city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോളനി റോഡ് അടുത്ത പ്രദേശത്തുള്ളവര്‍ക്ക് നിഷേധിക്കുന്നതായി പരാതി; റോഡ് നീട്ടി നിര്‍മിക്കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് കൗണ്‍സിലര്‍

നീലേശ്വരം: (www.kasargodvartha.com 19.05.2018) നഗരസഭയിലെ തൈക്കടപ്പുറം സുനാമി പുനരധിവാസ കോളനിയിലൂടെയുള്ള റോഡ് സമീപപ്രദേശക്കാര്‍ക്ക് നിഷേധിക്കുന്നതായി പരാതി. കോളനിയുടെ തൊട്ടടുത്തുള്ള പതിനഞ്ച് കുടുംബങ്ങള്‍ക്കാണ് ഇതുമൂലം വഴിമുട്ടിയത്. ഈ വിഷയം നഗരസഭാ കൗണ്‍സില്‍ യോഗത്തിലും ചര്‍ച്ചയായി. സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ് റാഫിയാണ് പ്രശ്‌നം ഉന്നയിച്ചത്.

കോളനിയുടെ സമീപം താമസിക്കുന്ന ഭിന്നശേഷിയില്‍പെട്ടവരും, പ്രായമായവരും ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് റോഡിലൂടെയുള്ള സഞ്ചാരം നിഷേധിച്ചതായി അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ചെയര്‍മാന്‍ കെ.പി ജയരാജന്‍ വാര്‍ഡ് അംഗം എം. ലതയോട് ആരാഞ്ഞപ്പോള്‍ സ്ഥലത്ത് ഇത്തരമൊരു പ്രശ്‌നം നിലവിലുണ്ടെന്നും, എല്ലാവര്‍ക്കും ഉപകാരപ്രദമാകുന്ന നിലയില്‍ റോഡ് നീട്ടി നിര്‍മിക്കണമെന്നും അവര്‍ മറുപടി നല്‍കി. എന്നാല്‍ കോളനിയില്‍ താമസിക്കുന്ന ഇരുപത്തി ഏഴാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ടി.പി ബീന ഇതിനെ എതിര്‍ത്തത് ബഹളത്തിനിടയാക്കി.

കലക്ടര്‍ ഉള്‍പ്പെടെ പ്രസ്തുത റോഡ് കോളനി നിവാസികള്‍ക്കു മാത്രമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ഒരു കാരണവശാലും ഇത് മറ്റുള്ളവര്‍ക്ക് അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ബഹളത്തിനിടയില്‍ ബീന ഭിന്നശേഷിക്കാരെ കുറിച്ചു നടത്തിയ മോശം പരാമര്‍ശം പ്രതിഷേധത്തിനിടയാക്കി. ഈ പരാമര്‍ശം കൗണ്‍സിലര്‍ പിന്‍വലിക്കണമെന്നും ഭിന്നശേഷിയില്‍പെട്ടവരെ അപമാനിക്കുന്നതിനു തുല്യമാണ് ഇതെന്നും പി.പി മുഹമ്മദ് റാഫി അഭിപ്രായപ്പെട്ടു.

സുനാമി കോളനിയില്‍ 16 വീടുകളാണുള്ളത്. 2015-16 സാമ്പത്തിക വര്‍ഷം രണ്ടു ലക്ഷം രൂപ ചെലവിട്ടാണ് നൂറു മീറ്ററോളം ടാറിട്ട റോഡ് നിര്‍മിച്ചത്. ഇതിനു തൊട്ടടുത്ത് 19 വര്‍ഷത്തിലധികമായി താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് റോഡ് നിഷേധിക്കപ്പെട്ടത്. കോളനി വരുന്നതിനു മുന്‍പ് നിലവില്‍ റോഡുള്ള വഴിയിലൂടെയാണ് ഈ കുടുംബങ്ങള്‍ സഞ്ചരിച്ചിരുന്നത്. തങ്ങള്‍ക്ക് കൂടി ഉപകാരപ്പെടുന്ന രീതിയില്‍ റോഡ് നിര്‍മിക്കാന്‍ ഇവര്‍ സ്ഥലം നീക്കിവച്ചിട്ടുണ്ടെങ്കിലും കോളനി നിവാസികളുടെ പിടിവാശി മൂലം അതു നടക്കാതെ പോകുകയാണ്. അതേ സമയം കോളനിയിലുള്ളവര്‍ക്ക് കുടിവെള്ളം നല്‍കുന്നത് സമീപവാസികളാണെന്നതും ശ്രദ്ധേയമാണ്. കോളനി നിവാസികള്‍ക്കു മാത്രമാണ് റോഡെന്നും, പൊതു ആവശ്യത്തിന് ഇത് ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്ന് കലക്ടര്‍ കെ.ജീവന്‍ ബാബു പറഞ്ഞു. മറ്റു പരാതികള്‍ വന്നാല്‍ അപ്പോള്‍ പരിഗണിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേ സമയം കോളനിയുടെ സമീപവാസികള്‍ റോഡ് തങ്ങള്‍ക്കു കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എ.ഡി.എമ്മിനു നിവേദനം നല്‍കിയിട്ടുണ്ട്. പ്രശ്‌നത്തിനു തീരുമാനമായില്ലെങ്കില്‍ ദേശീയപാത ഉപരോധമുള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് ഇവര്‍.
കോളനി റോഡ് അടുത്ത പ്രദേശത്തുള്ളവര്‍ക്ക് നിഷേധിക്കുന്നതായി പരാതി; റോഡ് നീട്ടി നിര്‍മിക്കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് കൗണ്‍സിലര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Road, Top-Headlines,  Colony Road denied for Neighbor natives, Complaint < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia