Train | മംഗ്ളൂറിൽ നിന്ന് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ഡിസംബർ അവസാനത്തോടെ പ്രധാനമന്ത്രി ഫ്‌ലാഫ് ഓഫ് ചെയ്യും; സർവീസ് ഗോവയിലേക്ക്; രാമേശ്വരം, ഭാവ് നഗർ പ്രതിവാര ട്രെയിനുകളും ഉടൻ; പുതിയ 2 പ്ലാറ്റ്‌ഫോമുകളുടെ ഉദ്ഘാടനത്തിനും ഒരുങ്ങി
Dec 3, 2023, 19:20 IST
മംഗ്‌ളുറു: (KasargodVartha) മംഗ്‌ളുറു സെൻട്രലിനും ഗോവയിലെ മഡ്ഗാവിനും ഇടയിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യുമെന്ന് ദക്ഷിണ കന്നഡ എംപി നളിൻ കുമാർ കട്ടീൽ അറിയിച്ചു. മംഗ്ളൂറിൽ നിന്നുള്ള ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസാണിത്.
മംഗ്‌ളുറു സെൻട്രലിൽ പുതുതായി നിർമിച്ച രണ്ട് അധിക പ്ലാറ്റ്‌ഫോമുകളും ഇതേസമയം ഉദ്ഘാടനം ചെയ്യാൻ സാധ്യതയുണ്ടെന്ന് റെയിൽവേ പ്രവൃത്തികളുടെ അവലോകന യോഗത്തിന് ശേഷം എംപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച മംഗ്‌ളുറു - ഭാവ്‌നഗർ, മംഗ്‌ളുറു - രാമേശ്വരം എന്നീ രണ്ട് പ്രതിവാര ട്രെയിനുകളും ചടങ്ങിൽ ഫ്‌ലാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിയൗപുര-മംഗ്‌ളുറു ജൻക്ഷൻ, യശ്വന്ത്പൂർ-മംഗ്‌ളുറു ജൻക്ഷൻ, മുംബൈ സിഎസ്എംടി-മംഗ്‌ളുറു ജൻക്ഷൻ എക്‌സ്പ്രസ് ട്രെയിനുകൾ മംഗ്‌ളുറു സെൻട്രലിലേക്ക് നീട്ടുന്ന കാര്യത്തിലും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഇതിനായുള്ള സമയക്രമവും മറ്റും തയ്യാറായി വരികയാണെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനജർ അരുൺ കുമാർ ചതുർവേദിയും പറഞ്ഞു.

പുതിയ പ്ലാറ്റ്‌ഫോമുകൾ നിലവിൽ വരുന്ന ട്രെയിനുകളെ ഉൾക്കൊള്ളാൻ കഴിയുമെന്ന് പാലക്കാട് സീനിയർ ഡിവിഷണൽ എൻജിനീയർ (കോഓർഡിനേഷൻ) നന്ദല പെരുമാൾ വ്യക്തമാക്കി. ഈ മാസാവസാനത്തോടെ കാൽനട മേൽപാലത്തിന്റെ പണി പൂർത്തിയാകും. പുതിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കടക്കുന്ന അത്താവർ ഭാഗത്തെ പ്രവേശന കവാടം മനോഹരമാക്കുമെന്നും അദ്ദേഹം അറിയിച്ചു.