കെ എസ് ടി പി റോഡില്‍ ഡി വൈ എഫ് ഐ ഉദുമയില്‍ നിര്‍മിച്ച വിവാദ ബസ് വെയ്റ്റിംഗ് ഷെഡ് മാസങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ കലക്ടറുടെ നിര്‍ദേശപ്രകാരം പൊളിച്ചുനീക്കി
ഉദുമ: (www.kasargodvartha.com 18.11.2020) കാസര്‍കോട്-കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ ഉദുമ ടൗണിൽ ഡി വൈ എഫ് ഐ നിര്‍മിച്ച വിവാദ ബസ് വെയ്റ്റിംഗ് ഷെഡ് ഒടുവില്‍ പൊളിച്ചുനീക്കി.
സി പി എം രക്തസാക്ഷി ദാസ്‌ക്കര കുമ്പളയുടെ പേരില്‍ നിര്‍മ്മിച്ച ബസ് വെറ്റിംഗ് ഷെഡാണ് ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ജെ സി ബി ഉള്‍പ്പെടെയുള്ള സര്‍വ സന്നാഹങ്ങളൊടെയെത്തിയ ഉദ്യോഗസ്ഥ സംഘം പൊളിച്ചുമാറ്റിയത്.
റോഡ് ഗതാഗതത്തിന് തടസ്സമായ വെയ്റ്റിംഗ് ഷെഡ് പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുസ്ലിം യൂത്ത് ലീഗ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നായിരുന്നു ഹൈകോടതി ഉത്തരവ്.
ഒരു വര്‍ഷം മുമ്പ് തന്നെ കോടതി ഉത്തരവ് വന്നെങ്കിലും ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ശിവപ്രസാദിന്റെ റിവ്യൂ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വാദം കൂടി കേള്‍ക്കുന്നതിനായി ബസ് വെയ്റ്റിംഗ് ഷെഡ് പൊളിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് അപേക്ഷിച്ച് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ജില്ലാ കലക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയതിനാല്‍ പൊളിക്കല്‍ തീരുമാനം നീട്ടിവെക്കുകയായിരുന്നു.
റിവ്യൂ ഹര്‍ജിയും ഹൈക്കോടതി തള്ളിയതോടെയാണ് വെറ്റിംഗ് ഷെഡ് പൊളിച്ചുനീക്കിയത്. യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഉദുമയിലെ ഹസീബിന്റെ പരാതിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. രക്തസാക്ഷി ഭാസ്‌കര കുമ്പളയുടെ പേരിൽ വർഷങ്ങൾക് മുമ്പാണ് ഉദുമ ടൗണില്‍ ബസ് വെയ്റ്റിംഗ് ഷെഡ് ഡി വൈ എഫ് ഐ നിര്‍മിച്ചത്. ഈ ബസ് വെയ്റ്റിംഗ് ഷെഡ് കെ എസ് ടി പി റോഡ് നിര്‍മിക്കുമ്പോള്‍ തന്നെ പൊളിച്ചുമാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായെങ്കിലും സി പി എമ്മിന്റെ ഇടപെടലിനെ തുടര്‍ന്ന് ഷെഡ് റോഡില്‍ തന്നെ നില നിര്‍ത്തുകയായിരുന്നു.
ഇതേതുര്‍ന്നാണ് യൂത്ത് ലീഗ് നേതാവ് ഹൈക്കോടതിയെ സമീപിച്ചത്. 2019 ഓഗസ്റ്റ് അഞ്ചിനാണ് ബസ് വെയ്റ്റിംഗ് ഷെഡ് പൊളിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവുണ്ടായത്. സര്‍ട്ടിഫിക്കറ്റ് കോപ്പി കൈമാറുന്ന മുറയ്ക്ക് ഒരു മാസത്തിനകം ബസ് വെയ്റ്റിംഗ് ഷെഡ് പൊളിച്ചുനീക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. തുടര്‍ന്നായിരുന്നു ഡി വൈ എഫ് ഐ റിവ്യൂ ഹര്‍ജി നല്‍കിയത്.
ബസ് വെയ്റ്റിംഗ് ഷെഡ് പൊളിക്കാനെത്തിയ പൊലീസ് സംഘത്തെ സി പി എം തടഞ്ഞിരുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ബസ് വെയ്റ്റിംഗ് ഷെഡ് പൊളിച്ചു നീക്കാൻ അർദ്ധ രാത്രി തന്നെ വൻ സന്നാഹത്തോടെ ഉദുമയിൽ എത്തിയ സംഘം വിവരമറിഞ്ഞെത്തിയ ആളുകളെയൊന്നും പരിസരത്തേക്ക് അടുപ്പിച്ചിരുന്നില്ല.
Keywords: Kasaragod, Kerala, News, Uduma, District Collector, Kanhangad, Youth League, Top-Headlines, High-Court, CPIM, DYFI, Case, Controversial bus waiting shed built in Uduma was demolished