പ്രതിദിന കോവിഡ് പരിശോധനയിലും വാക്സിനേഷനിലും സംസ്ഥാനത്ത് ഒന്നാമതായി കാസർകോട്
Jun 30, 2021, 20:39 IST
കാസർകോട്: (www.kasargodvartha.com 30.06.2021) പ്രതിദിന കോവിഡ് പരിശോധനയിലും വാക്സിനേഷനിലും സംസ്ഥാനത്ത് ഒന്നാമതായി കാസർകോട്. 142 ശതമാനമാണ് ജില്ലയിലെ പ്രതിദിന പരിശോധന. 45 വയസിന് മുകളിലുള്ളവരുടെ കുത്തിവെപ്പ് 98 ശതമാനം പൂർത്തീകരിക്കാനും സാധിച്ചു. കോവിഡ് ഒന്നാം തരംഗത്തിൽ മികച്ച പ്രവർത്തനങ്ങളിലൂടെ മുഴുവൻ രോഗികളെയും കോവിഡ് രോഗമുക്തരാക്കാൻ സാധിച്ചിരുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം എടുത്താൽ 0.3 ശതമാനമാണ് മരണ നിരക്ക്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും ചികിത്സിച്ച് ഭേദമാക്കാൻ സാധിച്ചതിലൂടെയാണ് മരണ നിരക്ക് പിടിച്ചു നിർത്താൻ സാധിച്ചത്.
കൂടുതൽ രോഗികൾ ഉള്ള പ്രദേശങ്ങൾ കണ്ടെത്തി നിയന്ത്രണങ്ങൾ അതതു മേഖലകളിൽ മാത്രമായി നിജപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സ്ട്രാറ്റേഡ് മൾടി സ്റ്റേജ് റാൻഡം സാംപ്ലിങ്ങ് പരിശോധന രീതിയും ജില്ലയിൽ അവലംബിക്കുന്നുണ്ട്. എട്ട് ആരോഗ്യ ബ്ലോകുകളിലെ 777 വാർഡുകളിലേക്കും പരിശോധന വ്യാപിപ്പിക്കാൻ സാധിച്ചു. ഏഴ് ദിവസത്തിന് ശേഷം തുടർ പരിശോധന ഉൾപെടെ സാധ്യമാകും വിധമാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ഓടോറിക്ഷ ഡ്രൈവർമാർ, ബസ് ജീവനക്കാർ, കടയുടമകൾ, കടകളിലെയും ഫാക്ടറികളിലേയും വ്യവസായ-വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാർ എന്നിവരും ഉൾപെടെ പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും ജീവനക്കാരും പരിശോധനക്ക് വിധേയരാകുന്നുണ്ട്.
ഉക്കിനടുക്ക ഗവ. മെഡികൽ കോളജ് ആശുപത്രി, ടാറ്റ കോവിഡ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ ലഭ്യമാക്കാനായതോടെയാണ് മറ്റു ജില്ലകളിലെ അപേക്ഷിച്ച് മരണസംഖ്യ പിടിച്ചു നിർത്താൻ സാധിച്ചത്. കോവിഡ് മൂർച്ഛിച്ച രോഗികളെ പരിയാരത്തേക്കോ മംഗളൂറിലേക്കോ കൊണ്ടു പോകുമ്പോഴുണ്ടാകുന്ന യാത്രാ ദൈർഘ്യം കുറക്കാൻ ഈ ആശുപത്രികളുടെ സേവനം കൊണ്ട് സാധിച്ചിട്ടുണ്ട്.
Keywords: Kerala, News, Kasaragod, COVID-19, Corona, Top-Headlines, Test, Report, Vaccinations, Health-Department, Kasaragod ranks first in the state in daily COVID testing and vaccination.
< !- START disable copy paste -->