സഹപാഠിയുടെ ഭാര്യയെ ഡൽഹിയിൽ കണ്ടതിൻ്റെ ഓർമ പുതുക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; സുലൈഖ മാഹിന് സന്തോഷ നിമിഷം
Mar 3, 2021, 18:22 IST
പെരിയ: (www.kasargodvartha.com 03.02.2021) സഹപാഠിയുടെ ഭാര്യയെ ഡൽഹിയിൽ കണ്ടതിൻ്റെ ഓർമ പുതുക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പെരിയ കേന്ദ്ര കേരള സർവകലാശാലയുടെ 12-ാമത് സ്ഥാപകദിനാലോഷ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് വർഷങ്ങൾക്ക് മുമ്പ് അലിഗഢ് സർവകലാശാലയിൽ ഒന്നിച്ചു പഠിച്ച കാസർകോട് സ്വദേശി അഡ്വ. ബി കെ മാഹിൻ്റെ ഭാര്യ സുലൈഖ മാഹിൻ കാസർകോട് ജില്ലയ്ക്ക് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകാനായി എത്തിയത്.
ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരുന്നു ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ അനുവാദം ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ പരിപാടി കഴിഞ്ഞ് ഇറങ്ങുമ്പോഴായിരുന്നു ഗവർണറെ കാണാൻ സാധിച്ചത്. നിവേദനം നൽകിയപ്പോൾ നടത്തിയ സംസാരത്തിനിടയിലായിരുന്നു തൻ്റെ ഭർത്താവ് അഡ്വ. മാഹിൻ ഗവർണർക്കൊപ്പം അലിഗഢ് യൂണിവേഴ്സിറ്റിയിൽ പഠിച്ച കാര്യം സുലൈഖ മാഹിൻ സൂചിപ്പിച്ചത്. ഭർത്താവിൻ്റെ വിയോഗ വിവരവും അറിയിച്ചു. വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ ഭർത്താവ് മാഹിനൊപ്പം പോയപ്പോൾ ആരിഫ് മുഹമ്മദ് ഖാൻ്റെ വീട്ടിൽ വന്നിരുന്ന കാര്യവും സുലൈഖ മാഹിൻ സൂചിപ്പിച്ചു. ഇത് പറഞ്ഞപ്പോൾ ഗവർണറും എല്ലാം ഓർത്തെടുത്തു. സുലൈഖ മാഹിൻ്റെ നമ്പർ വാങ്ങാർ പ്രൈവറ്റ് സെക്രടറിക്ക് നിർദേശവും നൽകി.
ചെങ്കള ഗ്രാമ പഞ്ചായത്ത് മുൻ അംഗമാണ് സുലൈഖ മാഹിൻ. വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ വെച്ച് കണ്ടപ്പോൾ അന്ന് കോൺഗ്രസ് നേതാവായിരുന്നു ആരിഫ് മുഹമ്മദ് ഖാനെന്ന് സുലൈഖ മാഹിൻ കാസർകോട് വാർത്തയോട് പറഞ്ഞു. ഗവർണർ എന്ന പദവിയുടെ ഔപചാരികതയൊന്നും ഇല്ലാതെയുള്ള പെരുമാറ്റം സന്തോഷം പകർന്നതായും സുലൈഖ മാഹിൻ പറഞ്ഞു.
< !- START disable copy paste -->