കാസര്‍കോട് പ്രസ് ക്ലബിന്റെ കെ എം അഹ മദ് സ്മാരക മാധ്യമ അവാര്‍ഡ് മാതൃഭൂമി ന്യൂസിന്
Dec 28, 2020, 17:40 IST
കാസര്‍കോട്: (www.kasargodvartha.com 28.12.2020) പ്രസ് ക്ലബിന്റെ ഇത്തവണത്തെ മാധ്യമ അവാര്‍ഡ് മാതൃഭൂമി ന്യൂസിന്. മാതൃഭൂമിയില്‍ സംപ്രേഷണം ചെയ്ത തിരുവനന്തപുരം ജില്ലയിലെ വിതുര കല്ലൂപ്പാറ ആദിവാസി സെറ്റില്‍മെന്റ് കോളനിയില്‍
ഒരു കൂട്ടം പൊലീസുകാരുടെ നേതൃത്വത്തില്‍ നടന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ന്യൂസ് സ്റ്റോറിക്കാണ് അവാര്‍ഡ്. കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ ആദിവാസി മേഖലയില്‍ അപര്യാപ്തമായ അതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ മലകള്‍ താണ്ടിയെത്തിയ വിതുരയിലെ പൊലീസ് സേനയെക്കുറിച്ചും സെറ്റില്‍മെന്റ് കോളനിയില്‍ ഒരു താല്‍കാലിക പള്ളിക്കൂടം നിര്‍മ്മിക്കുകയും ചെയ്ത വാര്‍ത്തയാണ് അവാര്‍ഡിന് അര്‍ഹമായത്.
മാധ്യമ പ്രവര്‍ത്തകന്‍ എം പി ബശീര്‍, പ്രൊഫ. എം എ റഹ് മാന്‍, സുബിന്‍ ജോസ് എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡിന്‍ അര്‍ഹമായ വാര്‍ത്ത തിരഞ്ഞെടുത്തത്. ആദിവാസി വിഭാഗങ്ങളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടു വരാന്‍ എല്ലാവരും കൈകോര്‍ക്കണമെന്ന സന്ദേശം കൂടി ഈ വാര്‍ത്ത നല്‍കുന്നുവെന്ന് ജൂറി വിലയിരുത്തി.
മാതൃഭൂമി ന്യൂസ് തിരുവനന്തപുരം ബ്യുറോയിലെ മിഥുന്‍ സുധാകരനാണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്. വിഷ്ണു പ്രസാദിന്റേതാണ് ദൃശ്യങ്ങള്‍. അവാര്‍ഡ് തുകയായ 10000 രൂപയും റിപോര്‍ട്ടര്‍ക്കും ക്യാമറാമാനുമുള്ള ഫലകവും 31ന് പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന കെ എം അഹ് മദ് അനുസ്മരണ പരിപാടിയില്‍ വെച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി വിതരണം ചെയ്യും.
Keywords: Kasaragod, News, Kerala, Press Club, Award, Police, COVID-19, Media worker, Thiruvananthapuram, Rajmohan Unnithan, Top-Headlines, KM Ahmed Memorial Media Award Declared