മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍
ആലപ്പുഴ: (www.kasargodvartha.com 23.02.2021) മാന്നാറില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറി അക്രമിസംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാന്നാര്‍ സ്വദേശിയായ പീറ്ററിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് അക്രമിസംഘത്തിന് യുവതിയെ വീട് കാണിച്ചുകൊടുത്തത്.
യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സംഘത്തിന് പ്രാദേശിക സഹായം ലഭിച്ചുവെന്ന് പൊലീസ് സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പീറ്ററിനെ കസ്റ്റഡിയിലെടുത്തത്.
ഇക്കഴിഞ്ഞ 19 ന് ദുബൈയില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തിയ മാന്നാര്‍ കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം ആളുകള്‍ വീട് ആക്രമിച്ച് തട്ടിക്കൊണ്ട് പോയത്. സ്വര്‍ണക്കടത്ത് സംഘത്തിന്റെ കണ്ണിയായി പ്രവര്‍ത്തിച്ചിരുന്ന ബിന്ദു പല തവണ സ്വര്‍ണം നാട്ടിലെത്തിച്ചതായി പൊലീസിന് മൊഴി നല്‍കി. ഈ സംഘവുമായി ഉണ്ടായിരുന്ന ധാരണ തെറ്റിയതാണ് തട്ടിക്കൊണ്ട് പോകലില്‍ കലാശിച്ചത്.
ഏറ്റവും ഒടുവില്‍ ഒന്നരക്കിലോ സ്വര്‍ണവുമായി നാട്ടിലെത്തിയ ബിന്ദു ഇത് വഴിയില്‍ ഉപേക്ഷിച്ചു. ഈ സ്വര്‍ണം അന്വേഷിച്ച് വീട്ടിലെത്തിയ സംഘമാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്നും പൊലീസിന് യുവതി മൊഴി നല്‍കിയിട്ടുണ്ട്.
ചെങ്ങന്നൂര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ബിന്ദുവിനെ തട്ടിക്കൊണ്ട് പോയ സംഘത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.