വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂടീവ് ഓഫീസറെ സര്‍വീസില്‍ നിന്നും നീക്കിയ നടപടി ഹൈകോടതി ശരിവെച്ചു; അപീല്‍ നല്‍കാന്‍ സി ഇ ഒ
കൊച്ചി: (www.kasargodvartha.com 05.02.2021) സംസ്ഥാന വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂടീവ് ഓഫിസര്‍ അഡ്വ. ബിഎം ജമാലിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത സര്‍കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈകോടതി തള്ളി.
വഖഫ് നിയമപ്രകാരം ഡെപ്യൂടി സെക്രടറി റാങ്കിലുള്ള ചീഫ് എക്‌സിക്യൂടീവ് ഓഫീസറുടെ തസ്തികയില്‍ നിയമവിരുദ്ധമായി അഡീഷണല്‍ സെക്രടറിയുടെ ശമ്പളവും ആനുകൂല്യങ്ങളും വീട്ടു വാടകയായി മാത്രം 48,500 രൂപയും കൈപറ്റി വന്ന വിജിലന്‍സ് കേസില്‍ പ്രതിയായ ജമാല്‍ സര്‍കാര്‍ ജീവനക്കാരുടെ റിടയര്‍മെന്റ് പ്രായമായ 58 വയസ്സിനു ശേഷവും സര്‍വീസില്‍ തുടരാന്‍ ശ്രമിച്ചതിനെതിരെ വഖഫ് സംരക്ഷണ വേദി പരാതി നല്‍കിയിരുന്നു.
ജമാലിനെ സര്‍വീസില്‍ നിന്നും നീക്കം ചെയ്ത സര്‍കാര്‍ നടപടി ചോദ്യം ചെയ്ത ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിക്കാരന് വഖഫ് ബോര്‍ഡ് സര്‍വീസില്‍ തുടരാന്‍ യാതൊരവകാശവും ഇല്ലെന്നും ഹൈകോടതി ഉത്തരവില്‍ പറയുന്നു.
കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍സെല്‍ രജിസ്റ്റര്‍ ചെയ്ത വി സി 1/ 2018 കേസില്‍ ജമാല്‍ വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നു വരികയാണ്. മുവാറ്റുപുഴ വിജിലന്‍സ് കോടതി സി എം പി 2222/2016 നമ്പര്‍ കേസില്‍ ബിഎം ജമാലിനെതിരെ കേസടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും വഖഫ് സംരക്ഷണ വേദി ആരോപിച്ചിരുന്നു.
ഹൈകോടതി ഉത്തരവുകള്‍ കാറ്റില്‍ പറത്തി വഖഫ് ബോര്‍ഡില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയതും കൂടുതല്‍ പലിശ ലഭിക്കുമെന്ന വാദം പറഞ്ഞ് വഖഫ് ബോര്‍ഡിന്റെ കോടിക്കണക്കിന് രൂപ സ്റ്റേറ്റ് ബാങ്കില്‍ നിന്നും മാറ്റി സ്വകാര്യബാങ്കായ കൊടാക്ക് മഹിന്ദ്രയില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടും അന്വേഷിക്കുവാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. നിയമവിരുദ്ധ നിയമനങ്ങളില്‍ കേസെടുക്കുവാനും കോടതി ഉത്തരവായിരുന്നു.
കോടിക്കണക്കിന് രൂപയുടെ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തിയത് സംബന്ധിച്ചും അന്വേഷണം നടന്നുവരികയാണ്. കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി വഖഫ് ബോര്‍ഡ് സര്‍വീസില്‍ തുടര്‍ന്ന ബിഎം ജമാലിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുമെന്നും അഴിമതി നടത്തുന്ന വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കുള്ള താക്കീതാണ് ഹൈകോടതി വിധിയെന്നും വഖഫ് സംരക്ഷണ വേദി പ്രസിഡന്റ് ടിഎം അബ്ദുല്‍ സലാമും സെക്രടറി നാസര്‍ മനയിലും പറയുന്നു.
അതേ സമയം ആരോപണങ്ങളെല്ലാം വ്യക്തി വിധ്വേഷത്തിന്റെ ഭാഗമാണെന്നും കോടതി വിധിക്കെതിരെ അപീല്‍ നല്‍കാനുമാണ് ബിഎം ജമാലിന്റെ തീരുമാനം.