ഹരീഷ് വധം: പ്രതികൾ സഞ്ചരിച്ച കാർ പിടികൂടി; പെൺ സുഹൃത്തിൽ നിന്നും മൊഴിയെടുത്തേക്കും
Aug 21, 2020, 21:53 IST
കുമ്പള: (www.kasargodvartha.com 21.08.2020) നായ്ക്കാപ്പിൽ ഓയിൽ മിൽ ജോലിക്കാരനായ ഹരീഷിനെ (38) വെട്ടി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കാർ പിടികൂടി. കാസർകോട് ഉളിയത്തടുക്കയിൽ നിന്നാണ് പ്രതികൾ സഞ്ചരിച്ചെന്ന് സംശയിക്കുന്ന കാർ കണ്ടെത്തിയതെന്നാണ് വിവരം.
കാർ ഫൊറൻസിക് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി.
കാറോടിച്ച കുമ്പളയിലെ യുവാവ് ഒളിവിലാണ്. നാലാം പ്രതിയായ ഇയാൾക്കായി പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.
റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി ശ്രീകുമാറി (26) നെ കസ്‌റ്റഡിയിൽ ലഭിക്കാൻ പൊലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. രണ്ടാം പ്രതി റോഷൻ, മൂന്നാം പ്രതി മണികണ്‌ഠൻ എന്നിവരെ പൊലീസ് തിരയുന്നതിനിടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരിച്ചതിനാൽ ഇവരെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കും. മണൽ ജോലിക്കാണെന്ന് പറഞ്ഞാണ് ഇരുവരെയും ശ്രീകുമാർ വീട്ടിൽ നിന്നും ഇറക്കി കൊണ്ടുപോയതെന്ന് യുവാക്കളുടെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയത്.
അതിനിടെ കൊലപാതകത്തിൽ പെൺസുഹൃത്തുമായി ബന്ധപ്പെട്ട് പ്രതികൾക്കും ഹരീഷിനുമിടയിലുണ്ടായതായി പറയുന്ന തർക്കത്തെ കുറിച്ചുള്ള സത്യാവസ്ഥ അറിയുന്നതിനായി പെൺ സുഹൃത്തിൽ നിന്നും പൊലീസ് മൊഴിയെടുക്കുമെന്ന് വിവരമുണ്ട്. ഇവർക്ക് നേരിട്ട് കൊലയിൽ ബന്ധമില്ലെന്ന സൂചനകളാണ് പോലീസിന് ലഭിച്ചിരിക്കുന്നതെത്ര. Keywords:
Keywords: News, Kerala, Kumbala, Kasaragod, Murder, Case, Seized, Car, Harish murder: Defendants' car seized