കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് നിർബന്ധമാക്കി കർണാടക; തലപ്പാടിയിൽ വാഹനങ്ങൾ തടഞ്ഞു; കനത്ത പ്രതിഷേധത്തെ തുടർന്ന് വെള്ളിയാഴ്ച ഇളവ്
തലപ്പാടി: (www.kasargodvartha.17.03.2021) കേരളത്തിൽ നിന്ന് വരുന്നവർക്ക് അതിർത്തി കടക്കാൻ കർണാടക സർകാർ കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് നിർബന്ധമാക്കി. ഇതേ തുടർന്ന് തലപ്പാടി അതിർത്തിയിൽ കർണാടക ഉദ്യോഗസ്ഥർ കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾ തടഞ്ഞു. വിവരം അറിഞ്ഞു നാട്ടുകാർ പ്രതിഷേധിച്ചതോടെ വെള്ളിയാഴ്ച ഇളവ് അനുവദിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ശനിയാഴ്ച മുതൽ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് ഇല്ലാതെ കടത്തി വിടില്ലെന്നും അവർ പറഞ്ഞു. സർകാർ നടപടിക്കെതിരെ കോൺഗ്രസ് നേതാവ് സുബ്ബയ്യ റൈ ഹൈകോടതിയിൽ നൽകിയ പൊതുതാത്പര്യ ഹർജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് വീണ്ടും കർണാടകയുടെ ഭാഗത്ത് നിന്ന് അതിർത്തി തടയുന്ന സംഭവം ഉണ്ടായത്.
ഒരു മാസം മുമ്പും കർണാടകയുടെ ഭാഗത്ത് നിന്ന് സമാന നടപടികൾ ഉണ്ടായിരുന്നു. കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം വ്യാപിക്കുന്നതിനാൽ കാസർകോട്ട് നിന്ന് ദക്ഷിണ കന്നഡ ജില്ലയിലേക്ക് അഞ്ച് റോഡുകളിലൂടെ മാത്രമേ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ഡെപ്യൂടി കമീഷണർ ഡോ. കെ വി രാജേന്ദ്ര ഫെബ്രുവരി 16 ന് ഉത്തരവിറക്കിക്കിയിരുന്നു. ചെക് പോസ്റ്റ് കടക്കാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സെർടിഫികറ്റ് നിർബന്ധമാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് അതിർത്തിയിൽ നടന്നത്. ഇതേതുടർന്ന് കർണാടക സർകാർ പിന്നോക്കം പോയിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് ഉള്ളവരെ മാത്രം അതിർത്തി കടത്തി വിട്ടാൽ മതിയെന്ന് തീരുമാനിച്ചിരുന്നു. ഈ തീരുമാന പ്രകാരമാണ് ഉദ്യോഗസ്ഥർ വീണ്ടും അതിർത്തിയിൽ പരിശോധന നടത്തിയത്. ശനിയാഴ്ചയും ഉദ്യോഗസ്ഥർ തടഞ്ഞാൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നാട്ടുകാർ അറിയിച്ചു.
Keywords: Kasaragod, Kerala, Thalappady, Karnataka, News, COVID-19, Vehicles, KSRTC, Protest, Government, Top-Headlines, Check-post, Minister, Karnataka makes Covid negative certificate compulsory; Vehicles got blocked at Thalappadi; Following heavy protests, relief on Friday.
< !- START disable copy paste -->