സഹകരണാശുപത്രിയില്‍ സമരത്തിലേര്‍പെട്ട നഴ്സുമാര്‍ക്ക് നേരെ മാനേജമെന്റിന്റെ ഭീഷണിയും തെറിവിളിയും; ഭയന്ന് നാലു പേര് ജോലിക്ക് കയറി, ഹോസ്റ്റലില്‍ നിന്നും നഴ്സുമാരെ ഇറക്കിവിട്ട് മാനേജര്‍ താക്കോല്‍ പിടിച്ചെടുത്തു
Jul 12, 2017, 12:28 IST
കാസര്‍കോട്: (www.kasargodvartha.com 12.07.2017) സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി ചെങ്കള നായനാര്‍ സഹകരണാശുപത്രിയില്‍ സമരത്തിലേര്‍പെട്ട നഴ്സുമാര്‍ക്കു നേരെ മാനേജമെന്റിന്റെ ഭീഷണിയും തെറിവിളിയും. ചൊവ്വാഴ്ച മുതലാണ് നഴ്സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.
20 ഓളം നഴ്സുമാരാണ് ചെങ്കള നായനാര്‍ ആശുപത്രിയില്‍ സമരത്തിലേര്‍പെട്ടിരിക്കുന്നത്. മാനേജ്മെന്റിന്റെ ഭീഷണി ഭയന്ന നാലു പേര് ബുധനാഴ്ച ജോലിക്ക് കയറിയിട്ടുണ്ട്. ബാക്കിയുള്ളവരെ ഹോസ്റ്റലില്‍ നിന്നും ഇറക്കിവിട്ട് മാനേജര്‍ താക്കോല്‍ പിടിച്ചെടുത്തതായി നഴ്സുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
തങ്ങളുടെ വീട്ടിലേക്ക് വിളിച്ചും ആശുപത്രി മാനേജര്‍ പ്രമോദും സെക്രട്ടറി രാധാകൃഷ്ണനും ഉള്പെടെയുള്ളവര് ഭീഷണിപ്പെടുത്തിയതായി നഴ്സുമാര്‍ പറഞ്ഞു. നഴ്സുമാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്ക് ചൊവ്വാഴ്ച ഇവരെ പ്രവേശിപ്പിച്ചിരുന്നില്ല. പെണ്‍കുട്ടികള്‍ ഏറെ കാത്തിരുന്ന ശേഷമാണ് ക്വാര്‍ട്ടേഴ്സില്‍ കയറാന്‍ കഴിഞ്ഞത്. സമരത്തിലേര്പെടുകയാണെങ്കില് ബുധനാഴ്ച രാവിലെ എല്ലാ സാധനങ്ങളുമെടുത്ത് ഇറങ്ങി പോകണമെന്നാണ് ഇവരോട് മാനേജര്‍ പ്രമോദ് ആവശ്യപ്പെട്ടത്. ബുധനാഴ്ച രാവിലെ തന്നെ മാനേജര്‍ ക്വാര്‍ട്ടേഴ്സിലെത്തി വാതിലില്‍ നിര്‍ത്താതെ തട്ടി വിളിച്ച് നഴ്സുമാരെയെല്ലാം പുറത്തിറക്കി ക്വാര്‍ട്ടേഴ്സിന്റെ താക്കോല്‍ പിടിച്ചെടുത്ത് പൂട്ടി പോവുകയായിരുന്നുവെന്ന് നഴ്സുമാര്‍ പറഞ്ഞു.
തൊഴിലാളികള്‍ക്കു വേണ്ടി എന്നും ശബ്ദിക്കാറുള്ള സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ തന്നെ തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിച്ചത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എന്ത് പ്രകോപനമുണ്ടായാലും തങ്ങള്‍ സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് നഴ്സുമാര്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. ചൊവ്വാഴ്ച ആശുപത്രിക്കു മുന്നില്‍ ഇവര്‍ കെട്ടിയ സമരപ്പന്തല്‍ മാനേജറും മറ്റും ഇടപെട്ട് അഴിച്ചുമാറ്റിയിരുന്നു. ബുധനാഴ്ച സമരപ്പന്തല്‍ കെട്ടാന്‍ അനുവദിക്കാത്തതിനാല്‍ പൊരിവെയിലത്താണ് നഴ്സുമാരുടെ സമരം നടക്കുന്നത്. നഴ്സുമാരുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും എല്ലാം ക്വാര്ട്ടേഴ്സിനകത്താണുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Chengala, hospital, Nurse, Strike, Strike; Threatening against nurses
Keywords: Kasaragod, Kerala, news, Top-Headlines, Chengala, hospital, Nurse, Strike, Strike; Threatening against nurses