാതെ മറവ് ചെയ്തു; ഡമ്മി പരീക്ഷണം നടത്തും
Oct 13, 2020, 19:49 IST
ബേക്കല്‍: (www.kasargodvartha.com 13.10.2020) ബേക്കല്‍ രാമഗുരു നഗര്‍ തമ്പുരാന്‍വളപ്പിലെ സുധാകരന്‍റെ (32) ദുരൂഹ മരണം വലിയ ഉയരത്തില്‍ നിന്നുള്ള വീഴ്ചയില്‍ സംഭവിച്ചതാണെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. മരണത്തില്‍ സംശയം നിലനില്‍ക്കുന്നതിനാല്‍ മൃതദേഹം ദഹിപ്പിക്കാതെ മറവ് ചെയ്തു.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സുധാകരന്‍ എങ്ങനെ എത്തി എന്നതിലെ ദുരുഹത ഇനിയും നിങ്ങിയിട്ടില്ല. ഇതിന് ശേഷം മാത്രം മൃതദേഹം ദഹിപ്പിച്ചാല്‍ മതിയെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും തീരുമാനം.
ആവശ്യമെങ്കില്‍ ഡമ്മി പരീക്ഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ലഹരി മാഫിയയുടെ പ്രവര്‍ത്തനം സജീവമായ സ്ഥലത്താണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. യുവാവ് ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം ആന്തരിക പരിശോധനാ ഫലം പുറത്ത് വന്നാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. യുവാവിനെ ആരെങ്കിലും തള്ളിയിട്ട് കൊലപ്പെടുത്തിയതാണോ എന്നും പോലീസ് പരിശേധിക്കും.
യുവാവിന്‍റെ തുടയെല്ല് പൊട്ടുകയും 10 വാരിയെല്ലുകള്‍ പൊട്ടുകയും ചെയതതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യാക്തമായി. ഇത് വീഴ്ചയില്‍ സംഭവിച്ചതായതായാണ് സംശയിക്കുന്നത്. ശരീരത്തില്‍ കണ്ട മുറിപ്പാടുകള്‍ ചുമരില്‍ ഉരസിയത് മൂലമാണെന്നും കരുതുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡമ്മി പരീക്ഷണം നടത്താന്‍ പോലീസ് ആലോചിക്കുന്നത്.