മന്ത്രിയായ ശേഷം ആദ്യമായി പി എ മുഹമ്മദ് റിയാസ് കാസർകോട്ടെത്തി; പെരുമ്പട്ട പാലം ഉദ്‌ഘാടനം ചെയ്‌ത് തുടക്കം; പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതുമരാമത്ത് വകുപ്പിനെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി
Jun 23, 2021, 21:13 IST
കാസർകോട്: (www.kasargodvartha.com 23.06.2021) മന്ത്രിയായ ശേഷം ആദ്യമായി പി എ മുഹമ്മദ് റിയാസ് കാസർകോട്ടെത്തി.പെരുമ്പട്ട പാലം ഉദ്ഘാടനമായിരുന്നു ജില്ലയിലെ ആദ്യ പൊതുപരിപാടി. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതുമരാമത്ത് വകുപ്പിനെ ശക്തിപ്പെടുത്തുമെന്ന് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കയ്യൂര്‍ ചീമേനി - വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചു കൊണ്ട് കാസര്‍കോട് വികസന പാകേജില്‍ ഉള്‍പെടുത്തി തേജസ്വിനി പുഴയ്ക്ക് കുറുകെ നിര്‍മിച്ച പെരുമ്പട്ട പാലത്തിന്റെ ഉദ്ഘാടനം കുണ്ട്യത്ത് പാലം പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓരോ ജില്ലയുടെയും പ്രത്യേകത തിരിച്ചറിഞ്ഞ് നൂതന പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. ഓരോ പ്രദേശത്തിന്റെയും പ്രശ്‌നങ്ങള്‍ പൊതുമരാമത്ത് വകുപ്പിനോട് നേരിട്ട് പറയാന്‍ 'പി ഡബ്‌ള്യൂ ഡി ഫോര്‍ യു ആപ്' പ്രവര്‍ത്തനം വിപുലപ്പെടുത്തുകയാണ്. പി ഡബ്‌ള്യൂ ഡി കണ്‍ട്രോള്‍ റൂം മന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. വ്യക്തികള്‍ ഉന്നയിക്കുന്ന വിഷയങ്ങളിലൂടെ നാടിന്റെ പൊതുവിഷയത്തിന്റെ പരിഹാരമാവുകയാണ്. ജനപ്രതിനിധികള്‍ക്ക് വകുപ്പുമായി നേരിട്ട് പ്രവര്‍ത്തിക്കാവുന്ന സംവിധാനം ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പെരുമ്പട്ട, കുണ്ട്യം പ്രദേശങ്ങളിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ ഈ പാലം യാഥാര്‍ഥ്യമായതോടെ കാര്‍ഷിക വിളകള്‍ക്കും, മലഞ്ചരക്ക് ഉല്‍പന്നങ്ങള്‍ക്കും പേരുകേട്ട ഈ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ചീമേനി, ചെറുവത്തൂര്‍, നീലേശ്വരം എന്നീ നഗരങ്ങളിലെ മാര്‍കെറ്റുകളില്‍ എത്തിച്ചേരുന്നതിനു ഏഴ് കിലോമീറ്റര്‍ വരെയുള്ള അധികയാത്ര ഒഴിവാകും. പാലം പൂര്‍ത്തീകരിച്ചതോടെ ഇരുഭാഗത്തുമുള്ള വിദ്യാർഥികള്‍ക്കും നാട്ടുകാര്‍ക്കും പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും, നാഷണല്‍ ഹൈവേ, മലയോര ഹൈവേ എന്നീ റോഡുകളിലേക്കും വളരെ വേഗത്തില്‍ എത്തിപ്പെടാന്‍ സാധിക്കും.
9.3 കോടി രൂപയുടെ സാങ്കേതിക അനുമതിയോടെ നിര്‍മിച്ച പാലം 25.32 മീറ്റര്‍ നീളവും 11.05 മീറ്റര്‍ വീതിയുമുള്ള നാല് സ്പാനോടെ മൊത്തം 101,28 മീറ്റര്‍ നീളത്തില്‍ ഇരുവശവും നടപ്പാതയോട് കൂടിയാണ് നിര്‍മിച്ചിരിക്കുന്നത്. ആര്‍സിസി പൈല്‍ ഫൗൻഡേഷൻ, പൈല്‍ ക്യാപ്, പിയര്‍, അബട്‌മെന്റ്, ടി ബീം ഗര്‍ഡര്‍ സ്‌ളാബ് എന്നിവയോടുകൂടിയാണ് ഈ പാലം പൂര്‍ത്തീകരിച്ചിരിക്കുന്നത്. പാലത്തിനോടൊപ്പം സംരക്ഷണ ഭിത്തികളും ഇരുവശങ്ങളിലുമായി മൊത്തം 760 മീറ്റര്‍ അനുബന്ധ റോഡുകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍, നീലേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, പരപ്പ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപി വത്സലന്‍, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹന്‍, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി സി ഇസ്മാഈൽ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശകുന്തള, പരപ്പ ബ്ലോക് പഞ്ചായത്ത് മെമ്പര്‍ അന്നമ്മ മാത്യു സംസാരിച്ചു.
പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ പികെ മിനി പദ്ധതി റിപോർട് അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു സ്വാഗതവും കാസര്‍കോട് വികസന പാകേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Top-Headlines, Minister, Visit, Bridge, Inauguration, Cheemeni, Road, West Eleri, P A Muhammed Raiyas, Perumbatta Bridge, PA Mohammad Riyaz visited Kasargod for the first time since becoming a minister; Beginning with the inauguration of the Perumbatta Bridge.
< !- START disable copy paste -->