ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ കറവപ്പശുവിന് അഗ്‌നി സേന രക്ഷകരായി
വെള്ളരിക്കുണ്ട്: (www.kasargodvartha.com 13.11.2020) ഇരുപത് അടിയോളം താഴ്ചയുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പശുവിന് അഗ്‌നി സേന രക്ഷകരായി. പുങ്ങംചാല്‍ കൊടിയന്‍ കുണ്ടിലെ രത്‌നാകരന്റെ ഉടമസ്ഥതയിലുള്ള കറവപ്പശുവാണ് വെള്ളിയാഴ്ച രാവിലെ അയല്‍വാസിയുടെ പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്.
തൊഴുത്തില്‍ നിന്നും അഴിച്ചു വിട്ട പശുക്കളില്‍ ഒന്നിനെ കാണാതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് പശു അടുത്ത പറമ്പിലെ കിണറ്റില്‍ വീണ് കിടക്കുന്നതായി കണ്ടെത്തിയത്.
നാട്ടുകാരുടെ സഹായത്തോടെ രത്‌നാകാരന്‍ ആദ്യം പശുവിനെ രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. പെരിങ്ങോത്തു നിന്നും അതിവേഗം കുതിച്ചെത്തിയ അഗ്‌നി രക്ഷാ പ്രവര്‍ത്തകര്‍ കിണറ്റില്‍ ഇറങ്ങുകയും പശുവിനെ അപകടമില്ലാത്ത വീധം നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുക്കുകയുമായിരുന്നു.
ദിവസം 15ലിറ്ററോളം പാല്‍ കറക്കുന്ന പശുവാണ് അപകടത്തില്‍പെട്ടത്. താഴ്ചയുള്ള കിണറ്റില്‍ ആവശ്യത്തിന് വെള്ളവും ഉണ്ടായിരുന്നു. വെള്ളത്തില്‍ നീന്തി അവശയായ പശുവിനെ ഫയര്‍മാന്‍ യു വിനീഷ് കിണറ്റില്‍ ഇറങ്ങി പശുവിനെ വടം കെട്ടി താങ്ങി നിര്‍ത്തുകയും പിന്നീട് ഭാരം കൂടിയ പശുവിനെ കൂടുതല്‍ സുരക്ഷയോടെ പുറത്തെടുക്കുകയുമായിരുന്നു.
പെരിങ്ങോം ഫയര്‍ സ്റ്റേഷന്‍ ഓഫീസിലെ സീനിയര്‍ ഫയര്‍ ഓഫീസര്‍ ജി ബി ഫിലിപ്പ്, ഫയര്‍ ഓഫീസര്‍മാരായ പി സത്യന്‍, ഡ്രൈവര്‍ കെ ലിജു, ഹോം ഗാര്‍ഡ് വി എന്‍ രവീന്ദ്രന്‍ എന്നിവരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.