മന്‍സൂര്‍ അലിയുടെ കൊലയ്ക്ക് പിന്നില്‍ സ്വര്‍ണ ഇടപാട്? കൊലയാളി സംഘത്തില്‍ ഒമ്പതുപേര്‍, സഹായികളായ മൂന്ന് പേര്‍ പിടിയില്‍, ഓട്ടോ റിക്ഷ കസ്റ്റഡിയില്‍
Jan 27, 2017, 12:53 IST
കാസര്‍കോട്: (www.kasargodvartha.com 27/01/2017) പൈവളിഗെ ബായാര്‍പദവ് സുന്നക്കട്ടയില്‍ കൊല്ലപ്പെട്ട തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയിലെ താമസക്കാരനുമായ മന്‍സൂര്‍ അലിയുടെ ഘാതകരെ പോലീസ് തിരിച്ചറിഞ്ഞു. കൊലയാളി സംഘത്തില്‍ ഒമ്പത് പേരാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. കൊലയാളികള്‍ക്ക് സഹായംചെയ്തുകൊടുത്ത മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. ഒരു ഓട്ടോ റിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബായാറിലെ ഒരു സഹകരണ സംഘത്തില്‍നിന്നും പണയ സ്വര്‍ണം എടുത്തുനല്‍കാമെന്ന് പറഞ്ഞാണ് മന്‍സൂര്‍ അലിയെ ബായാറിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് സൂചന. മന്‍സൂര്‍ അലിയുടെ ബാഗിലുണ്ടായിരുന്ന പണം തട്ടിപ്പറിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. പഴയ സ്വര്‍ണം എടുക്കുന്നതുമായിബന്ധപ്പെട്ട് വിലയെചൊല്ലി തര്‍ക്കമുണ്ടായിരുന്നതായും പിന്നീട് പണംതട്ടിപ്പറിച്ചശേഷം കൊലനടത്തുകയുമായിരുന്നുവെന്നുമാണ് സംശയിക്കുന്നത്. സ്വര്‍ണത്തിന്റെ വിലയായിനല്‍കുന്ന പണം ബാഗില്‍സൂക്ഷിച്ച മന്‍സൂര്‍ അലി ഇതില്‍നിന്നും മൂന്ന് ലക്ഷത്തോളം രൂപ പോക്കറ്റില്‍ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
മന്‍സൂര്‍ അലി പണം സൂക്ഷിച്ചവിവരം കൊലയാളികള്‍ അറിയാത്തതുകൊണ്ടാണ് പോക്കറ്റിലുണ്ടായിരുന്ന പണം എടുക്കാന്‍കഴിയാതിരുന്നതെന്നും സംശയിക്കുന്നു. ബായാര്‍ മുളിഗദെ സ്വദേശിയായ ഒരാളും മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ ഒരാളും മറ്റൊരാളുമാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്. ഇതിന് മുമ്പും മന്‍സൂര്‍ അലി ഇവരുമായി പണയ സ്വര്‍ണ ഇടപാട് നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളില്‍ ഒരാളെ ഉപ്പള ബായിക്കട്ടയില്‍വെച്ചും മറ്റൊരാളെ കൈക്കമ്പയില്‍വെച്ചും ഒരാളെ ഉപ്പള ടൗണില്‍വെച്ചുമാണ് പോലീസ് പിടികൂടിയത്.
പണയ സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് മന്‍സൂര്‍ അലിയെ ഓട്ടോ റിക്ഷയില്‍ പലസ്ഥലത്തും കൊണ്ടുപോയിരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്. കൃത്യം നടത്തിയ മൂന്ന് പേരിലൊരാള്‍ തമിഴ്‌നാട് സ്വദേശിയാണെന്നും ഇയാളുടെ ഓമിനി വാനിലാണ് കൊലയാളി സംഘം മന്‍സൂര്‍ അലിയെ തട്ടിക്കൊണ്ടുപോയതെന്നും സംശയിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News:
മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഓംനി വാന്‍ സിസിടിവിയില്‍ കുടുങ്ങിയതായി സൂചന; മരണകാരണം ആയുധം കൊണ്ടുള്ള മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
മഞ്ചേശ്വരത്ത് കൊല്ലപ്പെട്ടത് തളങ്കര സ്വദേശി; സ്‌കൂട്ടര്‍ കറന്തക്കാട്ട് കണ്ടെത്തി
കൊല്ലപ്പെട്ടയാളുടെ പോക്കറ്റില്‍ നിന്നും 3.10 ലക്ഷം രൂപ കണ്ടെത്തി
മഞ്ചേശ്വരത്ത് യുവാവിനെ അടിച്ചുകൊന്ന് കിണറില്‍ തള്ളി; കിണറ്റിന്‍കരയില്‍ മുളകുപൊടിയും വാഹനത്തിന്റെ പൊട്ടിയ ഗ്ലാസും കണ്ടെത്തി