കാട്ടാനകളുടെ അക്രമത്തില്‍ കൃഷി നാശനഷ്ടമുണ്ടായവര്‍ക്ക് അടിയന്തര ധനസഹായം നൽകണമെന്ന് എം വി ബാലകൃഷ്ണന്
കാറഡുക്ക: (www.kasargodvartha.com 01.11.2020) കാട്ടാനകളുടെ അക്രമം വ്യാപകമായ സാഹചര്യത്തിൽ കൃഷി നാശനഷ്ടമുണ്ടായവര്‍ക്ക് അടിയന്തരമായി ധനസഹായം നല്‍കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന് ആവശ്യപ്പെട്ടു.
ബാളക്കണ്ടം, കാറഡുക്ക, കര്‍മംതോടി, കാനത്തൂര്‍, കെട്ടുംകുഴി, കാനത്തൂര്‍ നെയ്യങ്കയം, നീരവളപ്പ്, വീട്ടിയടുക്കം, കുണ്ടൂച്ചി എന്നിവിടങ്ങളിലാണ് കാട്ടാനശല്യം അതിരൂക്ഷമായിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കൃഷിയിടവും മറ്റും മൊത്തമായി നശിപ്പിക്കുകയാണ്.
നിരവധി പേരാണ് കാട്ടാനകളുടെ മുന്നില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടത്. കര്‍ഷകരെ സഹായിക്കാന്‍ വനംവകുപ്പിനൊപ്പം റവന്യു വകുപ്പും മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യജീവനും വീടുകള്‍ക്കും ഒരുപോലെ ഭീഷണി മുഴക്കുന്ന ആനകൂട്ടങ്ങളെ നാട്ടുകാരും വനംവകുപ്പുദ്യോഗസ്ഥരും ചേര്‍ന്നു തിരിച്ചയച്ചുവെങ്കിലും എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാമെന്ന ഭയത്തിലാണ് ജനങ്ങള്‍.
സൗരോര്‍ജവേലി നിര്‍മിച്ചതു കൊണ്ടുമാത്രം കാട്ടാനകളെ തടയാന്‍ കഴിയില്ല. വരവ് നിയന്ത്രിക്കാനായി അതിര്‍ത്തികളിലും ആനകള്‍ നിരന്തരം ഉപയോഗിക്കുന്ന വഴികളിലും എലിഫന്റ് പ്രൂഫ് ട്രഞ്ച് (ഇപിടി) സ്ഥാപിക്കണം, ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
മുളിയാര്‍, കാറഡുക്ക പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ കാട്ടാനകള്‍ കൃഷി നശിപ്പിച്ച പ്രദേശങ്ങള്‍ സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്, സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു, കെ കുഞ്ഞിരാമന് എംഎല്‍എ, ഏരിയാ സെക്രട്ടറി സിജി മാത്യു എന്നിവര്‍ സന്ദര്‍ശിച്ചു