പേ ഇളകിയ നായ ആക്രമിച്ച അധ്യാപകനെ തിരിച്ചറിഞ്ഞു; കടിയേറ്റത് പാന്റിനെന്ന് സര്‍വ്വേക്കെത്തിയ അധ്യാപകന്റെ വിശദീകരണം
ചെറുവത്തൂര്‍: (www.kasargodvartha.com 20.10.2020) പേ ഇളകിയ നായ ആക്രമിച്ച അധ്യാപകനെ തിരിച്ചറിഞ്ഞു. കടിയേറ്റത് പാന്റിനാണെന്നും ശരീരത്തില്‍ കടിയേറ്റിട്ടില്ലെന്നും സര്‍വ്വേക്കെത്തിയ അധ്യാപകന് വിശദീകരിച്ചു. സാമ്പത്തീക സര്‍വ്വേക്കായി കയ്യൂരിലെത്തിയപ്പോഴാണ് നായയുടെ ആക്രമണത്തിനിരയായത്.
നീലേശ്വരം ബ്ലോക്ക് ഓഫീസിനു സമീപത്തെ രഞ്ജിരാജ് എന്ന അധ്യാപകനെയാണ് നായ ആക്രമിച്ചത്. തലനാരിഴയ്ക്കാണ് ശരീരത്തില്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ശരീരത്തില്‍ പോറല്‍ പോലും ഏറ്റിട്ടില്ലെങ്കിലും മുന്‍കരുതല്‍ എടുത്തതായി അധ്യാപകന് അറിയിച്ചു. സംഭവ സമയം അയല്‍ വീട്ടിലുള്ളവര്‍ ഓടിയെത്തിയാണ് നായയെ ഓടിച്ചത്.
ഞായറാഴ്ച കയ്യൂര്‍ പ്രദേശത്ത് ഇക്കണോമിക് സര്‍വെ നടത്താന്‍ എത്തിയ നീലേശ്വരം സ്വദേശിയായ അധ്യാപകനെ ഒരു നായ ആക്രമിച്ചതായും നായക്ക് പിന്നീട് പേ പിടിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും അധ്യാപകന്റെ പേരോ മറ്റു വിവരങ്ങളൊ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഇക്കാര്യം അധ്യാപകനിലേക്ക് എത്തിക്കുന്നതിനായി കയ്യൂര്‍ വില്ലേജ് ഓഫീസറുടെ അറിയിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധ്യാപകന് മറുപടിയുമായി രംഗത്ത് വന്നത്.