city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

പി ബി: വിടവാങ്ങിയത് ജനസേവനം മുഖമുദ്രയാക്കിയ ജനനായകന്‍: സമസ്ത

(www.kasargodvartha.com 20.10.2018) അന്തരിച്ച മഞ്ചേശ്വരം എംഎല്‍എയും സുന്നി മഹല്‍ ഫെഡറേഷന്‍ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ ജന സേവനം മുഖമുദ്രയാക്കിയ നേതാവാണെന്ന് സമസ്ത നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാവങ്ങളുടെ അത്താണിയും ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ആദര്‍ശം കൈവിടാത്ത ആദര്‍ശ ധീരനും കാസര്‍കോട്ട് നടന്ന സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക സംസ്ഥാന സമ്മേളന വിജയത്തിന് സാധാരണ പ്രവര്‍ത്തകനെപ്പോലെ ഓടി നടന്ന പ്രമുഖ നേതാക്കളില്‍ ഒരാളും സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലയില്‍ സജീവമാക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച നേതാവുമായിരുന്നു അദ്ധേഹമെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. സമസ്ത പ്രസിഡന്റ് ഖാസി ത്വാഖ അഹ് മദ് മൗലവി, ജനറല്‍ സെക്രട്ടറി യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി, എം എ ഖാസിം മുസ്ലിയാര്‍, മെട്രൊ മുഹമ്മദ് ഹാജി, ടി കെ പൂക്കോയ തങ്ങള്‍ ചന്തേര, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി, താജുദ്ധീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, ശറഫുഗ്ഗീന്‍ കുണിയ, യൂനുസ് ഫൈസി കാക്കടവ് അനുശോചിച്ചു.
പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

സുന്നി നേതാക്കള്‍ അനുശോചിച്ചു

കാസര്‍കോട് മുസ്ലിം ലീഗ് നേതാവ് പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയുടെ നിര്യാണത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സഅദിയ്യ പ്രസിഡണ്ട് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സമസ്ത വൈസ് പ്രസിഡണ്ട് എം അലിക്കുഞ്ഞി മുസ്ലിയാര്‍ ശിറിയ, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ഹമീദ് മൗലവി ആലംമ്പാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സലാഹുദ്ദീന്‍ അയ്യൂബി, അഷ്റഫ് സഅദി ആരിക്കാടി എന്നിവര്‍ അനുശോചിച്ചു.

സമസ്തയുടെ തണല്‍ മരം നഷ്ടപ്പെട്ടു: ആലി കുട്ടി മുസ്ലിയാര്‍

കാസര്‍കോട്: സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ഉപാധ്യക്ഷനും കാസര്‍കോട് സംയുക്ത ജമാഅത്ത് ആക്ടിക് പ്രസിഡണ്ടുമായിരുന്ന പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ.യുടെ മരണത്തോടെ സമസ്തയ്ക്ക് എല്ലാ മേഖലയിലും താങ്ങും തണലുമായി നിന്ന ഒരു തണല്‍ മരത്തെയാണ് നഷ്ടപ്പെട്ടതെന്ന് സമസ്ത കേന്ദ്ര മുശാവറ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സയ്യിദ് എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ, സമസ്ത മദ്രസ മാനേജ്‌മെന്റ് ജില്ലാ ഭാരവാഹികളായ സയ്യിദ് എം.എസ്. തങ്ങള്‍ അല്‍ ബുഖാരി ഓലമുണ്ട, മൊയ്തീന്‍ കൊല്ലമ്പാടി, മുബാറക്ക് ഹസൈനാര്‍ ഹാജി, റഷീദ് ബെളിഞ്ചം എന്നിവര്‍ അനുശോചിച്ചു.

മണ്‍മറഞ്ഞത് ഉദാരതയുടെ പ്രതീകം: സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍

മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും ഉദാരതയുടെ പ്രതീകവും പവങ്ങളുടെയും ആശരണരുടെയും അത്താണിയുമായിരുന്നു പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എയെന്ന് ദക്ഷിണ കര്‍ണാടക ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അനുശോചന കുറിപ്പില്‍ അറിയിച്ചു.

'അബ്ദുര്‍ റസാഖ് എംഎല്‍എ; പകരക്കാരനില്ലാത്ത സാമൂഹിക പ്രവര്‍ത്തകന്‍'

റദ്ദുച്ച എന്ന് കാസര്‍കോട് ജില്ല സ്‌നേഹത്തോടെ വിളിച്ച് നെഞ്ചിലേറ്റിയ പ്രിയപ്പെട്ട മഞ്ചേശ്വരം എം.എല്‍.എയുടെ മരണം ജില്ലയുടെ നിഖിലമേഖലയിലും നികത്താനാത്ത വിടവാണെന്ന് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതാക്കള്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു. രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരിക്കെ തന്നെ സമുദായത്തിന്റെ എല്ലാ പ്രശ്‌നങ്ങളിലും അദ്ദേഹം ഇടപെടുകയും തന്റേതായ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ ഉത്സാഹിക്കുകയും ചെയ്തു. സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെട്ട് സേവനം ചെയ്യാനും സമസ്ത കീഴ്ഘടകങ്ങളുടെ നേതൃസ്ഥാനം അലങ്കരിക്കുകയും ചെയ്തു. വലിയ ഉദാരമനസ്‌കനായ റദ്ദുച്ച സമൂഹത്തിന്റെ മുഴുവന്‍ വിഭാഗങ്ങള്‍ക്കും താങ്ങും തണലുമായി നിലനിന്നു. കാസര്‍കോട് നടന്ന എസ് വൈ എസ് 60-ാം വാര്‍ഷിക പരിപാടിക്ക് മുഴുവന്‍ സമയവും  പ്രവര്‍ത്തകര്‍ക്കിടയില്‍ ചിലവഴിച്ച ചിത്രം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. നാടിന്റെ വികസനത്തിനും, സമുദായത്തിന്റെ ഉദ്ദാരണത്തിനും സമസ്തയുടെ വളര്‍ച്ചയ്ക്കും ഏറെ സംഭാവനകള്‍ അര്‍പ്പിച്ച അബ്ദുര്‍ റസാഖ് എം.എല്‍.എ എന്ന ശ്രേഷ്ഠവ്യക്തിത്വത്തിന്റെ വിടവ് നികത്താനാവാത്തത് തന്നെയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് ത്വാഖ അഹ് മദ് മൗലവി അസ്ഹരി, സെക്രട്ടറി യു. എം. അബ്ദുര്‍ റഹ് മാന്‍ മൗലവി, വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ. ഖാസിം മുസ്ലിയാര്‍, ഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി അലി ഫൈസി, ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ സംയുക്തപ്രസ്ഥാവനയില്‍ അറിയിച്ചു. മദ്രസകളില്‍ ശനിയാഴ്ച അദ്ദേഹത്തിനായി പ്രാര്‍ത്ഥന നിര്‍വ്വഹിക്കുവാനും നേതാക്കള്‍ ആഹ്വാനം ചെയ്തു

വിട്ടുപിരിഞ്ഞത് സമര്‍പ്പിതനായ രാഷ്ട്രീയ നേതാവ്: വെല്‍ഫെയര്‍ പാര്‍ട്ടി

സമര്‍പ്പിതനായ രാഷ്ട്രീയ നേതാവായിരുന്നു നമ്മെ വിട്ട് പിരിഞ്ഞ മഞ്ചേശ്വരം എംഎല്‍എ പിവി അബ്ദുര്‍ റസാഖ് എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേകര അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ശനിയാഴ്ച നടത്താനിരുന്ന ഇന്ധന വില വര്‍ധനവുമായി ബന്ധപ്പെട്ട സായാഹ്ന ധര്‍ണകള്‍ മാറ്റി വെച്ചതായി ജില്ലാ ജനറല്‍ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി അറിയിച്ചു. കുടുംബത്തിന്റെയും മുസ് ലിം ലീഗ് പ്രവര്‍ത്തകരുടെയും ദുഖ:ത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പങ്ക് ചേരുന്നു.

'പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയുടെ വേര്‍പാട് കാസര്‍കോടിന് തീരാനഷ്ടം'

അധികാര പൊങ്ങച്ചം ഇല്ലാത്ത സാധാരണക്കാരിലും സാധാരണക്കാരനെപ്പോലെ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ആവശ്യങ്ങള്‍ കണ്ടറിഞ്ഞു  പ്രവര്‍ത്തിച്ചിരുന്ന ജനകീയ നേതാവ്, ഏറ്റെടുക്കുന്ന ഏതൊരു കാര്യവും ആത്മാര്‍ത്ഥതയോടെ നിറവേറ്റുന്ന നേതാവായിരുന്നു അബ്ദുര്‍ റസാഖ് എംഎല്‍എയെന്ന് യുവ ജനതാദള്‍ എസ് സംസ്ഥാന സെക്രട്ടറി ഉമര്‍ പാടലടുക്ക അനുശോചന കുറിപ്പില്‍ അറിയിച്ചു

പി.ബി. അബ്ദുര്‍ റസാഖ്: കര്‍മ്മ നിരധനായ പൊതുപ്രവര്‍ത്തകന്‍: എസ്.ഡി.പി.ഐ

കാസര്‍കോട്: മത, സാമൂഹിക രാഷ്ട്രീയ രംഗത്ത് കര്‍മ്മ നിരതനായ പൊതു പ്രവര്‍ത്തകനാണ് അന്തരിച്ച പി.ബി. അബ്ദുര്‍ റസാഖെന്നും അദ്ദേഹത്തിന്റെ മരണം ജില്ലക്ക് നികത്താനാവാത്ത നഷ്ടമാണെന്നും എസ്.ഡി.പി.ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാം, ജനറല്‍ സെക്രട്ടറി ഷരീഫ് പടന്ന, ട്രഷറര്‍ സി.ടി. സുലൈമാന്‍, സെക്രട്ടറിമാരായ, ഖാദര്‍ അറഫ, അന്‍സാര്‍ ഹൊസങ്കടി, എം.എല്‍ എ യുടെ നിര്യാണത്തില്‍ അനുശോചിച്ചു.

'പി.ബി അബ്ദുര്‍ റസാഖ്: സമസ്തയെ സ്‌നേഹിച്ച വ്യക്തിത്യം'

കാസര്‍കോട്: മരണപ്പെട്ട പി ബി അബ്ദുര്‍ റസാഖ് സമസ്തയെയും പണ്ഡിതന്മാരെയും അതിയായി സ്നേഹിച്ച വ്യക്തിത്വമാണെന്നും ഉയരങ്ങളിലെത്തിയപ്പോഴും എളിമയും ലാളിത്യവും കൈവിടാത്ത ഉമറാക്കളില്‍ പ്രമുഖനായിരുന്നുവെന്ന് എസ് കെ എസ് എസ് എഫ് സൈബര്‍ വിംഗ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഇര്‍ഷാദ് ഹുദവി ബെദിര അനുശോചിച്ചു. നേതാക്കളില്‍ അതി പ്രധാനിയായ ഒരാളെയാണ് ഈ വിയോഗത്തിലൂടെ സമുദായത്തിന് നഷ്ടമായത്. തികഞ്ഞ സൂക്ഷ്മത, ലളിത ജീവിതം എന്നിവയെല്ലാം പൂര്‍ണ അര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കിയ വ്യക്തിത്വമാണ് നമുക്ക് നഷ്ട്ടമായത്. എസ് കെ എസ് എസ് എഫിന്റെ ഏത് പരിപാടിയിലും മുന്‍നിരയില്‍ അദ്ദേഹമുണ്ടായിട്ടുണ്ട്. ഈടുത്ത് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിഖായ സമര്‍പ്പണ പരിപാടിയില്‍ അദ്ദേഹം സജീവമായിരുന്നു.

പി.ബി. അബ്ദുര്‍ റസാഖ് കഠിനാധ്വാനം കൊണ്ട് വളര്‍ന്നു വന്ന നേതാവ്: ബി ജെ പി

പി.ബി. അബ്ദുര്‍ റസാഖ് എം എല്‍ എ കഠിനാധ്വാനം കൊണ്ട് വളര്‍ന്നു വന്ന നേതാവാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അനുശോചിച്ചു. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച് അറിയപ്പെടുന്ന വ്യവസായിയായി രാഷ്ട്രീയ നേതാവായി പൊതുരംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് റസാഖ്. പഞ്ചായത്ത് അംഗമായി, എംഎല്‍എയായി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹം. റസാഖ് എം എല്‍ എ യുടെ നിര്യാണത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അനുശോചനം അറിയിച്ചു.

സൗഹൃദവും വിനയവും കാത്തുസൂക്ഷിച്ച അബ്ദുര്‍ റസാഖിന്റെ ഇടപെടലുകള്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക: കെ പി സതീഷ്ചന്ദ്രന്‍

കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എ അബ്ദുര്‍ റസാഖിന്റെ നിര്യണത്തില്‍ എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി. സതീഷ്ചന്ദ്രന്‍ അനുശോചനം അറിയിച്ചു. സൗഹൃദവും വിനയവും കാത്തുസൂക്ഷിച്ച അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് അനുശോചന കുറിപ്പില്‍ പറഞ്ഞു.

പി ബി അബ്ദുര്‍ റസാഖ് ജനകീയനായ നേതാവ്: എസ്ഡിടിയു  

ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച നേതാവായിരുന്നു പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയെന്നും അദ്ദേഹത്തിന്റെ വിയോഗം ജില്ലക്ക് തീരാ നഷ്ടമാണെന്നും എസ്ഡിടിയു കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് അഷ്റഫ് കോളിയടുക്കം, സെക്രട്ടറി സിദ്ദീഖ് കാസ്, വൈസ് പ്രസിഡണ്ട് ഫൈസല്‍ കോളിയടുക്കം, സാലി നെല്ലിക്കുന്ന്, മനാസ് കരീം അണങ്കൂര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

നഷ്ടമായത് ഉറ്റസുഹൃത്തിനെ: കെ കുഞ്ഞിരാമന്‍ എം എല്‍ എ

ഉദുമ: അബ്ദുര്‍ റസാഖ് എം എല്‍ എയുടെ മരണം മൂലം ഒരു ഉറ്റ സുഹൃത്തിനേയാണ് നഷ്ട്ടമായതെന്ന് കെ കുഞ്ഞിരാമന്‍ എം എല്‍ എ. ലളിതമായ ജീവിത ശൈലിയും എല്ലാവരേയും ആകര്‍ഷിക്കുന്ന നര്‍മ്മം തുളുമ്പുന്ന സംസാരരീതിയും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. നിര്യാണത്തില്‍ കെ കുഞ്ഞിരാമന്‍ അനുശോചനം അറിയിച്ചു.

നഷ്ടമായത് മികച്ച അധ്യാപക ബന്ധുവിനെ: കെ.എ.ടി.എഫ്

മഞ്ചേശ്വരം: അധ്യാപകരെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്ത സ്വാത്വികനായ മികച്ച അധ്യാപക ബന്ധുവിനെയാണ്
മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുര്‍ റസാഖിന്റെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടതെന്ന് മഞ്ചേശ്വരം ഉപജില്ലാ കെ.എ.ടി.എഫ് സംഘടിപ്പിച്ച അനുശോചനാ യോഗം അഭിപ്രായപ്പെട്ടു. ജില്ലയിലെ അധ്യാപകരുടെ ക്ഷേമത്തിന് വേണ്ടി ആഹോരാത്രം പ്രയത്‌നിച്ച മികച്ച സേവകനായിരുന്നു പി.ബി അബ്ദുര്‍ റസാഖ്. മഞ്ചേശ്വരത്തെയും ജില്ലയിലെയും ഭാഷാധ്യാപകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി നിയമസഭയില്‍ ശബ്ദിക്കാന്‍ അദ്ദേഹം ആര്‍ജ്ജവം കാണിച്ചു. അസുഖ ബാധിതനായിരിക്കുമ്പോള്‍ വരെ അദ്ദേഹം മണ്ഡലത്തില്‍ നിരന്തരം ഇടപെട്ടിരുന്നുവെന്നും കെ.എ.ടി.എഫ് പ്രസ്താവനയില്‍ പറഞ്ഞു.

 കെ.എ.ടി.എഫ് ഉപജില്ലാ പ്രസിഡന്റ് കരീം ഉപ്പള അധ്യക്ഷനായി. യഹ് യ ഖാന്‍ ബന്തിയോട്, റസാഖ് അട്ടഗോളി, നൗഷാദ് ചിപ്പാര്‍, അബ്ദുര്‍ റഹ് മാന്‍ കുടല്‍മേര്‍ക്കള, സുബൈര്‍, അഷ്‌റഫ് കെ വി, ബഷീര്‍ കളിയൂര്‍, ഹാരിസ് ചേവാര്‍, സത്താര്‍ ബായാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പി.ബി. അബ്ദുര്‍ റസാഖ്; വിട പറഞ്ഞത് പാവപ്പെട്ടവന്റെ അത്താണി: കെ എസ് യു

കാസര്‍കോട്: മത, സാമൂഹിക രാഷ്ട്രീയ രംഗത്ത് തിളങ്ങിനിന്ന പൊതു പ്രവര്‍ത്തകനും പാവപ്പെട്ടവന്റെ അത്താണിയുമാണ് അന്തരിച്ച പി.ബി. അബ്ദുര്‍ റസാഖെന്നും അദ്ദേഹത്തിന്റെ മരണം ജില്ലക്ക് നികത്താനാവാത്ത നഷ്ടമാണെന്നും കെ എസ് യു കാസര്‍കോട് മേഖലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കെ എസ് യു ജില്ലാ ഭാരവാഹി ആബിദ് എടച്ചേരി, മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം പ്രസിഡന്റ് ജവാദ് പുത്തൂര്‍, കാസര്‍കോട് മേഖല പ്രസിഡന്റ് മാത്യു ബദിയടുക്ക, മൊഗ്രാല്‍ മേഖല പ്രസിഡന്റ് മുഹാദ്, ജോബിന്‍, സഹദ്, വിഘ്‌നേഷ് തുടങ്ങിയര്‍ എം എല്‍ എ യുടെ നിര്യാണത്തില്‍ അനുശോചിച്ചു.

പി ബി അബ്ദുറസാഖ് ജനകീയനായ ജന പ്രതിനിധി: അലി തങ്ങള്‍ കുമ്പോല്‍

ജാതി മത ഭേതമന്യേ ജനങ്ങളുടെ പരിദേവനങ്ങളും പ്രയാസങ്ങളും കണ്ടറിഞ്ഞു സമാശ്വാസം നല്‍കി ജനക്ഷേമത്തിനായി നില കൊള്ളുകയും നാടിന്റെ സര്‍വതോന്മുഖമായ പുരോഗതിക്കായി ആഹോരാത്രം പ്രവര്‍ത്തിക്കുകയും ചെയ്ത ജനകീയനായ ജനപ്രതിനിധിയായിരുന്നു പി ബി അബ്ദുര്‍ റസാഖ് എന്ന് കുമ്പോല്‍ സയ്യിദ് കെ എസ് അലി തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമസ്തക്ക് വേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങള്‍ ഉമറാക്കള്‍ക്ക് മാതൃകയായിരുന്നു. തന്റെ മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ എക്കാലവും അദ്ദേഹത്തിന്റെ സ്മരണയായി നിലനില്‍ക്കുമെന്നും തങ്ങള്‍ അനുസ്മരിച്ചു.

സമസ്തയ്ക്കും സുന്നത്ത് ജമാഅത്തിനും തീരാനഷ്ടം: പി കെ പൂക്കോയ തങ്ങള്‍ ചന്തേര

അബുദാബി: സുന്നി മഹല്ല് ഫെഡറേഷന്‍ മുന്‍ ജില്ലാ സെക്രട്ടറിയും നിലവിലെ വൈസ് പ്രസിഡണ്ടുമായ പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയുടെ നിര്യാണത്തില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ (എസ് എം എഫ്) ജില്ലാ പ്രസിഡണ്ട് പി കെ പൂക്കോയ തങ്ങള്‍ ചന്തേര അനുശോചിച്ചു. സമസ്തയ്ക്കും സുന്നത്ത് ജമാഅത്തിനും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. എളിമയാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ ഏവരുടെയും മനസ് കീഴടക്കിയ അബ്ദുര്‍ റസാഖ് സാഹിബിന്റെ വിയോഗം തീരാനഷ്ടമാണ്. മാതൃകയാക്കേണ്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു പി ബി അബ്ദുര്‍ റസാഖ്. കാഞ്ഞങ്ങാട്ട് വെച്ച് നടന്ന മുസ്ലിം ലീഗ് ക്യാമ്പില്‍ വെച്ചാണ് അവസാനമായി അദ്ദേഹത്തെ കണ്ടത്. എളിമയോടെയുള്ള പെരുമാറ്റം സമൂഹവും സമുദാവയും മാതൃകയാക്കേണ്ടതാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാതമായ ദു:ഖം രേഖപ്പെടുത്തുന്നതായും പൂക്കോയ തങ്ങള്‍ പറഞ്ഞു.

വിടവാങ്ങിയത് സാധാരണക്കാരുടെ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ജനകീയന്‍: കെ എസ് എം എ

കാസര്‍കോട്: പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയുടെ നിര്യാണത്തില്‍ കെ എസ് എം എ  ജില്ലാ കമ്മിറ്റി അനുശോചിച്ചു. രാഷ്ട്രീയം നോക്കാതെ സാധാരണക്കാരുടെ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ജനകീയനായ എം എല്‍ എ ആയിരുന്നു പി ബി അബ്ദുല്‍ റസാഖ് എന്ന് യോഗം വിലയിരുത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹനീഫ ബേവിഞ്ച, ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ചെമ്മനാട്, ജില്ലാ ജനറല്‍ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി ബേവിഞ്ച, ഖാദര്‍ കേരള സ്റ്റീല്‍, ഹബീബ് റഹ് മാന്‍, ഷരീഫ് ചെര്‍ക്കള എന്നിവര്‍ അനുശോചിച്ചു

പി ബി അബ്ദുര്‍ റസാഖിന്റെ വിയോഗം നാടിന് തീരാനഷ്ടം: അഡ്വ. സി എച്ച് കുഞ്ഞമ്പു

കാസര്‍കോട്: മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖിന്റെ വിയോഗം നാടിന് തീരാനഷ്ടമാണെന്ന് സി പി എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം എല്‍ എയുമായ അഡ്വ. സി എച്ച് കുഞ്ഞമ്പു പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ അസാമാന്യ കഴിവ് തെളിയിച്ച നേതാവായിരുന്നു അദ്ദേഹം. വികസന കാര്യത്തിലും അതേ കാഴ്ചപ്പാടാണ് പി ബി അബ്ദുര്‍ റസാഖിനുണ്ടായിരുന്നതെന്നും രാഷ്ട്രീയത്തിനതീതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്നും സി എച്ച് കുഞ്ഞമ്പു അനുസ്മരിച്ചു.

പി ബിയുടെ നിര്യാണത്തില്‍ ഉറുദു അക്കാദമി അനുശോചിച്ചു

കാസര്‍കോട്: കേരള ഉറുദു അക്കാദമി സാധ്യമാക്കുന്നതിന് ഏറെ പ്രയത്നിച്ച മികച്ച പ്രവര്‍ത്തകനാണ് മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുര്‍ റസാഖെന്ന് കാസര്‍കോട് ജില്ലാ ഉറുദു അക്കാദമിക് കോംപ്ലക്സ് അനുശോചന യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഉറുദു ഭാഷയുടെ പ്രചരണത്തിനും പി.ബിയുടെ പങ്ക് വലിയതാണ്. കണ്‍വീനര്‍ മൊയ്തീന്‍ ഉപ്പള അധ്യക്ഷനായി. മുഹമ്മദ് സാലി, സലീം, ബാലകൃഷ്ണ മിയാപദവ്, അസീസ്, ഖാദര്‍ ബാക്രബയല്‍, സിതാര ആനക്കല്ല്, മുനീര്‍ ബദിയടുക്ക, അസീം മണിമുണ്ട, ഹസീന ബേക്കൂര്‍ സംബന്ധിച്ചു.

പി ബി അബ്ദുര്‍ റസാഖ് ജനകീയ എം.എല്‍.എ: കെ.എ.ടി.എഫ്

കാസര്‍കോട്:ജനകീയ പ്രശ്‌നങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപ്പെട്ട് പ്രശ്‌ന പരിഹാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവിനെയാണ് പി ബി അബ്ദുര്‍ റസാഖിന്റെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നതെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. രാഷ്ട്രീയ -മത-സാമൂഹിക-വിദ്യാഭ്യാസ മേഖലകളിലെ നിറസാന്നിധ്യവും ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളിയുമായ ജനകീയ എം.എല്‍.എയെയാണ് നഷ്ടമായിരിക്കുന്നതെന്ന് കെ.എ.ടി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മൂസക്കുട്ടി  അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് ടി.പി. ഹാരിസ്, ജില്ലാ ജനറല്‍ സെക്രട്ടറി യൂസുഫ് ആമത്തല, വര്‍ക്കിംഗ് സെക്രട്ടറി നൗഫല്‍ ഹുദവി, ട്രഷറര്‍ വി.പി. താജുദ്ദീന്‍, ലത്വീഫ് പാണലം, നൗഷാദ് ബി.എച്ച്, സലീം ബേക്കല്‍, ബഷീര്‍ കുമ്പള, പൈക്ക മുഹമ്മദലി, യഹ് യാ ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പി ബി അബ്ദുര്‍ റസാഖ്: ഫാസിസ്റ്റ് വിരുദ്ധചേരിയിലെ സജീവ സാന്നിധ്യം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ

കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുര്‍ റസാഖിന്റെ വിയോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍കോട് ജില്ലാ കമ്മറ്റി അനുശോചിച്ചു. ഫാസിസ്റ്റ് വിരുദ്ധചേരിയിലെ സജീവ സാന്നിധ്യത്തെയാണ് നഷ്ടമായതെന്നും ഉത്തര മലബാറിലെ മത, സാമൂഹിക രാഷ്ട്രീയ രംഗത്ത് കര്‍മ്മ നിരതനായ പൊതു പ്രവര്‍ത്തകനായിരുന്ന പി ബി അബ്ദുല്‍ റസാഖിന്റെ വിയോഗം ജില്ലക്ക് നികത്താനാവാത്ത നഷ്ടമാണെന്നും അതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നു എന്നും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് വൈ മുഹമ്മദ്, സെക്രട്ടറി ഹാരിസ് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

കാപട്യങ്ങളില്ലാത്ത വികസനനായകനായിരുന്നു പി.ബി. അബ്ദുര്‍ റസാഖ്: ഫ്രറ്റേണിറ്റി മൂവ്മെന്റ്

കാസര്‍കോട്: കാപട്യങ്ങളില്ലാത്ത ജില്ലയുടെ വികസന നായകനായിരുന്നു പി.ബി. അബ്ദുര്‍ റസാഖ് എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സുമ റാണിപുരം അഭിപ്രായപ്പെട്ടു. കാസര്‍കോട് ജില്ലയുടെ നഷ്ടമാണ് പി.ബി. അബ്ദുര്‍ റസാഖിന്റെ നിര്യാണം. മണ്ഡലത്തില്‍ എല്ലാ തരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും കപടമായ അവകാശവാദങ്ങള്‍ നടത്താന്‍ അദ്ദേഹം തയ്യാറായില്ല. സാധാരണക്കാരുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ജില്ലയ്ക്കും മുസ്ലിം ലീഗിനുമുണ്ടായ നഷ്ടം വളരെ വലുതാണ്. നിര്യാണത്തില്‍ കുടുംബത്തിനും മുസ്ലിം ലീഗിനും ജില്ലയ്ക്കുമുണ്ടായ നഷ്ടത്തില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് പങ്കുചേരുന്നു എന്നും അവര്‍ കൂട്ടി ചേര്‍ത്തു.

'അബ്ദുര്‍ റസാഖ് എം എല്‍ എ കാലഘട്ടത്തിന്റെ നേതാവ്'

കാസര്‍കോട്: വിട പറഞ്ഞ മഞ്ചേശ്വരം എം എല്‍ എയും ലീഗ് നേതാവുമായ റദ്ദുച്ച സമൂഹത്തിന്റെ കൂടെ സഞ്ചരിച്ച സാധാരണക്കാരുടെ ജനപ്രതിനിധിയും നേതാവായിരുന്നമെന്ന് ചന്ദ്രിഗിരി ക്ലബ്ബ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ അഭിപ്രായപ്പെട്ടു. തന്റെ മണ്ഡലത്തോടൊപ്പം  ജില്ലയുടെ പൊതുവായ വികസനത്തിന് വേണ്ടി ശബ്ദം ഉയര്‍ത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നേതാവാണ് അദ്ദേഹം.

ജില്ലയിലെ ജനകീയ വിഷയങ്ങളില്‍ പ്രത്യേക താല്‍പര്യം കാണിച്ച അദ്ദേഹം വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ ശക്തമായി  ശബ്ദിക്കുകയും അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മതനിരപേക്ഷതക്ക് വലിയ തിരിച്ചടിയാണ്. നിര്യാണത്തില്‍ ചന്ദ്രിഗിരി ക്ലബ്ബ് യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി.

വിടവാങ്ങിയത് ജനഹൃദയങ്ങളില്‍ ജീവിച്ച ജനകീയ നേതാവ്: കെ എം സി സി 

ദുബൈ: മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എം എല്‍ എയും നിരവധി മഹല്ലുകളുടെ അധ്യക്ഷനുമായ പി.ബി അബ്ദുര്‍ റസാഖ് എന്ന റദ്ദുച്ചയുടെ ആകസ്മിക മരണത്തില്‍ ദുബൈ കെ.എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. ശനിയാഴ്ച പുലര്‍ച്ചെയെത്തിയ വാര്‍ത്ത പ്രവാസ ലോകത്തെയാകെ കണ്ണീരണിയിപ്പിച്ചിരിക്കുകയാണെന്നും ജില്ലയ്ക്കും കേരളത്തിന് തന്നേയും നികത്താവാനാത്ത വലിയ ഒരു നഷ്ടമാണിതെന്നും മാഞ്ഞു പോയത് മതേതരത്വത്തിന്റെ ഏറ്റവും വലിയ കാവലാളിനെയാണെന്നും ജില്ലാ കമ്മിറ്റി അനുശോചനക്കുറിപ്പിലൂടെ ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യാപാടി, ട്രഷറര്‍ ടി ആര്‍ ഹനീഫ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു.

പ്രവാസികളോടും കെ എം സി സി പ്രവര്‍ത്തകരോടും എന്നും ആത്മ ബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു അദ്ദേഹം. വികസന നായകനും സഹജീവി സ്‌നേഹത്തിന്റെയും ഉദാരമനസ്‌ക്കതയുടേയും ഉദാത്ത മാതൃകയായിരുന്നു റദ്ദുച്ച. സമയവും പണവും ആരോഗ്യവും ജീവിതവും മുസ്ലിം ലീഗിന് വേണ്ടി സമര്‍പ്പിക്കുകയും സംശുദ്ധതയും ലാളിത്യവും കൊണ്ട്  ജന ഹൃദയങ്ങളെ കീഴടക്കിയ ജനകീയ നേതാവിന്റെ വിയോഗം പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും നേതാക്കള്‍ പറഞ്ഞു.

ശനിയാഴ്ച രാത്രി എട്ടു മണിക്ക് അല്‍ ബറാഹ കെ എം സി സി യില്‍ നടക്കുന്ന അനുശോചന യോഗത്തിലും ജനാസ നിസ്‌കാരത്തിലും എല്ലാവരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

പി ബി അബ്ദുര്‍ റസാഖിന്റെ വിയോഗം പാര്‍ട്ടിക്കും സമുദായത്തിനും വലിയ നഷ്ടം: മെട്രോ മുഹമ്മദ് ഹാജി

കാസര്‍കോട്: പി ബി അബ്ദുര്‍ റസാഖിന്റെ വിയോഗം പാര്‍ട്ടിക്കും സമുദായത്തിനും വലിയ നഷ്ടമെന്ന് എസ് വൈ എസ് സംസ്ഥാന ട്രഷററും മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ മെട്രോ മുഹമ്മദ് ഹാജി അനുസ്മരിച്ചു. എല്ലാ കാലത്തും കാസര്‍കോട് ജില്ലയില്‍ മുസ്ലിം ലീഗിനെ ശക്തിപ്പെടുത്താന്‍ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച അദ്ദേഹം ചെര്‍ക്കളയില്‍ നടന്ന എസ് വൈ എസിന്റെ സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി ആഹോരാത്രം പ്രയത്‌നിച്ചിരുന്നു. വികസന കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തിയ നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. മഞ്ചേശ്വരം മണ്ഡലത്തിന്റെ സമഗ്ര വികസനമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണ് ആകസ്മികമായി അദ്ദേഹത്തിന്റെ വിയോഗം ഉണ്ടായിരിക്കുന്നത്. മരണത്തില്‍ അനുശോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പി ബിയുടെ വിയോഗം നാടിന് തീരാനഷ്ടം: ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം

കാഞ്ഞങ്ങാട്: മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖിന്റെ നിര്യാണത്തില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം നാടിന് തീരാനഷ്ടമാണ്. സിപിടി എന്ന കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയോട് വളരെ അധികം സ്നേഹവും പിന്തുണയും നല്‍കിയ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് സംസ്ഥാന പ്രസിഡണ്ട് സി കെ നാസര്‍ കാഞ്ഞങ്ങാട് അനുശോചന കുറിപ്പില്‍ വ്യക്തമാക്കി.

പി ബി അബ്ദുര്‍ റസാഖ് വ്യക്തി ബന്ധങ്ങള്‍ക്ക് കോട്ടം തട്ടാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ നേതാവ്: ഐ എന്‍ എല്‍

കാസര്‍കോട്: വ്യക്തി ബന്ധങ്ങള്‍ക്ക് കോട്ടം തട്ടാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ഒരു നേതാവിനെയാണ് പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയുടെ നിര്യാണത്തോടെ നഷ്ടമായതെന്ന് ഐ എന്‍ എല്‍ ചെങ്കള പഞ്ചായത്ത് സെക്രട്ടറി ശാഫി സന്തോഷ് നഗര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഐ എന്‍ എല്‍ നേതാക്കളായ മുഹമ്മദ് മുബാറക്ക് ഹാജി, ഹാരിസ് ബെഡി, ഇബ്രാഹിം നായന്മാര്‍മൂല, അബ്ദുല്ല മൗലവി, ഖാദര്‍ എരിയപ്പാടി, സമീര്‍ പാറകെട്ട്, കുഞ്ഞഹ് മദ് ആലംപാടി, അഷ്‌റഫ് ബി സി റോസ്, മുഹമ്മദ് കളപ്പുര, മുഹമ്മദ് എര്‍മാളം, മുഹമ്മദ് എരിയപ്പാടി, അഹ് മദ് മിഹ്‌റാജ, സേട്ട് അബ്ദുല്‍ ഖാദര്‍, ഹനീഫ മാര, എന്‍ വൈ എല്‍ നേതാക്കളായ സിദ്ദീഖ് ചെങ്കള, ശരീഫ് കുറ്റി, ഖാദര്‍ കാനത്തില്‍, ഹിംസാക്ക്, സിദ്ദീഖ് ചേരൂര്‍, റാബി ആലംപാടി, സിദ്ദീഖ് എരിയപ്പാടി, സുലൈമാന്‍, റിഷാദ് നാലാംമൈല്‍, ഉനൈസ് ചേരൂര്‍, സമീര്‍ നായന്മാര്‍മൂല, സമീര്‍ ഇന്ദിരാനഗര്‍, അബു ആലംപാടി, ഐ എം സി സി നേതാക്കളായ ഖാദര്‍ ആലംപാടി, ഹനീഫ വൈ എ എരിയപ്പാടി, ശരീഫുന്നിസാര്‍, മുഹമ്മദ് ദേളി, ഹാഷി നാലാംമൈല്‍, മുഹമ്മദ്, ഹനീഫ മലേഷ്യ, ഐ എന്‍ എല്‍ ശാഖ നേതാക്കളായ ഇബ്രാഹിം നെക്കര, അബ്ദുല്ല കോടി, ലിയാസ് നാലാംമൈല്‍, അഷ്‌റഫ് പാണലം, അമീന്‍ ചെര്‍ക്കള, ഉനൈസ് ചേരൂര്‍, റഹീം മാര, അഹ് മദ് അലിയര്‍, അബൂബക്കര്‍ പടിഞ്ഞാര്‍ മൂല, ഉസ്മാന്‍ നെല്ലിക്കട്ട, ഹമീദ് പെയ്ന്റര്‍, സലാം പന്നിപ്പാറ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

പി ബിയുടെ നിര്യാണത്തില്‍ ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് അനുശോചിച്ചു

കാസര്‍കോട്: പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയുടെ നിര്യാണത്തില്‍ ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മഞ്ചേശ്വരത്തിന്റെ വികസന നായകനും മതേതര ഐക്യം ഊട്ടിയുറപ്പിച്ച നേതാവും മികച്ച നിയമസഭാ സാമാജികനുമായിരുന്ന പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എയുടെ  വിയോഗം യു. ഡി.എഫ് നേതൃത്വത്തിന് തിരാനഷ്ടമാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി മുനീര്‍ മുനമ്പം പറഞ്ഞു.

സെക്രട്ടറിയേറ്റ് അംഗം മനോജ് ശങ്കരനെല്ലൂര്‍ സംസ്ഥാന കൗണ്‍സില്‍ അംഗം അബ്ബാസ് മുതലപ്പാറ ജില്ലാ സെക്രട്ടറിയോടൊപ്പം അദ്ദേഹത്തിന്റെ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

അബ്ദുര്‍ റസാഖ് സൗമ്യസ്വഭാവമുള്ള വ്യക്തിത്വം: കെ സുരേന്ദ്രന്‍

കാസര്‍കോട്:  മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖിന്റെ ദേഹവിയോഗത്തിലൂടെ നഷ്ടമായത് സൗമ്യസ്വഭാവമുള്ള വ്യക്തിത്വത്തെയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അനുശോചിച്ചു.

ചൂടേറിയ പ്രശ്നങ്ങള്‍ വന്ന് അന്തരീക്ഷം ചൂടാകുമ്പോള്‍ തണുപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുള്ള നേതാവായിരുന്നു അദ്ദേഹം. വ്യവസായിയായിട്ടും രാഷ്ട്രീയക്കാരനായായിട്ടും ഒരുപോലെ തിളങ്ങിയ വ്യക്തിത്വത്തിനുടമയായിരുന്നു റസാഖ്. പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ച് പെരുമാറുന്നതിലെന്നും അദ്ദേഹം ശ്രദ്ധപതിപ്പിച്ചിരുന്നുവെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാ മ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, P.B. Abdul Razak, Samastha, Remembrance, Condolence to P.B Abdul Razak MLA
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia