city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തില്‍ റേഷന്‍ കാര്‍ഡില്ലാത്ത എല്ലാ പാവപ്പെട്ടവര്‍ക്കും റേഷന്‍ കാര്‍ഡ്, വീട് വേണമെന്ന് നിര്‍ബന്ധമില്ല; ഗ്രാമീണ റോഡുകളടക്കം ഒരുവര്‍ഷത്തിനകം മികവുറ്റതാക്കും, പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി; പുതുവര്‍ഷപുലരിയില്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം

തിരുവനന്തപുരം: (www.kasargodvartha.com 01.01.2020) പുതുവര്‍ഷത്തില്‍ നിരവധി പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷത്തിനകം നടപ്പിലാക്കുന്ന പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. റോഡുകള്‍, തെരുവുവിളക്കുകള്‍, വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ, ക്ഷേമകാര്യം തുടങ്ങി നിരവധി പദ്ധതികളാണ് മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ചുചേര്‍ത്ത പ്രസ് കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി വിശദീകരിച്ചത്.

2020 കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റമുണ്ടാക്കുന്ന വര്‍ഷമാക്കി മാറ്റാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസനസൂചികയില്‍ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നു. ഇത് നമ്മുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. കേരളം നമ്പര്‍ വണ്‍ ആയി തുടരും എന്ന ഉറപ്പാണത്. പ്രതിസന്ധികളെ കേരള ജനത ഒറ്റക്കെട്ടായി നേരിട്ട വര്‍ഷമാണ് കടന്നുപോയത്. ഇന്നു മുതല്‍ സംസ്ഥാനത്തു പ്ലാസ്റ്റിക്ക് നിരോധനം പ്രാബല്യത്തില്‍ വരികയാണ്. മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്ന നിയമനിര്‍മാണത്തിനെതിരെ നിയമസഭ യോജിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. അതിന് വലിയ പ്രാധാന്യമുണ്ട്. നന്മയുടെ പക്ഷത്തുള്ള ഒരു കാര്യത്തിലും നമ്മള്‍ പുറകിലല്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ റേഷന്‍ കാര്‍ഡില്ലാത്ത എല്ലാ പാവപ്പെട്ടവര്‍ക്കും റേഷന്‍ കാര്‍ഡ്, വീട് വേണമെന്ന് നിര്‍ബന്ധമില്ല; ഗ്രാമീണ റോഡുകളടക്കം ഒരുവര്‍ഷത്തിനകം മികവുറ്റതാക്കും, പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി; പുതുവര്‍ഷപുലരിയില്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രധാനപ്രഖ്യാപനങ്ങള്‍

1. സംസ്ഥാനത്ത് ജീവിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് ഈ വര്‍ഷം ലഭ്യമാക്കും. എവിടെ താമസിക്കുന്നു എന്നതല്ല, ഇവിടെ ജീവിക്കുന്നു എന്നത് കണക്കിലെടുത്താണ് റേഷന്‍ കാര്‍ഡ് നല്‍കുക. വീട് ഇല്ലാത്തവര്‍ക്കും വീടിന് നമ്പര്‍ ഇല്ലാത്തവര്‍ക്കും കാര്‍ഡ് ലഭിക്കും.

2. ഇന്ത്യയില്‍ വനവിസ്തൃതി വര്‍ധിപ്പിക്കുന്നതില്‍ മുന്‍നിരയിലാണ് കേരളം എന്ന് ഫോറസ്റ്റ് സര്‍വെ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2017 മുതല്‍ 2019 വരെ 823 ചതുരശ്ര കിലോമീറ്റര്‍ വര്‍ധനയാണ് വനവിസ്തൃതിയില്‍ ഉണ്ടായത്. കേരളത്തിന്റെ പുനര്‍നിര്‍മിതി എന്നത് പച്ചപ്പ് വീണ്ടെടുക്കല്‍ കൂടിയാണ്. അതിന്റെ ഭാഗമായി 37 കോടി വൃക്ഷത്തൈകള്‍ ഈ വര്‍ഷം വെച്ചുപിടിപ്പിക്കും.

3. തെരുവ് വിളക്കുകള്‍ മുഴുവന്‍ എല്‍ഇഡി ആക്കും. വൈദ്യുതി ലാഭിക്കാനും ഇതുകൊണ്ടു കഴിയും.

4. ഈ വര്‍ഷം മെയ് ആവുമ്പോഴേക്ക് സംസ്ഥാനത്തെ മിക്കവാറും റോഡുകളും മികച്ച നിലയില്‍ പുനര്‍നിര്‍മിക്കും. ബാക്കി റോഡുകള്‍ ഉണ്ടെങ്കില്‍ ഡിസംബര്‍ ആകുമ്പോഴേക്കും കേടുപാടുകള്‍ തീര്‍ക്കും.

5. യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ പാര്‍പ്പിടസൗകര്യം എല്ലാ പ്രധാന പട്ടണങ്ങളിലുംഒരുക്കും. പിറ്റേന്ന് കാലത്ത് പ്രാതല്‍ ഉള്‍പ്പെടെ അവര്‍ക്ക് ലഭിക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കുക. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ പദ്ധതി നടപ്പാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

6. സംസ്ഥാനത്തുടനീളം പൊതുശുചിമുറികള്‍ നിര്‍മിക്കും. മൂവായിരം ആളുകള്‍ക്ക് ഒരു ടോയ്‌ലറ്റ് എന്ന നിലയില്‍ 12,000 ടോയ്‌ലറ്റുകളെങ്കിലും യാഥാര്‍ത്ഥ്യമാക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ശുചിമുറികള്‍ ഒരോ കേന്ദ്രത്തിലുമുണ്ടാകും. സ്ത്രീകളുടേത് സ്ത്രീസൗഹൃദ ടോയ്‌ലറ്റുകളായിരിക്കും. പെട്രോള്‍പമ്പുകളിലെ ടോയ്‌ലറ്റുകള്‍ വഴിയാത്രക്കാര്‍ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാക്കും.

7. യുവജനങ്ങള്‍ക്ക് നേതൃശേഷി വളര്‍ത്താന്‍ യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി ആരംഭിക്കും.

8. വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്ത് പഠിക്കാനുള്ള അവസരവും അത് സാധ്യമാകുന്ന സംസ്‌കാരവും രൂപപ്പെടുത്തും. വിദേശ രാജ്യങ്ങളില്‍ ഈ സംസ്‌കാരം നിലനില്‍ക്കുന്നുണ്ട്. ഉയര്‍ന്ന യോഗ്യത നേടാന്‍ പഠിക്കുന്നവര്‍ ഹോട്ടലുകളിലും കടകളിലും വരെ ജോലിചെയ്യുകയും പഠനത്തോടൊപ്പം വരുമാനമുണ്ടാക്കുകയും ചെയ്യുന്നുണ്ട്.

9. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന തൊഴിലവസരം ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കും.

10. പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ അദാലത്തുകള്‍ നടത്തും. മുഴുവന്‍ പരാതികളും ഈ വര്‍ഷം തീര്‍പ്പാക്കും.

11. വ്യത്യസ്ത സൗകര്യങ്ങളുള്ള വഴിയോര വിശ്രമ കോംപ്ലക്‌സുകള്‍ സംസ്ഥാനത്ത് നടപ്പാക്കും. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ അത് പൂര്‍ത്തിയാക്കും.

12. സംസ്ഥാന വ്യവസായ സംരക്ഷണ സേന വിപുലമാക്കും. കേന്ദ്ര വ്യവസായ സംരക്ഷണ സേനയ്ക്ക് നല്‍കുന്നതിനു തുല്യമായ പരിശീലനം ഇവര്‍ക്കു നല്‍കും.

13. ഓര്‍ഡിനന്‍സ്

സംസ്ഥാനത്ത് ക്രൈസ്തവ വിഭാഗങ്ങളില്‍ പെട്ടവരുടെ മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. സമീപകാലത്ത് മൃതദേഹം അടക്കം ചെയ്യുന്നതില്‍ കാലതാമസവും തര്‍ക്കങ്ങളും ഉടലെടുത്ത പശ്ചാത്തലത്തിലാണ് ഇത്. ചില പള്ളികളും വിവിധ ഇടവകകളും ഇതുമായി ബന്ധപ്പെട്ട വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ചില പള്ളി അധികാരികള്‍ മൃതദേഹം അടക്കം ചെയ്യാന്‍ വിസമ്മതിച്ചതുമൂലം ഉണ്ടായ പ്രശ്‌നങ്ങള്‍ നാം കണ്ടതാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പലവട്ടം ഇടപെട്ടിരുന്നു. ഒടുവില്‍ വിവിധ സഭകളുടെ അധ്യക്ഷന്മാരും ഈ പ്രശ്‌നത്തില്‍ ഒത്തുത്തീര്‍പ്പിന് ശ്രമിച്ചു. എന്നാല്‍ ഒരു വിഭാഗം ഇതിനോടൊന്നും സഹകരിച്ചില്ല. ഈ സാഹചര്യത്തിലാണ് നിയമനിര്‍മാണത്തിന് തീരുമാനിച്ചത്.

ഓര്‍ഡിനന്‍സ് അനുസരിച്ച് ഇടവകയിലെ ഏതംഗം മരിച്ചാലും കുടുംബാംഗങ്ങള്‍ക്ക് ആ ഇടവകയുടെ പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യാന്‍ അവകാശം ലഭിക്കും. മരണമടഞ്ഞ ഇടവക അംഗത്തിന്റെ ബന്ധുക്കള്‍ക്ക് മരണാനന്തര ചടങ്ങുകള്‍ ആ ഇടവകപള്ളി സെമിത്തേരിയില്‍ വേണ്ടെന്നു വെയ്ക്കാനും അവര്‍ക്കു താല്‍പര്യമുള്ള പുരോഹിതനെ കൊണ്ട് അവര്‍ തെരഞ്ഞെടുക്കുന്ന മറ്റു സ്ഥലങ്ങളില്‍ മരണാനന്തര ചടങ്ങുകള്‍ നടത്താനും അവകാശമുണ്ടാകും.

Keywords:  Kerala, Thiruvananthapuram, news, Top-Headlines, Press meet, Pinarayi-Vijayan, CM Pinarayi Vijayan's Press conference on new year projects 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia