കോവിഡ് നിയന്ത്രണങ്ങളിൽ കുടുങ്ങി പബ്ലിക് പ്രോസിക്യൂടര്‍ക്ക് എത്താനായില്ല; റിയാസ് മൗലവി വധക്കേസിലെ അന്തിമവാദം മെയ് 17 ലേക്ക് മാറ്റി
Apr 30, 2021, 16:33 IST
കാസർകോട്: (www.kasargodvartha.com 30.04.2021) കോഴിക്കോട്ടെ കോവിഡ് നിയന്ത്രണങ്ങളിൽ കുടുങ്ങി പബ്ലിക് പ്രോസിക്യൂടര്‍ക്ക് ജില്ലാ പ്രന്സിപൽ കോടതിയിൽ എത്താനാവാത്തതിനെ തുടർന്ന് റിയാസ് മൗലവി വധക്കേസിലെ അന്തിമവാദം മെയ് 17 ലേക്ക് മാറ്റി. കോഴിക്കോട്ടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ. അശോകനാണ് പബ്ലിക് പ്രോസിക്യൂടര്‍.
കേസിൽ ഇരുവിഭാഗത്തിന്റെയും മുഴുവൻ സാക്ഷികളുടേയും വിസ്താരം പൂർത്തിയായിട്ടുണ്ട്. ഇനി പ്രോസിക്യൂഷന്റെയും പ്രതിഭാഗം അഭിഭാഷകരുടെയും വാദപ്രതിവാദങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. റിയാസ് മൗലവിയുടെ വിധവ റുഖിയയും പഴയ ചൂരി ജുമാമസ്ജിദ് കമിറ്റിയും അഡ്വ. എം അശോകനെ സ്പെഷല്‍ പ്രോസിക്യൂടറായി നിയമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ആഭ്യന്തര വകുപ്പ് നിയമിച്ചത്.
2017 മാര്‍ച് 20നാണ് പഴയചൂരി മദ്രസയിലെ അധ്യാപകനായ മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയോടനുബന്ധിച്ചുള്ള താമസസ്ഥലത്തു വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അജേഷ് എന്ന അപ്പു (20), നിധിന്‍(19), അഖിലേഷ് എന്ന അഖില്‍(25) എന്നിവരാണ് കേസിലെ പ്രതികള്‍. ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് പ്രതികൾക്കെതിരെ സമര്‍പിച്ചിട്ടുള്ളത്. ഡിഎന്‍എ പരിശോധനാ ഫലം അടക്കമുള്ള 50 ലധികം രേഖകളും ഇതിൽ ഉൾപെടുന്നു.
Keywords: Kasaragod, Kerala, News, Top-Headlines, Murder, Kozhikode, Court, Masjid, Choori, Final hearing of Riyaz Moulavi murder case has been postponed to May 17.