കോവിഡ് വാക്സിനേഷൻ; കാസർകോട്ട് മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയായി
Dec 31, 2020, 17:15 IST
കാസർകോട്: (www.kasargodvartha.com 31.12.2020) രാജ്യത്ത് കോവിഡ് വാക്സിനേഷൻ വിതരണത്തിനുള്ള നടപടികൾ പുരോഗമിക്കുമ്പോൾ സർകാർ മാർഗനിർദ്ദേശമനുസരിച്ച് വാക്സിനേഷൻ നടത്താനാവശ്യമായ എല്ലാ മുന്നൊരുക്ക പ്രവർത്തനങ്ങളും കാസർകോട് ജില്ലയിൽ പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ വി രാംദാസ് അറിയിച്ചു.
സർക്കാർ ആരോഗ്യമേഖലയിലെ മുഴുവൻ ജീവനക്കാർക്കും ആശ പ്രവർത്തകർക്കും സ്വകാര്യ മേഖലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുന്നത്. വാക്സിൻ നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കുന്നതിനായി ജില്ലയിൽ രണ്ടു വാക്കിങ് കൂളറുകൾ കെ എം എസ് സി എൽ കാഞ്ഞങ്ങാട്, ജനറൽ ആശുപത്രി കാസർകോട് എന്നിവിടങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. വാക്സിനേഷൻ നൽകുന്നതിനായി 283 വാക്സിനേറ്റർ മാരെയും 329 വാക്സിൻ സെഷൻ സൈറ്റുകളും കണ്ടെത്തി കഴിഞ്ഞു.
കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപെട്ടു ജില്ലാ കളക്ടർ ഡി സജിത്ത് ബാബുവിൻ്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കുന്നതിനും വാക്സിൻ വിതരണം സുഗമമായി നടപ്പിലാക്കുന്നതിനുമായി വകുപ്പ് മേധാവികൾ ഉൾപ്പെടുന്ന ജില്ലാതല ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്.
ജില്ലയിലെ മെഡിക്കൽ ഓഫീസർമാർ, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് ആദ്യഘട്ട പരിശീലനം പൂർത്തിയായി. ജില്ലാ തലത്തിൽ ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. മുരളീധര നല്ലൂരായ ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
പരിശീലനം, ബൂത്ത് സജ്ജമാക്കൽ എന്നിവയ്ക്കു പ്രത്യേക ജില്ലാ തല ടീമുകൾ രൂപീകരിച്ചിട്ടുണ്ട്.
Keywords: Kerala, News, Kasaragod, COVID-19, Corona, Health, Vaccinations, Doctors, Health-Department, Top-Headlines, COVID vaccination; Preparations have been completed at Kasargod.