മേല്‍പ്പറമ്പില്‍ പോലീസും ആള്‍കൂട്ടവും ഏറ്റുമുട്ടി; സി ഐ യും എസ് ഐയും ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്; ഒരാള്‍ കസ്റ്റഡിയില്‍
മേല്‍പ്പറമ്പ്: (www.kasargodvartha.com 15.11.2020) മേല്‍പ്പറമ്പില്‍ പോലീസും ആള്‍കൂട്ടവും തമ്മില്‍ ഏറ്റ് മുട്ടി. സി ഐയും എസ് ഐയും ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു.
സ്ഥലത്ത് നിന്നും ഒരാളെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെ മേല്‍പ്പറമ്പ് ടൗണിലാണ് സംഭവം.
മേല്‍പ്പറമ്പ് സി ഐ ബെന്നി ലാല്‍, എസ് ഐ ബിജു, സിവില്‍ പോലീസ് ഓഫീസര്‍ ഷിനു ഏ വി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസിന്റെ നിരീക്ഷണം ഉള്ള കെട്ടിടത്തിന് മുന്നില്‍ യുവാക്കള്‍ കൂട്ടം കൂടി നിന്നിരുന്നു. സ്ഥലത്തെത്തിയ പോലീസ് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടും ആള്‍കൂട്ടം തയ്യാറായില്ല. ഇതേ തുടര്‍ന്ന് പോലീസുമായി വാക്കേറ്റവും ഉന്തും തള്ളും നടന്നു.
ഇതിനിടയില്‍ പോലീസ് ജീപ്പിന്റെ താക്കോല്‍ യുവാക്കള്‍ കൈക്കലാക്കിയതായും പറയുന്നു.
സംഭവസ്ഥലത്ത് നിന്നും ഒരു യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെയാണ് നാലംഗ സംഘം പോലീസിനെ ആക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന മേല്‍പ്പറമ്പ് സി ഐ ബെന്നി ലാല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു
പോലീസിനെ ആക്രമിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
പിന്നീട് കൂടുതല്‍ പോലീസ് എത്തിയപ്പോഴേക്കും ആള്‍കൂട്ടം രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെട്ടവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.