Biju Kanhangad | യുവ കവിയും ചിത്രകാരനും അധ്യാപകനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു
Mar 14, 2023, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) യുവ കവിയും ചിത്രകാരനും അധ്യാപകനുമായ ബിജു കാഞ്ഞങ്ങാട് (52) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. മാവുങ്കാൽ രാംനഗർ ഹയർ സെകൻഡറി സ്കൂളിലെ മലയാളം അധ്യാപകനാണ്.
തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂണ്‍, ഉച്ചമഴയില്‍, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, ഉള്ളനക്കങ്ങള്‍ (കവിതകള്‍), വാക്കിന്റെ വഴിയും വെളിച്ചവും, കവിത മറ്റൊരു ഭാഷയാണ് (പഠനം) എന്നിവയാണ് പ്രധാന കൃതികള്‍. കവിതകള്‍ ഇൻഗ്ലീഷ്, ഹിന്ദി, തുളു, കന്നഡ എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു.
2005ല്‍ സാഹിത്യ അകാഡമിയുടെ ദേശീയ കവി സമ്മേളനത്തില്‍ പങ്കെടുത്തു. മഹാകവി പി സ്മാരക യുവകവി പ്രതിഭാപുരസ്കാരം, മൂടാടി ദാമോദരൻ സ്മാരക കവിതാപുരസ്കാരം, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരംഅടക്കം നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.