കന്നിമൂലയും നിഖാബും പിന്നെ നെഗറ്റീവ് എനര്‍ജിയും
Jul 17, 2020, 20:33 IST
നോവല്‍: അതിജീവനം/ ഇന്ദ്രജിത്ത്
(അധ്യായം അഞ്ച്)
'ആമസോണ്‍ കാടുകള്‍ വെട്ടിവെളുപ്പിച്ചതൊന്നുമല്ല പ്രശ്‌നം',
മൂര്‍ത്തിമാഷിന്റെ കമന്റാണ്. അദ്ദേഹം ഓടിയെത്തുമ്പോള്‍ കേട്ടത് പോക്കറിന്റെ ചോദ്യമായിരുന്നു, ''നീ കണ്ടതും കേട്ടതും വേണ്ടതും വേണ്ടാത്തതുമൊക്കെ ആമസോണില്‍ നിന്ന് വരുത്തിയതുകൊണ്ടല്ലേ അടുക്കളയില്‍ സ്ഥലമില്ലാതായത് ?''.
ഏത് കലഹത്തിലും അത് തുടങ്ങിയവരല്ല, അവസാനം ആത്മരക്ഷാര്‍ഥം പ്രതികരിക്കുന്നവരാണല്ലോ പ്രതികരിക്കുന്നവരാണല്ലോ പ്രതികളാവുക. മാത്രമല്ല, ഇവിടെ പോക്കറിനെ കുറ്റപ്പെടുത്താന്‍ മറ്റൊന്നുകൂടിയുണ്ടായിരുന്നു,
''ഛെ... നിങ്ങളൊരു ഡോക്ടറായിരുന്നിട്ടും ...?'',
പോക്കറിന്റെ ഏറ്റവും വലിയ പരിമിതിയും ഇതാണ്. ചില വേഷങ്ങള്‍, ചില തൊഴിലുകള്‍, ചില വിദ്യാഭ്യാസയോഗ്യതകള്‍... അവയില്‍ നിന്ന് ജനങ്ങള്‍ എന്തൊക്കെയോ പ്രതീക്ഷിക്കുന്നുണ്ട്. പാതിരിക്കും മൌലവിക്കും മറ്റുള്ളവരെപ്പോലെ കള്ളുഷാപ്പില്‍ കയറി കുടിച്ച് ബഹളമുണ്ടാക്കാന്‍ പറ്റില്ലല്ലോ. ഫാറൂഖ് കോളേജ് എ.എല്‍.എം ഹോസ്റ്റലില്‍ സീതിഹാജിക്കഥകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യാറുള്ളത് ഗുരുവായൂരപ്പന്‍ കഥകളാണ്. യൂണിവേഴ്‌സലില്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന് പോകുന്നവരിലൂടെയാണ് അത് ഹോസ്റ്റലിലെത്തിയത്. അവിടെ ഫിസിക്‌സ് പഠിപ്പിച്ചിരുന്ന മൊട്ടത്തലയന്‍ സാറ് പൊട്ടന്‍ഷ്യല്‍ എനര്‍ജിയെക്കുറിച്ച് പറഞ്ഞ ഉദാഹരണമാണ് അവയിലൊന്ന് . ഉയരം കൂടുമ്പോള്‍ പൊട്ടന്‍ഷ്യല്‍ എനര്‍ജിയും കൂടും. അതുകൊണ്ടുതന്നെ ഉയരത്തില്‍ നിന്നുള്ള വീഴ്ചയ്ക്ക് ആഘാതവും കൂടുതലാണ്. ആ സാറിന്റെ പേര് ആര്‍ക്കുമറിയില്ലായിരുന്നു. ക്ലാസ്സില്‍ ചര്‍ച്ച ചെയ്യുന്ന ഓരോ പോയിന്റിന്റെയും അവസാനം പൊട്ടിച്ചിരിക്കാന്‍ പറ്റിയ ഒരു തമാശയുണ്ടായിരിക്കും. ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് വിരമിച്ചയാളാണ് സാര്‍ എന്നുമാത്രമേ അറിയൂ. അതുകൊണ്ടുതന്നെ ഓരോ തമാശയും കേട്ട് ചിരിച്ചുചിരിച്ച് അവസാനം കുട്ടികള്‍ ''എന്റെ ഗുരുവായൂരപ്പാ...'' എന്ന് ആര്‍ത്തുവിളിക്കും. പേരറിയാത്ത ആ സാറിനെ കുട്ടികള്‍ ഗുരുവായൂരപ്പന്‍ എന്നാണ് വിളിക്കുന്നതെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു.
മൂര്‍ത്തിമാഷിന്റെ തൊട്ടുപിന്നില്‍ ഓടിയെത്തിയ സാബുമാഷ് പ്രതികരിച്ചത് മറ്റൊരു വിധത്തിലായിരുന്നു,
''കണ്‍സ്യൂമെറിസത്തിന്റെ പിടിയിലല്ലേ ജനങ്ങള്‍? എവിടെ നോക്കിയാലും കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങള്‍; പിന്നെയെങ്ങനെ ആള്‍ക്കാര്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാതിരിക്കും.''
മൂര്‍ത്തിമാഷിന്റെ സാന്ത്വനത്തെക്കാള്‍ പോക്കറിന് അലോസരമുണ്ടാക്കിയത് സാബുമാഷിന്റെ പിന്തുണയായിരുന്നു.കാരണം, ഓണ്‍ലൈന്‍ ഷോപ്പിംഗിനെക്കുറിച്ചുള്ള ആ പറച്ചില്‍ പെട്ടെന്നുകിട്ടിയ ആയുധം മാത്രമായിരുന്നു. ഭാര്യയുടെ വായടയ്ക്കാന്‍ അത്തരത്തിലുള്ള ആയുധങ്ങള്‍ പ്രയോഗിക്കുക മാത്രമാണ് രക്ഷയെന്ന് അനുഭവത്തില്‍ നിന്നാണ് പഠിച്ചത്.
ഭാര്യ മാത്രമല്ല, ചിലരൊക്കെ അങ്ങനെയാണ്. എന്തെങ്കിലും ചറപറാ പറഞ്ഞുകൊണ്ടിരിക്കും. ഏതിനെയും പഴിക്കും. അത്തരക്കാര്‍ തന്നെയാണ് അവരുടെ കൂടെ ജീവിക്കുന്നതെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടുമുള്ള പഴികള്‍ പരസ്പരം നിര്‍വീര്യമാക്കപ്പെടും. എന്നാല്‍ മിതഭാഷിയാണ് പങ്കാളിയെങ്കില്‍ കുടുങ്ങിയതുതന്നെ. വൈവാഹികജീവിതത്തിന്റെ ആദ്യനാളുകളില്‍ പോക്കര്‍ മാന്യനാകാന്‍ ശ്രമിച്ചു. എന്നാല്‍, വൈകാതെ തന്നെ മനസ്സിലായി, അപ്പഴപ്പോള്‍ തിരിച്ചുകൊടുക്കുന്നതാണ് രക്ഷയെന്ന്. അടുക്കള ചെറുതായിപ്പോയെന്ന ഈ പറച്ചില്‍ വീടുവെച്ച അന്നുമുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. ഇന്നത് കേട്ടപ്പോള്‍ പെട്ടെന്ന് ഈ രീതിയില്‍ പ്രതിരോധിക്കാന്‍ തോന്നിയെന്നുമാത്രം.
കാസര്‍ക്കോട്ടെ ഒരു ഗള്‍ഫ് കുടുംബത്തിലാണ് ജനിച്ചുവളര്‍ന്നതെന്നതിനാല്‍ തന്നെ ഷോപ്പിംഗ് കമ്പം ഭാര്യയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. ലോക്ക്‌ഡൌണ്‍ കാലം ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ കൂടി പൂക്കാലമാണ്. പുറത്തിറങ്ങി സാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടാവുമ്പോള്‍ ആളുകള്‍ അതിലേക്ക് തിരിയുക സ്വാഭാവികമാണ്.
ഇവിടെ വര്‍ക്കിംഗ് വിമന്‍, ഹൌസ് വൈഫ് എന്നിങ്ങനെയുള്ള ചേരിതിരിവ് വ്യക്തമാണ്. തൊഴിലെടുക്കുന്ന സ്ത്രീ വരവുചെലവുകളുടെ അധികാരിയാണ്. എന്നാല്‍ ഹൌസ് വൈഫ് ചെലവിന്റെ മാത്രമേ അധികാരിയാവുന്നുള്ളൂ. . ഗള്‍ഫ് ഭാര്യ കൂടിയാവുമ്പോള്‍ ഇത് കുറച്ചുകൂടി വ്യക്തമാവുന്നു. കൈയില്‍ കിട്ടുന്ന പണം എങ്ങനെ ചെലവഴിക്കണമെന്നതിനെക്കുറിച്ചുമാത്രമേ ആലോചിക്കേണ്ടതുള്ളു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവര്‍ ജോലിയുള്ള സ്ത്രീകളെയാണ് ജീവിതപങ്കാളികളായി തിരഞ്ഞെടുക്കാറ്. എന്നാല്‍ ഡോക്ടര്‍മാരുടെ അവസ്ഥ മറ്റൊന്നാണ്. പണത്തിനല്ല, സമയത്തിനാണ് ദൌര്‍ലഭ്യം. അതുകൊണ്ടുതന്നെ, പോക്കര്‍ വിവാഹിതനാവുന്ന കാലത്ത്, ഡോക്ടര്‍മാര്‍ ജോലിയില്ലാത്ത സ്ത്രീകള്‍ക്കാണ് പ്രഥമപരിഗണന നല്‍കാറ്.
കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഓണ്‍ലൈന്‍ ക്ലാസ്സിനു വേണ്ടിയുള്ള പി.പി.ടി തയ്യാറാക്കാനായി ലാപ്‌ടോപ്പിന് മുമ്പിലിരിക്കുകയായിരുന്നു; ഭാര്യ സ്വന്തം ഫോണില്‍ യൂ ട്യൂബ് തുറന്നുവെച്ച്, ലോക്ക്ഡൗണ്‍ കാലത്തെ ഇരുപത്തിനാലാമത്തെ പലഹാരമുണ്ടാക്കാനായി അടുക്കളയിലും. പണി അങ്ങനെ മുന്നേറുന്നതിനിടയില്‍ നാട്ടില്‍ നിന്ന് ജ്യേഷ്ഠത്തിയുടെ ഫോണ്‍ കോള്‍. കൈയില്‍ മുഴുവന്‍ മസാലക്കൂട്ട്. മസാല പുരളാത്ത ഇടതുകൈയിലെ തളള വിരലും ചെറുവിരലും കൊണ്ട് ഫോണ്‍ അറ്റന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍, വാട്ടര്‍ ടാങ്ക് കവിഞ്ഞൊഴുകുന്ന ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. വെപ്രാളത്തോടെ അതിന്റെ സ്വിച്ച് ഒഫാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഫോണ്‍ കൈയില്‍ നിന്നു താഴെ വീണ് ചില്ലുപൊട്ടി; അതോടെ രോഷവും അണപൊട്ടി,
' എന്നും ലാപ്‌ടോപ്പിനു മുമ്പില്‍; ഒന്നിവിടെ വന്ന് സഹായിച്ചാലെന്താ ?'
പോക്കറും വെറുതെയിരുന്നില്ല. അങ്ങോട്ടുമിങ്ങോട്ടും കുറ്റപ്പെടുത്തലുകള്‍. മെല്ലെമെല്ലെ ശബ്ദം ഉച്ചത്തിലായി. അയല്‍ക്കാര്‍ ഓടിവന്നു.
കുറേ നേരം രണ്ടുപേരെയും കുറ്റപ്പെടുത്തുകയും ഉപദേശിക്കുകയുമൊക്കെ ചെയ്തതിനുശേഷം അനുരഞ്ജനശ്രമങ്ങളായി.
' ഞാന്‍ അന്നുതന്നെ പറഞ്ഞതല്ലേ, കന്നിമൂലയുടെ പ്രശ്‌നം പരിഹരിക്കണമെന്ന് ?,' പറയുന്നത് മൂര്‍ത്തിമാഷാണ്.
ശരിയാണ്;അടുക്കള ചെറുതായിപ്പോയെന്ന ഭാര്യയുടെ പരാതിയൊക്കെ പിന്നീടുണ്ടായതാണ്. എന്നാല്‍ മാഷാവട്ടെ, ആദ്യം തന്നെ കാര്യം പറഞ്ഞിരുന്നു.വീടിന്റെ പ്ലാന്‍ പ്രിന്റെടുത്ത് കൈയില്‍ കിട്ടിയ ഉടനെ കാണിച്ചത് അദ്ദേഹത്തെയായിരുന്നു. കക്കൂസുകളിലൊന്ന് കന്നിമൂലയിലായതിനാല്‍ നെഗറ്റീവ് എനര്‍ജിയുടെ പ്രശ്‌നങ്ങളുണ്ടാവുമെന്ന മാഷിന്റെ മുന്നറിയിപ്പ്, ഫിസിക്‌സില്‍ ബിരുദാനന്തരബിരുദവും ബി. എഡും ഉള്ള ഹയര്‍ സെക്കന്ററി അധ്യാപകനായിരുന്നു അദ്ദേഹമെന്നതിനാല്‍ തന്നെ വിശ്വസിക്കാതിരിക്കാന്‍ തോന്നിയില്ല. പണവും സമയവും മുടക്കി ഫിസിക്‌സിലെ ഏറ്റവും ആധുനികമായ ഗവേഷണങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പെയ്ഡും അല്ലാത്തതുമായ വെബ്‌സൈറ്റുകളൊക്കെ കയറിയിറങ്ങി തിരിച്ചുവന്നപ്പോഴാണറിയുന്നത്, ആ എനര്‍ജിയല്ല, ഈ എനര്‍ജിയെന്ന്. മൂര്‍ത്തി മാഷിനോട് വിവരം പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി, സയന്‍സിനതീതമായി ചിലതൊക്കെയുണ്ടെന്നാണ്. ശരിയാണ്, സയന്‍സിന്റെ രീതിശാസ്ത്രത്തിന് ചില പരിമിതികളുണ്ട്. അത് മുന്നോട്ടുവെക്കുന്ന വസ്തുനിഷ്ഠതയുടെ മാനദണ്ഡം കൊണ്ട് എല്ലാ കാര്യങ്ങളെയും അളക്കാനാവില്ല. മതവും വിശ്വാസവുമൊക്കെ ഇന്നും നിലനില്‍ക്കുന്നത് അതുകൊണ്ടാണ്. ഇപ്പോള്‍ മൂര്‍ത്തിമാഷ് പറയുന്നതാവട്ടെ, കുടുംബകലഹവും നെഗറ്റീവ് എനര്‍ജിയുടെ ഫലമാണെന്നാണ്. അപ്പോള്‍ ഈ നെഗറ്റീവ് എനര്‍ജി ആള് ചില്ലറക്കാരനല്ലല്ലോ.
സാബുമാഷിന്റെ സംസാരം മറ്റൊരു രീതിയിലാണ്. രണ്ടുപേരും ഒരേ സ്‌കൂളിലെ അധ്യാപകാണ്. പ്രായവും യോഗ്യതയും സര്‍വീസ് സീനിയോറിറ്റിയുമൊക്കെ ഏതാണ്ട് ഒന്നുതന്നെ. ഒരാള്‍ പഠിപ്പിക്കുന്നത് ഫിസിക്‌സാണെങ്കില്‍ രണ്ടാമത്തെയാള്‍ കെമിസ്ട്രി. സയന്‍സിന്റെ രണ്ടുശാഖകളാണ് പഠിപ്പിക്കുന്നതെങ്കിലും രണ്ടുപേരും ജീവിക്കുന്നത് വ്യത്യസ്തകാലഘട്ടങ്ങളിലാണെന്ന് തോന്നി. പലപ്പോഴും അതങ്ങനെയാണ് . ചില നാടുകളിലെ നവീനശിലായുഗസംസ്‌കാരങ്ങളെ മഹാമാരികള്‍ തുടച്ചുനീക്കുമ്പോള്‍ മറ്റുചില പ്രദേശങ്ങില്‍ നവീന ശിലായുഗം തുടങ്ങാനിരിക്കുകയായിരുന്നുവെന്ന് കുഹ്‌സ് ക്ലാസ്സില്‍ സുനീഷ് സാര്‍ പറഞ്ഞപ്പോള്‍ പോക്കര്‍ ഓര്‍ത്തത് കുട്ടിക്കാലത്തെ മംഗലാപുരം യാത്രകളാണ്. നാട്ടില്‍ കാണാത്ത പലതും അവിടെ കണ്ടു; അവയില്‍ പലതും ആധുനികസാങ്കതികവിദ്യയുടെ ഉത്പന്നങ്ങളായിരുന്നു. ട്രെയിനില്‍ നാട്ടില്‍ നിന്ന് മംഗലാപുരത്തെത്താന്‍ അല്‍പസമയം മാത്രമേ വേണ്ടതുള്ളൂ. ഭൂമിശാസ്ത്രപരമായി വളരെയടുത്തുനില്ക്കുന്ന ഈ പ്രദേശങ്ങള്‍ തമ്മിലുള്ള കാലികമായ അകലം അത്ര ചെറുതല്ലായിരുന്നു.
ഒന്ന് ഒരു കുഗ്രാമം; മറ്റേതാവട്ടെ വന്‍നഗരം. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളര്‍ച്ചയുടെ രണ്ട് ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന പ്രദേശങ്ങള്‍ ചെറിയൊരു ഭൂമിശാസ്ത്രപരിധിക്കുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ഒട്ടേറെ സ്ഥാപനങ്ങളും തൊഴില്‍ശാലകളുമുള്ള മംഗലാപുരത്ത് ഓട്ടോറിക്ഷകള്‍ ആവശ്യമായിരുന്നു. എന്നാല്‍ അവ നാട്ടിലെത്താന്‍ വൈകിയത് അത്തരം ആവശ്യകതകള്‍ ഇല്ലാതിരുന്നതിനാലാവാം. ഓട്ടോറിക്ഷകള്‍ ഇല്ലെങ്കിലും നാട്ടില്‍ കാറുകള്‍ ഉണ്ടായിരുന്നു. ഉമ്മ പറഞ്ഞത് പണ്ടൊക്കെ കാറില്ലായിരുന്നു എന്നാണ്. നാട്ടിലെ ഏറ്റവും വലിയ പണക്കാരായ മാളികവീട്ടുകാര്‍ക്ക് പല്ലക്കുണ്ടായിരുന്നുവത്രെ. രണ്ടാം ക്ലാസ്സിലാണെന്നുതോന്നുന്നു, വാഹനങ്ങളെക്കുറിച്ച് ഒരു പാഠം പഠിക്കാനുണ്ടായിരുന്നു. അതിലും പല്ലക്കിനെക്കുറിച്ച് പറയുന്നുണ്ട്. ഉമ്മ പറഞ്ഞത് ആ കാലത്തെക്കുറിച്ചാണെന്ന ധാരണയായിരുന്നു ആദ്യമൊക്കെ. അതിനിടയിലാണ് നാലാം ക്ലാസ്സിലായിരിക്കുമ്പോള്‍ എല്‍ എസ് എസ് എന്ന ലോവര്‍ സെക്കന്ററി സ്‌കോളര്‍ഷിപ്പ് പരീക്ഷയെഴുതുന്നത്. അതില്‍ മലയാളം, കണക്ക് പൊതുവിജ്ഞാനം എന്നിങ്ങനെ മൂന്നുവിഷയങ്ങളുണ്ടായിരുന്നു. പൊതുവിജ്ഞാനത്തിനുവേണ്ടി പഠിച്ച കാര്യങ്ങളില്‍ നിന്നാണ് നിക്കോളാസ് ജോസഫ് കഗ്‌നോട്ടില്‍ തുടങ്ങി പതിനെട്ടാം നൂറ്റാണ്ടുമുതലുള്ള ചരിത്രം ഓട്ടോമൊബൈലിന് പറയാനുണ്ടെന്ന് മനസ്സിലാക്കുന്നത്. ഈ മേഖലയില്‍ റുഡോള്‍ഫ് ഡീസലിന്റെയും കാള്‍ ബെന്‍സിന്റെയുമൊക്കെ ശ്രദ്ധേയമായ കാല്‍വെപ്പുകള്‍ ഉണ്ടായത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ഉമ്മ പറഞ്ഞ പണ്ടിന് അത്രയൊന്നും പഴക്കമില്ല. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വികാസവും അതുവഴിയുണ്ടാകുന്ന നാഗരികതയുടെ നാഴികക്കല്ലുകളും എല്ലായിടത്തും ഒരുപോലെയല്ല സ്വാധീനം ചെലുത്തുന്നതെന്ന് അങ്ങനെ മനസ്സിലായി. തൊട്ടടുത്ത രണ്ടുപ്രദേശങ്ങള്‍ക്കിടയില്‍ നൂറ്റാണ്ടുകളുടെ വ്യത്യാസമുണ്ടാവാം.
'' എന്തൊക്കെയാണിവിടെ സംഭവിച്ചത് ?,''
കാര്‍ത്ത്യായനിച്ചേച്ചിയാണ്. അവര്‍ കുളിക്കുകയായിരുന്നു. അതുകഴിഞ്ഞ് വഴക്കിന്റെ കാരണമന്വേഷിച്ച് വന്നതാണ്. പുതിയ സ്റ്റീല്‍ പ്ലെയ്റ്റ് വാങ്ങി കൊറോണയെത്തുരത്താനായി മുട്ടിയ ആളാണ് കാര്‍ത്ത്യായനിച്ചേച്ചി. മൂര്‍ത്തിമാഷും സാബും താമസിക്കുന്ന അതേ ക്വാര്‍ട്ടേഴ്‌സിലാണ്. കൊറോണാദേവിയെ ഉപാസിക്കാനായി ക്ഷേത്രങ്ങള്‍ വരെ ഉയര്‍ന്നുവരുന്ന കാലമാണല്ലോ. ചില അറബി വാക്യങ്ങളടങ്ങിയ തകിടുകള്‍ എലസ്സുകളാക്കി കേട്ടിയാല്‍ കൊറോണയുടെ ബാധയേല്‍ക്കില്ലെന്ന് പ്രസംഗിക്കുന്ന മുസ്ല്യാക്കന്മാരുമുണ്ട്. ഇവയൊക്കെയാണ് നാം ജീവിക്കുന്നത് പല നൂറ്റാണ്ടുകളിലാണെന്നതിന്റെ തെളിവ്. ഒരേ വ്യക്തി തന്നെ പല നൂറ്റാണ്ടുകളില്‍ ജീവിക്കാം. ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികളെ ഫിസിക്‌സ് പഠിപ്പിക്കുന്ന മൂര്‍ത്തിമാഷും നെഗറ്റീവ് എനര്‍ജിയുടെ വക്താവായ മൂര്‍ത്തിമാഷും ഒരേ നൂറ്റാണ്ടിനെ പ്രതിനിധാനം ചെയ്യാന്‍ വഴിയില്ലല്ലോ.
അവസാനമായി എത്തിയത് റസിയട്ടീച്ചറാണ്. മൂര്‍ത്തിമാഷും സാബുമാഷും പഠിപ്പിക്കുന്ന സ്‌കൂളിലെ ബയോളജി അധ്യാപിക.
''വന്നല്ലോ, ഇനി പഞ്ചരയായി'',
മൂര്‍ത്തിമാഷിനെയും റസിയട്ടീച്ചറെയും മാറിമാറി നോക്കികൊണ്ട് സാബുമാഷ് പറഞ്ഞു;
രണ്ടുപേരെയും ഒന്നിച്ചുകാണുമ്പോള്‍ സാബുമാഷ് എന്നും പറയുന്ന കമന്റാണ്, പഞ്ചാര. ആദ്യമൊക്കെ അതുകേട്ടപ്പോള്‍ തോന്നിയത് അവര്‍ തമ്മില്‍ അങ്ങനെയെന്തോ ഉണ്ടെന്നാണ്. മൂര്‍ത്തിമാഷിന്റെ ഭാര്യയുടെ മുമ്പില്‍ വെച്ചുതന്നെ അതുപറയുന്നത് കേട്ടപ്പോഴാണ് ഈ പഞ്ചാര സാധാരണഗതിയിലുള്ള പഞ്ചാരയല്ലെന്നുമനസ്സിലായത്. എങ്കിലും അതിന്റെ അര്‍ഥം ശരിക്കും പിടികിട്ടിയത് കോവിഡ് കാലത്താണ്. ഷെയ്ക്ക് ഹാന്റിനുമുകളില്‍ 'നമസ്‌തേ'യുടെ ആധിപത്യം ഉറപ്പിക്കാനുള്ള കുറുക്കുവഴിയായാണ് മഹാമാരിയെ മൂര്‍ത്തിമാഷ് കണ്ടത്.ഇതാ കണ്ടില്ലേ ലോകം മുഴുവന്‍ ഷെയ്ക്ക് ഹാന്റ് ഒഴിവാക്കി നമ്മുടെ നമസ്‌തേയിലേക്കുവരുന്നു എന്ന കുറിപ്പുകള്‍ സാമൂഹികമാധ്യമങ്ങളില്‍ മാഷ് പോസ്റ്റ് ചെയ്തുകൊണ്ടേയിരുന്നു. മാത്രമല്ല, സാമൂഹികാകലം പാലിക്കുകയെന്ന ജാഗ്രതാനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അയിത്തം ശാസ്ത്രീയമാണെന്ന് സ്ഥാപിക്കാനും അദ്ദേഹം തയാറായി.ഇതേ മനോഭാവത്തിന്റെ മറ്റേയറ്റത്താണ് റസിയട്ടീച്ചര്‍ നിലകൊണ്ടത്. നിഖാബിന്റെ മഹത്ത്വം വിളംബരം ചെയ്യാനുള്ള അവസരമായി അവര്‍ കൊറോണക്കാലത്തെ കണ്ടു.
സാബുമാഷിന്റെ പഞ്ചാരപ്രയോഗം അക്ഷരംപ്രതി ശരിയാണ്. രണ്ടുപേരും തമ്മില്‍ വലിയ വ്യത്യാസമില്ല. കെമിസ്ട്രി അധ്യാപകനായതിനാല്‍ സാബുമാഷിന്റെ തമാശകളില്‍ ചെറിയൊരു കെമിസ്ട്രി ടച്ച് എന്നും കാണും. വ്യത്യസ്തസമുദായങ്ങളില്‍ പിറന്നു എന്ന വ്യത്യാസം മാത്രമേ മൂര്‍ത്തിമാഷും റസിയട്ടീച്ചറും തമ്മിലുള്ളൂ. രണ്ടുപേര്‍ക്കും ഏറെക്കുറെ ഒരേ പ്രായമാണ്. ഒരേ ആശുപത്രിയില്‍ ഒരേ ദിവസം അവര്‍ ജനിക്കുകയും അബദ്ധവശാല്‍ കുട്ടികള്‍ മാറിപ്പോകുകയും ചെയ്തിരുന്നുവെങ്കില്‍ മൂര്‍ത്തിമാഷ് നിഖാബിന്റെയും റസിയട്ടീച്ചര്‍ കന്നിമൂലയുടെയും വക്താക്കളായി മാറുമായിരുന്നുവെന്ന് സാബുമാഷ് പറയാറുണ്ട്. ഒരാളുടെ മിറര്‍ ഇമേജാണ് രണ്ടാമത്തെയാള്‍. ഗ്ലൂക്കോസും ഫ്രക്ടോസും തമ്മില്‍ ഘടകമൂലകങ്ങുടെ സ്വഭാവത്തിലോ തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണത്തിലോ വ്യത്യാസമില്ല. രണ്ടും ചേര്‍ന്നാല്‍ സുക്രോസ്. അതുതന്നെയാണ് മലയാളത്തിലെ പഞ്ചസാര അഥവാ പഞ്ചാര. അനുരഞ്ജനം വിജയിച്ചതാണോ ആള്‍ക്കാര്‍ ഓടിക്കൂടിയ ജാള്യതയില്‍ ഭാര്യ സ്വയം തണുത്തതാണോയെന്നറിയില്ല, കലഹത്തിന്റെ അന്തരീക്ഷം പെട്ടെന്നുതന്നെ മാറിയിരുന്നു.
'' ഇനി യൂട്യൂബ് നോക്കി പുതിയ പലഹാരങ്ങളുണ്ടാക്കുമ്പോള്‍ തിന്നാനായി ഞങ്ങളെയും വിളിക്കണം, കേട്ടോ'',
തിരിച്ചുപോകാനൊരുങ്ങുന്ന സാബുമാഷിന്റേതാണ് കമന്റ്.
സര്‍വൈവല്‍ ഓഫ് ദ ഫിറ്റെസ്റ്റ് (അധ്യായം ഒന്ന്)
പാവ് ലോവിന്റെ പട്ടി (അധ്യായം രണ്ട്്)
പാന്‍ഡെമിക് പാനിക്കുകള്‍(അധ്യായം മൂന്ന് )
നോഹയുടെ പ്രവചനം ((അധ്യായം നാല്)
Keywords: Athijeevanam, Malayalam Novel, Indrajith, Corana, Covid 19, Shake hand, Namaste , Kannomoola , Niqab, Negative Energy, Top-Headlines, niqab and then negative energy