മംഗളൂരുവില്‍ കോളേജുകള്‍ തുറന്നു; യാത്രാ സൗകര്യമില്ലാതെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ വട്ടം കറങ്ങുന്നു
Nov 9, 2020, 14:13 IST
കാസർകോട്: (www.kasargodvartha.com 09.11.2020) മംഗളൂരുവില്‍ കോളേജുകള്‍ തുറന്നതോടെ യാത്രാ സൗകര്യമില്ലാതെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ വട്ടം കറങ്ങുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യത്തിനില്ലാത്ത കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളായ മഞ്ചേശ്വരം, ഉപ്പള, കുമ്പള, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നായി നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് കര്‍ണാടക മംഗളൂരുവിലെ വിവിധ കോളേജുകളില്‍ പഠിക്കുന്നത്.
കോളജുകളെല്ലാം ഇപ്പോള്‍ തുറന്നു. റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു. യാത്രയ്ക്കായി വിദ്യാര്‍ത്ഥികള്‍ ആശ്രയിച്ചിരുന്നത് ട്രെയിനിനെയും കേരള കര്‍ണാടക ആര്‍ ടി സി ബസുകളെയുമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ചെന്നെയില്‍ നിന്ന് മംഗളൂരുവിലേക്ക് ട്രെയിന്‍ ഓടുന്നുണ്ടെങ്കിലും രാവിലെയും വൈകുന്നേരവും വിദ്യാര്‍ത്ഥികള്‍ക്ക് പോകാനും വരാനും പറ്റുന്ന സമയത്തുള്ള ട്രെയിനുകള്‍ പുനരാരംഭിച്ചിട്ടില്ല.
മംഗളൂരുവിലേക്ക് നേരിട്ടുള്ള ആര്‍ ടി സി ബസുകളും പുനരാരംഭിച്ചിട്ടില്ല. തലപ്പാടി അതിര്‍ത്തിവരെ കേരള ബസും അവിടെ ഇറങ്ങി അതിര്‍ത്തിക്കപ്പുറത്തേക്ക് നടന്ന് ചെന്ന് കര്‍ണാടക ബസ്സും പിടിച്ചാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ യാത്ര.
കൂടുതല്‍ പ്രൊഫഷണല്‍ കോളേജുകളുള്ള ദെര്‍ളകട്ടയിലേക്ക് നേരത്തെയുണ്ടായിരുന്ന ഒരു ബസിനു പകരം മൂന്നു ബസ് മാറിക്കയറേണ്ട ദുരവസ്ഥയിലാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍.
പണനഷ്ടത്തിന് പുറമെ സമയ നഷ്ടവും കാരണം വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യ സമയത്ത് ക്ലാസില്‍ എത്താന്‍ പറ്റാത്ത അവസ്ഥയും യാത്രാക്ഷീണവുമാണ്.
ഇത് കാരണം പലരും വളരെ ഉയര്‍ന്ന വാടക നല്‍കി മംഗളൂരുവിലും ദെര്‍ളകട്ടയിലും ഫ്‌ളാറ്റ് എടുത്തു താമസിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.
സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കോവിഡ് കാലത്ത് ഇത് രക്ഷിതാക്കളുടെ നട്ടെല്ലൊടിക്കുന്നു.
കര്‍ണാടക ആര്‍ ടി സി മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് നേരിട്ടു ബസ് ഓടിക്കാന്‍ തയാറാണ്.
ഇക്കാര്യത്തില്‍ അനുമതി തേടി കാസര്‍കോട് ജില്ലാ കളക്ടര്‍ക്ക് അവര്‍ അപേക്ഷ നല്‍കിയിട്ട് മൂന്ന് മാസമായി.
കളക്ടര്‍ അത് ശുപാര്‍ശ ചെയ്ത് കേരള ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ക്ക് അയച്ചിട്ടുണ്ടെന്നു പറയുന്നു. പക്ഷെ അതിനുള്ള തുടര്‍നടപടികള്‍ക്കായി കാസര്‍കോട്ടെ ജനപ്രതിനിധികള്‍ ഇടപെടാത്തത് കാരണം ഉത്തരവായില്ല.
സ്വന്തമായി കാറുള്ളവര്‍ക്ക് മംഗളൂരുവില്‍ പോയി വരാന്‍ തടസ്സമില്ല. അതേ സമയം പൊതു വാഹനത്തെ ആശ്രയിക്കുന്ന സാധാരണക്കാര്‍ മാത്രം ബസ് ഇടയ്ക്കു വെച്ച് മാറി കയറി വലയുകയാണ്.
വിദ്യാര്‍ത്ഥികളുടെയും സാധാരണക്കാരന്റെയും വിഷമം കണക്കിലെടുത്ത് കര്‍ണാടക ആര്‍ ടി സി ബസുകള്‍ക്ക് അതിര്‍ത്തി സ്ഥലങ്ങളായ മംഗളൂരു, ബി സി റോഡ് എന്നിവിടങ്ങളില്‍ നിന്ന് കാസര്‍കേട്ടേക്ക് നേരിട്ട് ബസ് ഓടിക്കാന്‍ ഉടന്‍ അനുമതി നല്‍കണമെന്ന് കാസര്‍കോട് സൗഹൃദ ഐക്യ വേദി ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികളോട് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ മഞ്ചേശ്വരം, കാസര്‍കോട് എം എല്‍ എമാര്‍ അടിയന്തിരമായി ഇടപെടണമെന്നും സൗഹൃദ ഐക്യവേദി അഭ്യര്‍ത്ഥിച്ചു.
Keywords: Kasaragod, News, Kerala, College, Student, Class, Bus, Train, Top-Headlines, Colleges open in Mangalore; Students in Kerala roam around without travel facilities