സഹകരണ ജോ. രജിസ്ട്രാറെ പുറത്താക്കിയ ജില്ലാബാങ്ക് ജനറല്‍ മാനേജരെ ജീവനക്കാര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു
Jan 18, 2017, 12:14 IST
കാസര്‍കോട്: (www.kasargodvartha.com 18/01/2017) സ്ഥലം മാറ്റം റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് തിരിച്ചെത്തിയ സഹകരണ ജോ. രജിസ്ട്രാറെ അകത്തുകയറാനനുവദിക്കാതെ പുറത്താക്കിയ കാസര്‍കോട് ജില്ലാ സഹകരണബാങ്ക് ജനറല്‍ മാനേജരെ ജീവനക്കാര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. ചൊവ്വാഴ്ചക്ക് രണ്ടു മണി മുതല്‍ വൈകുന്നേരം വരെയാണ് ജനറല്‍ മാനേജരെ തടഞ്ഞുവെച്ചത്.
ഇടതുപക്ഷ അനുകൂല സംഘടനയായ ജില്ലബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ അംഗങ്ങളായ എട്ടുപേര്‍ക്ക് അനുകൂലസ്ഥലംമാറ്റം നല്‍കാതെ ദൂരസ്ഥലത്തേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് ഒരുവിഭാഗം ജീവനക്കാര്‍ സമരം നടത്തിയത്. പ്രശ്‌നം ബുധനാഴ്ച ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും അതുവരെ സമരം നിര്‍ത്തിവെക്കണമെന്നും ബാങ്ക് പ്രസിഡന്റ് പി സി രാമന്‍ ആവശ്യപ്പെട്ടുവെങ്കിലും പ്രതിഷേധക്കാര്‍ പിന്‍മാറിയില്ല. ഇതേ തുടര്‍ന്ന് ചര്‍ച്ചക്ക് തയ്യാറായ ജനറല്‍ മാനേജര്‍ സ്ഥലംമാറ്റം സംബന്ധിച്ച് പുതിയ ഉത്തരവിറക്കിയതോടെയാണ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചത്.
രോഗികളായ ജീവനക്കാരെ പോലും ദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയ നടപടി കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. കഴിഞ്ഞ ദിവസം കോടതി ഉത്തരവുമായെത്തിയ സഹകരണ ജോ. രജിസ്ട്രാറെ ബാങ്ക് ജനറല്‍ മാനേജര്‍ മുറിയിലേക്ക് കയറ്റാതെ മുറിപൂട്ടിയ സംഭവത്തില്‍ വിവാദം കത്തിനില്‍ക്കെയാണ് ബാങ്കില്‍ ജീവനക്കാര്‍ ത്‌ന്നെ സമരത്തിനിറങ്ങിയത്. കാസര്‍കോട്ടു നിന്നും ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കണ്ണൂര്‍ സ്വദേശി കെ. സുരേന്ദ്രനെയാണ് ജനറല്‍ മാനേജര്‍ എ. അനില്‍ കുമാര്‍ ജോലിക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ മുറി പൂട്ടിയിരുന്നത്. ഇതിനെതിരെ സുരേന്ദ്രന്‍ നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ്.
Related News:
കാസര്‍കോട് ജില്ലാ ബാങ്കില്‍ കസേരകളി; കോടതി ഉത്തരവുമായെത്തിയ സഹകരണ ജോ. രജിസ്ട്രാറെ ബാങ്ക് ജനറല്‍ മാനേജര്‍ മുറിയിലേക്ക് കയറ്റാതെ മുറിപൂട്ടി
Keywords: Kasaragod, Bank, Protest, Kerala, Co-operative Bank, Joint Registrar, General Manager, Employees, Employees protest before district bank manager