കാസർകോട്ട് നിന്നും കാണാതായ മുംബൈ യുവതി കാമുകനെ വിവാഹം കഴിച്ചു; യുവതിയെ തട്ടികൊണ്ടു പോയതാണെന്ന് ബന്ധുക്കളുടെ പരാതി
Jan 8, 2021, 18:26 IST
ബേക്കല്‍: (www.kasargodvartha.com 08.00.2021) ബേക്കലിൽ നിന്നും കാണാതായ മുംബൈ യുവതിയെ മലയാളി യുവാവ് ക്ഷേത്രത്തില്‍ വെച്ച് താലികെട്ടി. വിവാഹ ചടങ്ങുകള്‍ മൊബൈലില്‍ പകര്‍ത്തി നവവധു വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തു. നവദമ്പതികളെ കണ്ടെത്താനുള്ള പരക്കം പാച്ചിലിലാണ് ബേക്കല്‍ പോലീസ്.
ഏതാനും നാളുകളായി ബേക്കലിൽ മാതാപിതാക്കള്‍ക്കൊപ്പം താമസമാക്കിയ പത്തൊമ്പതുകാരിയായ മുംബൈ യുവതി ജാസ്മിന്‍ ശെയ്ഖാണ് യുവാവിനൊപ്പം ഒളിച്ചോടി വിവാഹിതരായത്.
മകളെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ജാസ്മിന്‍ ക്ഷേത്രാചാര പ്രകാരം വിവാഹം കഴിക്കുന്ന ദൃശ്യങ്ങള്‍ ബന്ധുവിന്റെ മൊബൈലിലേക്ക് എത്തിയത്.
ഒരു ശിവക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടന്നിരിക്കുന്നത്. യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബേക്കല്‍ പോലീസ്. ജാസ്മിന്‍ അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ പരിശോധിച്ച് ഏത് ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ബേക്കല്‍ എസ് ഐ പി അജിത്ത്കുമാര്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ മാതാവ് മുംബൈ സ്വദേശിനിയാണ്. യുവതിയെ കണ്ടെത്താൻ പൊലീസ് സൈബർ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. പെൺകുട്ടിയെ യുവാവ് തട്ടികൊണ്ടു പോയതാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
Keywords: Kasaragod, News, Bekal, Woman, Man, Marriage, Missing, Mumbai, Temple, Police, Case, Complaint, Top-Headlines, Kasargod: Malayalee man kidnapped a Mumbai woman and married her.
< !- START disable copy paste -->