നവംമ്പര്‍ 19- ഇന്ദിരാഗാന്ധിയുടെ ജന്മദിനം: വിനയന്റെ ഓര്‍മയില്‍ പ്രിയദര്‍ശിനിയുടെ വേഗ വിസ്മയം
സൂപ്പി വാണിമേല്‍
കാസര്‍കോട്: (www.kasargodvartha.com 19.11.2020) അനേകം ദേശീയ നേതാക്കള്‍ക്ക് നേരെ ഫോക്കസ് ചെയ്ത ഫോട്ടോഗ്രാഫറാണ് ഷെട്ടി സ്റ്റുഡിയോ ഉടമ പഴമയിലും പുതുമയിലും താരമായ വിനയേട്ടന്‍ അഥവ വിനയ രാജ ഷെട്ടി. അദ്ദേഹത്തിന്റെ ഓര്‍മ്മയുടെ ഫ്രെയിമില്‍ എന്നും വിസ്മയമാണ് ഇന്ദിര ഗാന്ധി.
വിനയന്‍ സ്മരണയിലേക്ക് ഫ്‌ലാഷ്: മംഗളൂറു ജവഹര്‍ലാല്‍ നെഹ്‌റു മൈതാനിയിലെ വേദി. ഹാരങ്ങള്‍ കഴുത്തില്‍ വീഴുംമുമ്പ് ഞൊടിയിടയില്‍ എറിയുകയാണ് ഇന്ദിരാഗാന്ധി. അവരുടെ സെക്രട്ടറി ഫുട്‌ബോള്‍ പോസ്റ്റിലെ ഗോളിയുടെ സൂക്ഷ്മതയോടെ ഓരോന്നും പിടിക്കുന്നു. പ്രിയദര്‍ശിനിക്ക് മാലയിടുന്ന രംഗം ഒപ്പാന്‍ ഓര്‍ഡര്‍ ചെയ്ത നേതാക്കള്‍ അവരവരുടെ ഊഴമെത്തുമ്പോള്‍ ഒളികണ്ണിടുന്നു.
പന്ത്രണ്ട് സ്‌നാപ്പെടുക്കുന്നതോടെ ഫിനിഷിങ് സിഗ്‌നല്‍ നല്‍കി '120'ഫിലിം റോളിന്റെ കറക്കം നിലക്കും. അടുത്ത സ്‌നാപ്പുകള്‍ സഹായി ലോഡുചെയ്ത് കൈമാറുന്ന മറ്റൊരു ക്യാമറിയില്‍. ഹാരാര്‍പ്പളം കഴിയുംവരെ ഈ രീതി തുടരും. ഏത് രംഗവും തത്സമയം ലോകമെങ്ങും എത്തിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുടെ വര്‍ത്തമാന കാല തലമുറക്കെന്തറിയുന്നു, അന്നത്തെ തലച്ചൂട്? ഷെട്ടി ചിരിക്കുന്നു.
ഓരോ സെക്കന്‍ഡും വിലപ്പെട്ടതാണെന്ന മെസ്സേജായിരുന്നു ഇന്ദിര ഗാന്ധിയുടെ ചടുലത.1977ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍ക്കോട് താലൂക്ക് ആശുപത്രി(ഇപ്പോഴത്തെ ജനറല്‍) പരിസരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പ്രചാരണ പൊതുയോഗത്തില്‍ ഇന്ദിര മൈക്ക് എടുത്തയുടന്‍ വൈദ്യുതി പോയി. ബദല്‍ ഏര്‍പ്പാടിന് കാത്തുനില്‍ക്കാതെ മൈക്ക് താഴെയിട്ട് അവര്‍ പ്രസംഗിച്ചു. ഫ്‌ലാഷുകള്‍ മിന്നി. ജനാരവം. വീണുകിട്ടിയ ബോക്‌സ് ന്യൂസും ഫോട്ടോയും.
ഏത് ആംഗിളിലും ഇന്ദിരയുടെ നല്ല ചിത്രം കിട്ടുമായിരുന്നു. അവരുടെ ഭാവങ്ങളോട് പ്രേക്ഷകരുടെ പ്രതികരണം സംസാരിക്കുന്ന ചിത്രങ്ങള്‍ നല്‍കി. വിഷ്വല്‍സ് ഇല്ലാത്ത കാലത്തെ വിഷ്വല്‍ ഇഫക്ട് ഫോട്ടോകള്‍.
അവിഭക്ത കണ്ണൂര്‍ ജില്ലയിലും ദക്ഷിണ കന്നടയിലും പ്രധാന പരിപാടികളും സംഭവങ്ങളും മുഖ്യധാര മലയാളം,ഇംഗ്ലീഷ്,കന്നട പത്രങ്ങള്‍ക്കായി പകര്‍ത്തിയ വിനയേട്ടന്‍ നവമാധ്യമ അതിപ്രസരത്തില്‍ ഫോട്ടോഗ്രാഫിക്ക് സംഭവിക്കുന്ന അപചയത്തില്‍ അതൃപ്തനാണ്.
മുന്‍ പ്രധാനമന്ത്രിമാരായ ലാല്‍ബഹദൂര്‍ ശാസ്ത്രി, വി പി സിങ്, രാജീവ് ഗാന്ധി, മുന്‍ രാഷ്ട്രപതി വി വി ഗിരി, എ കെ ജി, ഇ എം എസ്, സയ്യിദ് അബ്ദുര്‍ റഹ്ാന്‍ ബാഫഖി തങ്ങള്‍, സി എച്ച് മുഹമ്മദ് കോയ, വിനയന്‍ ഫ്‌ലാഷില്‍ ഒന്നാം നിര മാധ്യമങ്ങളുടെ ഒന്നാം പേജുകളില്‍ കയറിയ നേതാക്കളുടെ പട്ടിക സംസ്ഥാന തലത്തിലേക്കും നീളും.
പൂ വിടരുമ്പോലെ പുഞ്ചിരി തൂകി ക്യാമറയിലേക്ക് കയറിവരുന്ന അനുഭവമായിരുന്നു മുസ്‌ലിം ലീഗ് നേതാവായിരുന്ന സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ബാഫഖി തങ്ങളുടെ ഫോട്ടോയെടുക്കുമ്പോള്‍. തലശ്ശേരിയില്‍ മാരാര്‍ എറിഞ്ഞ ആസിഡ് ബള്‍ബ് തട്ടി പൊള്ളിയ വലിയ പാടുമായി സി എച്ച് മുഹമ്മദ് കോയ മംഗളൂറുവില്‍ നടത്തിയ പത്രസമ്മേളനം പകര്‍ത്തിയത് വേറിട്ട ഓര്‍മ്മയാണ്. സി എച്ചിന്റെ പ്രസംഗത്തിലെ നര്‍മ്മം ആസ്വദിക്കുന്ന സദസ്സിന്റെ പരിസരം മറന്നുള്ള ചിരി രംഗങ്ങള്‍ ബോണസ്സായിരുന്നു അന്ന്. ഒറ്റക്ക് ഒരു സ്‌നാപ്പെടുക്കുക ശ്രമകരമായ ജനനേതാവായിരുന്നു എ കെ ജി തനിച്ചു കിട്ടുമെന്ന ഘട്ടത്തില്‍ പോലും കൈ ആരുടെയെങ്കിലും ചുമലിലാവുമെന്ന് വിനയ രാജ ഷെട്ടി അനുസ്മരിച്ചു.
Keywords: Kasaragod, news, Kerala, Photography, Birthday, Leader, Top-Headlines, Priyadarshini's quick amazement at Vinayan's memory