പ്ലൈവുഡുമായി പോകുകയായിരുന്ന ലോറിയിൽ കെട്ടിയ കയർപൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു; കാബിനകത്തുണ്ടായിരുന്ന ദ്രാവകത്തിന് തീപിടിച്ച് ഡ്രൈവറും ക്ലീനറും വെന്തുമരിച്ചു; രക്ഷാപ്രവർത്തനത്തിനിടെ 2 യുവാക്കൾക്കും പൊള്ളലേറ്റു
Dec 29, 2020, 22:07 IST
കാസർകോട്: (www.kasargodvartha.com 29.12.2020) പ്ലൈവുഡുമായി പോകുകയായിരുന്ന ലോറിയിൽ കെട്ടിയ കയർപൊട്ടി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. മറിഞ്ഞ ലോറിയുടെ കാബിനകത്തുണ്ടായിരുന്ന കന്നാസിൽ സൂക്ഷിച്ചിരുന്ന കെമിക്കലിന് തീപ്പിടിച്ച് ഡ്രൈവറും ക്ലീനറും വെന്തുമരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ നാട്ടുകാരായ രണ്ട് യുവാക്കൾക്കും പൊള്ളലേറ്റു.
ചൗക്കി കല്ലങ്കൈ ദേശീയപാതയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് അപകടം സംഭവിച്ചത്. പ്ലൈവുഡ് കയറ്റി വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് മറിഞ്ഞത്. കര്‍ണാടക മയന്നവാര്‍ സ്വദേശി ഹനുമന്തപ്പയുടെ മകന്‍ അശോക (28), ഒപ്പമുണ്ടായിരുന്ന ക്ലീനർ പ്രദീപ് (29) എന്നിവരാണ് മരിച്ചത്.
ഡ്രൈവറുടെ കാബിനില്‍ പ്ലൈവുഡ് ഒട്ടിക്കുന്നതിനുള്ള പശ രൂപത്തിലുള്ള ദ്രാവകം സൂക്ഷിച്ചിരുന്നു. മറിഞ്ഞ ലോറിയില്‍ നിന്ന് കെമിക്കൽ ഡ്രൈവറുടെയും ക്ലീനറുടെയും ദേഹത്ത് മറിയുകയും ഇതിൽ നിന്ന് തീ പടരുകയുമായിരുന്നു.
മരിച്ച അശോകയുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച ബന്ധുക്കള്‍ എത്തിയ ശേഷം ഇൻക്വസ്റ്റ് നടത്തും. ഇതിനിടെയാണ് അപകടം കണ്ട് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ കല്ലങ്കൈയിലെ സവാദിനും, ശാഫിക്കും പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോറിയിലുണ്ടായിരുന്ന കെമിക്കൽ ആണ് ഇരുവരും വെന്തുമരിക്കാനും രക്ഷാപ്രവർത്തനം നടത്തിയ യുവാക്കൾക്ക് പരിക്കേൽക്കാനും ഇടയായതെന്ന് കരുതുന്നുവെന്ന് പോലീസ് സൂചിപ്പിച്ചു.
Keywords: Kerala, News, Kasaragod, Chowki, Accident, Accidental Death, Death, Lorry, Driver, Top-Headlines, Injured, Hospital, Lorry overturned on the national highway; driver dies.
< !- START disable copy paste -->