നവ മാധ്യമങ്ങളില്‍ സി ഐ ടി യു ജില്ലാ സെക്രട്ടറിയുടേതായി വരുന്ന പ്രചരണങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് സി പി ഐ; കൈയ്യേറ്റം ചെയ്തത് സി ഐ ടി യു നേതാവെന്നും വിശദീകരണം
കാസര്‍കോട്: (www.kasargodvartha.com 13.08.2020) നവ മാധ്യമങ്ങളില്‍ 'സി.ഐ.ടി.യു.ജില്ലാ സെക്രട്ടറിയുടെതായി വരുന്ന പ്രചരണങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് സി.പി.ഐ നേതാവ് കെ.വി.കൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിയുടെതായി നവമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന കുറിപ്പ് വസ്തുത വിരുദ്ധമാണ്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കാസര്‍കോട് എസ്റ്റേറ്റ് കമ്മറ്റി യോഗത്തില്‍ വെച്ച് സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിയെ എ ഐ.ടി.യു.സി. പ്രതിനിധി കയ്യേറ്റം ചെയ്തു എന്നാണ് പ്രചരിപ്പിക്കുന്നത്.
ഇത് ആടിനെ പട്ടിയാക്കുന്ന പ്രചരണമാണ്. എസ്റ്റേറ്റ് കമ്മറ്റി യോഗത്തില്‍ നടന്ന ചര്‍ച്ചക്കിടയില്‍ സി.ഐ.ടി.യു. യൂണിയന്റെ സെക്രട്ടറി പി.ജി. മോഹനന്‍ എ.ഐ.ടി.യു.സി. കാസര്‍കോട് എസ്റ്റേറ്റ് കമ്മറ്റി സെക്രട്ടറി പി.അഷറഫിനെ കയ്യേറ്റം ചെയ്യുകയാണുണ്ടായത്.
അഷറഫ് കാസര്‍കോട് ആശുപത്രിയില്‍ ചികിത്സയിലാണ്.പരാതി പോലും കൊടുക്കാന്‍ തയ്യാറാകാതിരുന്ന പി.ജി. മോഹനനെ നിര്‍ബന്ധിച്ച് ആശുപത്രിയില്‍ പ്രവേശിച്ച് പോലീസില്‍ പരാതി കൊടുപ്പിക്കുകയാണ് സി. ഐ.ടി.യു.സി. നേതൃത്വം ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ മാനേജ്‌മെന്റ് തികച്ചും തൊഴിലാളി ദ്രോഹ നടപടികള്‍ സ്വീകരിച്ചപ്പോള്‍ അതിനനുകൂലമായ നിലപാടാണ് സി.ഐ.ടി.യു. യൂണിയന്‍ സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധമുള്ള ഏതാനും തൊഴിലാളികള്‍ എ ഐ ടി യു സി യൂണിയനില്‍ ചേര്‍ന്നിരുന്നു.
ഇതിലുള്ള ജാള്യത മൂലം ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കി കള്ളക്കഥകള്‍ മെനയുന്ന സമീപനം മുഴുവന്‍ തൊഴിലാളികളും തിരിച്ചറിയണമെന്നും കെ.വി. കൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.