കാസർകോട് ഹർത്താൽ പ്രതീതിയിൽ, കെഎസ്ആർടിസി അത്യാവശ്യ സെർവീസ് മാത്രം, നഗരത്തിൽ പൊലീസ് പരിശോധന, അനാവശ്യ യാത്രകൾ അനുവദിക്കുന്നില്ല
കാസർകോട്: (www.kasargodvartha.com 24.04.2021) കോവിഡ് കേസുകളുടെ എണ്ണം രൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ഏർപെടുത്തിയ ലോക് ഡൗണിന് സമാനമായ രീതിയിലുള്ള നിയന്ത്രണങ്ങൾ കാസർകോട്ട് ഹർത്താലിന്റെ പ്രതീതി സൃഷ്ടിച്ചു.
പൊലീസിന്റെ പരിശോധനയിലും നിരീക്ഷണത്തിലുമാണ് നഗരം. അനാവശ്യ യാത്രകൾ അനുവദിക്കുന്നില്ല. യാത്ര ചെയ്യുന്നവരുടെ രേഖകളും പരിശോധിക്കുന്നുണ്ട്. പ്രിൻസിപൽ എസ് ഐ കെ ഷാജു, അബ്ദുർ റസാഖ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് പരിശോധന നടക്കുന്നത്. പൊലീസ് തടയുന്നതിനെതിരെ ചുരുക്കം യാത്രക്കാർ ബഹളം വെക്കുന്നതായും റിപോർടുണ്ട്.
കെഎസ്ആർടിസി അത്യാവശ്യ സെർവീസ് മാത്രം നടത്തുന്നു. സ്വകാര്യ ബസുകൾ വളരെ കുറച്ചു മാത്രമേ ഓടുന്നുള്ളൂ. ഓടോറിക്ഷയും അധികം നിരത്തിലിറങ്ങിയിട്ടില്ല. ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി, പാൽ, ഇറച്ചി, മീൻ എന്നിവ വിൽക്കുന്ന കടകൾക്ക് മാത്രമാണ് അനുമതിയുള്ളത്. മെഡികൽ തുടങ്ങിയ അവശ്യ സ്ഥാപനങ്ങളും തുറന്നിട്ടുണ്ട്. സർകാർ ഓഫീസുകൾ, ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവ തുറന്ന് പ്രവർത്തിക്കുന്നില്ല.
ശനിയാഴ്ച ഹയർ സെകൻഡറി പരീക്ഷയും നടക്കുന്നുണ്ട്. സ്ഥാപനങ്ങളിലെ ജീവനക്കാരെ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ യാത്ര അനുവദിക്കുന്നുണ്ട്. ദീർഘദൂര ബസ് സെർവീസുകൾ, ട്രെയിനുകൾ, വ്യോമഗതാഗതം എന്നിവ അനുവദനീയമാണ്. ഈ യാത്രക്കാർക്ക് സഹായമായി വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റോപുകൾ, ബസ് ടെർമിനലുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം, സ്വകാര്യ, ടാക്സി വാഹനങ്ങൾ എന്നിവയ്ക്ക് അനുമതിയുണ്ട്.
Keywords: Kasaragod, Kerala, News, Top-Headlines, COVID-19, KSRTC, Police, Traveling, Shop, Fruits, Vegetable, Fish, School, Examination, Bus, Kasargod is in hartal effect, KSRTC only emergency service, Police checking in city, unnecessary travels are not allowed.
< !- START disable copy paste -->