city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Candidates | ലോക്‌സഭാ തിരഞ്ഞെടുപ്പ്: പന്ന്യന്‍ രവീന്ദ്രന്‍, സി എ അരുണ്‍ കുമാര്‍, വി എസ് സുനില്‍ കുമാര്‍, ആനി രാജ എന്നിവര്‍ സി പി ഐ സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: (KasargodVartha) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ നാലു സീറ്റുകളില്‍നിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ സി പി ഐ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവും മുന്‍ എം പിയുമായ പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ പുതുമുഖം സി എ അരുണ്‍ കുമാര്‍, കേരളം ഉറ്റുനോക്കുന്ന തൃശൂരില്‍ മുന്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍, വയനാട്ടില്‍ ദേശീയ നേതാവ് ആനി രാജ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. 15 സീറ്റുകളില്‍ സിപിഎമും ഒരിടത്ത് കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമാണ് മത്സരിക്കുന്നത്.

Candidates | ലോക്‌സഭാ തിരഞ്ഞെടുപ്പ്: പന്ന്യന്‍ രവീന്ദ്രന്‍, സി എ അരുണ്‍ കുമാര്‍, വി എസ് സുനില്‍ കുമാര്‍, ആനി രാജ എന്നിവര്‍ സി പി ഐ സ്ഥാനാര്‍ഥികള്‍


സംസ്ഥാന കൗണ്‍സിലിനുശേഷം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രടറി ബിനോയ് വിശ്വമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ചാലും എല്‍ഡിഎഫ് സജ്ജമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫ് ഒരേ മനസോടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമാണെന്നും ബിജെപിയും കോണ്‍ഗ്രസും എല്‍ഡിഎഫിനെതിരെ കൈകോര്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ഇത്തവണയും ഈ രീതി ഉണ്ടാകാം. മതേതര ബോധത്തിന്റെയും മാനുഷിക ഐക്യത്തിന്റെയും സന്ദേശമാണ് എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് ഇന്‍ഡ്യയില്‍ എവിടെയും മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ ബിനോയ് വിശ്വം വയനാട്ടിലും മത്സരിക്കാം എന്നും വ്യ്ക്തമാക്കി. കമ്യൂണിസ്റ്റ് പാര്‍ടിക്ക് രാഹുല്‍ഗാന്ധിയോട് വിദ്വേഷമില്ല. വ്യക്തിപരമായി അദ്ദേഹത്തോട് സ്‌നേഹമാണ്. രാഹുലിനെ വയനാട്ടിലേക്ക് സ്ഥാനാര്‍ഥിയായി അയക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ നിരവധി എംപിമാരുള്ള വടക്കേ ഇന്‍ഡ്യയില്‍ നിന്നാണോ 20 എംപിമാര്‍ മാത്രമുള്ള കേരളത്തില്‍ നിന്നാണോ രാഹുല്‍ മത്സരിക്കേണ്ടതെന്ന് പാര്‍ടി ആലോചിക്കണം. ബിജെപി ഇത് വിഷയമാക്കി മാറ്റുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

പന്ന്യന്‍ രവീന്ദ്രന്‍

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലായി സിപിഐ മൂന്നാം സ്ഥാനത്തായിപ്പോയ തിരുവനന്തപുരം അഭിമാനപോരാട്ടമായി പാര്‍ടി കാണുന്നതിന്റെ സൂചനയായി പന്ന്യന്റെ സ്ഥാനാര്‍ഥിത്വം. മത്സരിക്കുന്നില്ലെന്ന് പറഞ്ഞിട്ടും പാര്‍ടി അദ്ദേഹത്തെ നിര്‍ബന്ധപൂര്‍വം സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. 2005മുതല്‍ 2009 വരെ തിരുവനന്തപുരത്ത് നിന്നുള്ള ലോക്‌സഭ അംഗമാണ്. പി കെ വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് പന്ന്യന്‍ തിരുവനന്തപുരത്ത് നിന്ന് ആദ്യമായി ലോക്സഭയിലെത്തിയത്.

1945 ഡിസംബര്‍ 22ന് കണ്ണൂര്‍ ജില്ലയിലെ കക്കാട് ജനിച്ച പന്ന്യന്‍ രവീന്ദ്രന്‍ 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. 1965ല്‍ ബ്രാഞ്ച് സെക്രടറിയായി. അടിയന്തരാവസ്ഥക്കാലത്ത് എഐവൈഎഫ് കണ്ണൂര്‍ ജില്ലാ സെക്രടറിയായിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ് (ക്ഷണിതാവ്). ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംസ്ഥാന െസെക്രടറിയും കേന്ദ്ര സെക്രടറിയേറ്റ് അംഗവുമായിരുന്നു.

മുന്‍ ഫുട്‌ബോള്‍ കളിക്കാരന്‍, കമന്റേറ്റര്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു. ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലൂടെ, ചരിത്രമെഴുതി ചരിത്രമായവര്‍, ഭരത് മുരളി അഭിനയവും ജീവിതവും എന്നിവയാണ് പ്രധാന കൃതികള്‍. അച്ഛന്‍: സി പി രാമന്‍, അമ്മ: പന്ന്യന്‍ യശോദ. ഭാര്യ: രത്‌നവല്ലി. മക്കള്‍: രാകേഷ്, രൂപേഷ്, രതീഷ്.

അഡ്വ. വി എസ് സുനില്‍കുമാര്‍

നടന്‍ സുരേഷ് ഗോപിയാണ് തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി. അതുകൊണ്ടുതന്നെ ഇവിടെ ശക്തമായ മത്സരം തന്നെയായിരിക്കും നടക്കുന്നത്. സുരേഷ് ഗോപി സ്ഥാനാര്‍ഥിയാകുന്നതോടെ ബി ജെ പിക്ക് കൂടുതല്‍ വോട് കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം.

ഒന്നാം പിണറായി സര്‍കാരില്‍ കൃഷിമന്ത്രിയായിരുന്ന വിഎസ് സുനില്‍കുമാര്‍ നിലവില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. അന്തിക്കാട്ടെ ബാലവേദിയിലൂടെ പൊതുരംഗത്തെത്തിയ സുനില്‍കുമാര്‍ എ ഐ എസ് എഫിന്റെയും എ ഐ വൈ എഫിന്റെയും സംസ്ഥാന സെക്രടറി പദം വരെയെത്തി. 1998ല്‍ എ ഐ എസ് എഫ് ദേശീയ സെക്രടറിയായി. വിദ്യാര്‍ഥി, യുവജന നേതാവായിരിക്കെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. പൊലീസിന്റെ ക്രൂരമര്‍ദനവും ജയില്‍ ശിക്ഷയും അനുഭവിച്ചു.

1967 മെയ് 30ന് അന്തിക്കാട് വെളിച്ചപ്പാട്ട് സുബ്രഹ്‌മണ്യന്റെയും സി കെ പാര്‍വതിയുടെയും മകനായി ജനിച്ച 2006ല്‍ ചേര്‍പ്പ് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. അഡ്വ. രേഖ സുനില്‍ കുമാറാണ് ഭാര്യ. മകന്‍: നിരഞ്ജന്‍ കൃഷ്ണ

ആനി രാജ

പാര്‍ടിയുടെ വനിതാ വിഭാഗമായ നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ വുമണിന്റെ ദേശീയ ജെനറല്‍ സെക്രടറിയും സിപിഐ നാഷനല്‍ എക്‌സിക്യൂടിവ് അംഗവുമാണ്. ഇരിട്ടി ആറളം വട്ടപ്പറമ്പ് വീട്ടില്‍ തോമസിന്റെയും മറിയയുടെയും മകളായ ആനി രാജ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ ശക്തയായ എതിരാളി തന്നെയാണ്. കേന്ദ്രത്തില്‍ ഇന്‍ഡ്യാ സംഖ്യത്തിന്റെ ഭാഗമാണ് ഇരുവരും. അതുകൊണ്ടുതന്നെ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനോട് സി പി എം വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.

കരിക്കോട്ടക്കരി സെന്റ് തോമസ് എച് എസില്‍ പഠിക്കുമ്പോള്‍ സിപിഐയുടെ വിദ്യാര്‍ഥി വിഭാഗമായ എ ഐ എസ് എഫിന്റെ മണ്ഡലം സെക്രടറിയായി തുടക്കം. ഇരിട്ടിയില്‍ നടന്ന പാരലല്‍ കോളജ് സമരത്തില്‍ പങ്കെടുക്കവേ പരുക്കേറ്റു. സിപിഐ ദേശീയ സെക്രടറി ഡി.രാജയാണ് ഭര്‍ത്താവ്. മകള്‍: അപരാജിത

സി എ അരുണ്‍കുമാര്‍

കായംകുളം സ്വദേശിയായ അരുണ്‍കുമാര്‍ കേരള സര്‍വകലാശാല അകൗണ്ട്‌സ് കമിറ്റി അംഗമാണ്. ഇത് ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ചെങ്ങറ സുരേന്ദ്രന്‍ രണ്ട് തവണ ജയിച്ച സീറ്റ് കഴിഞ്ഞ മൂന്നു തവണയായി കൊടിക്കുന്നില്‍ സുരേഷാണ് ജയിക്കുന്നത്. അതുകൊണ്ടുതന്നെ അരുണ്‍ കുമാറിലൂടെ സീറ്റ് തിരിച്ചുപിടിക്കാനാണ് സി പി ഐയുടെ ശ്രമം.

1983 ഡിസംബര്‍ 30ന് കൃഷ്ണപുരം ചൂളപറമ്പില്‍ വീട്ടില്‍ ജനിച്ച അരുണ്‍ കുമാര്‍ കൃഷ്ണപുരം ഗവ.യുപി സ്‌കൂളിലും വിശ്വഭാരതി മോഡല്‍ ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കായംകുളം എംഎസ്എം കോളജില്‍ പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ചു.

കേരള യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലറായി വിജയിച്ചു. കര്‍ണാടക സിദ്ധാര്‍ഥ ലോ കോളജില്‍ നിന്നും എല്‍എല്‍ബിയും കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും എം എസ്ഡബ്‌ള്യു വും പാസായി. എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രടറി എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തനം.

നിലവില്‍ എ ഐ വൈ എഫ് സംസ്ഥാന കമിറ്റി അംഗം, സിപിഐ ആലപ്പുഴ ജില്ലാ എക്‌സിക്യൂടിവ് അംഗം, കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ അഡിഷനല്‍ പ്രൈവറ്റ് സെക്രടറി, അഖിലേന്‍ഡ്യാ ദളിത് റൈറ്റ് മൂവ് മെന്റിന്റെ ആലപ്പുഴ ജില്ലാ സെക്രടറി, സംസ്ഥാന എക്‌സിക്യൂടിവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
Keywords:  CPI fields Annie Raja in Rahul Gandhi’s Lok Sabha seat Wayanad, announces its 4 candidates in Kerala, Thiruvananthapuram, News, CPI Candidate, Announced, Lok Sabha Election, Politics, Press Meet, Binoy Viswam, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia