മാരക ലഹരി മരുന്നായ ബ്രൗൺഷുഗർ വില്പനയ്ക്കായി കൈവശം വെച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും
Dec 28, 2020, 20:16 IST
കാസർകോട്: (www.kasargodvartha.com 28.12.2020) മാരക ലഹരി മരുന്നായ ബ്രൗൺ ഷുഗർ വിൽപ്പനയ്ക്കായി കൈവശം കേസിൽ പ്രതിക്ക് കഠിന തടവും പിഴയും. മൊഗ്രാൽപുത്തൂർ എടച്ചേരിയിലെ പി എച് അബൂബക്കറിനെ (59) യാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ ടി നിർമ്മല രണ്ട് വർഷം കഠിന തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി അധിക തടവനുഭവിക്കണം.
2013 നവംബർ 28ന് രാത്രി 8.45 മണിയോടെയാണ് കാസർകോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനടുത്തുള്ള ഹോടലിന് മുൻവശത്ത് എട്ട് ചെറു പാക്കറ്റുകളിലായി രഹസ്യമായി സൂക്ഷിച്ച 36 ഗ്രാം ബ്രൗൺഷുഗറുമായി പ്രതിയെ കാസർകോട് പോലീസ് സബ് ഇൻസ്പെക്ടർ പി വിജയനും സംഘവും ചേർന്ന് പിടികൂടിയത്. പിന്നീട് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ക്രൈംബ്രാഞ്ച് ഡി വൈ എസ് പി മാരായിരുന്ന ടി പി പ്രേമരാജൻ, കെ ടി രാധാകൃഷ്ണൻ, വി കെ പ്രഭാകരൻ എന്നിവരായിരുന്നു കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂടർ അഡ്വ. കെ ബാലകൃഷ്ണൻ ഹാജരായി.
കേസിൽ 12 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകളും എട്ട് തൊണ്ടിമുതലുകളും തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന ബ്രൗൺഷുഗർ ഉപയോഗിക്കുന്നവർക്ക് ശരീരത്തിനും മനസ്സിനും മാരകമായ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. പ്രതിക്കെതിരെ ബ്രൗൺഷുഗർ കൈവശം വെച്ചതിന് മുമ്പും കേസുണ്ടായിരുന്നു.
Keywords: Kerala, News, Kasaragod, Accused, Arrest, Investigation, Report, Police, Crime Branch, Court order, Jail, Top-Headlines, Defendant jailed and fined for possession of deadly drug Brown Sugar.
< !- START disable copy paste -->