മാവുങ്കാലിലുണ്ടായത് തെരുവുയുദ്ധം; പോലീസ് അക്രമം അഴിച്ചുവിട്ടതായി ആക്ഷേപം, 40 ഓളം വാഹനങ്ങള്‍ തകര്‍ത്തു, ഹോട്ടലും തകര്‍ത്തു
Aug 16, 2017, 11:16 IST
മാവുങ്കാല്‍: (www.kasargodvartha.com 16.08.2017) മാവുങ്കാലില്‍ ചൊവ്വാഴ്ച വൈകിട്ടോടെയുണ്ടായത് തെരുവുയുദ്ധം. പോലീസും- സിപിഎം, ബിജെപി പ്രവര്‍ത്തകരും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയായിരുന്നു. ഒരു മണിക്കൂറോളം മാവുങ്കാല്‍, കോട്ടപ്പാറ, നെല്ലിത്തറ ഭാഗങ്ങളില്‍ തെരുവുയുദ്ധത്തിന്റെ പ്രതീതിയായിരുന്നു. ദേശീയപാതയില്‍ ഒരു മണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു. കോട്ടപ്പാറയിലെ പരിപാടി കഴിഞ്ഞ് തിരിച്ചുപോകുന്ന സിപിഎം പ്രവര്‍ത്തകര്‍ നെല്ലിത്തറയില്‍ ബസ് വെയ്റ്റിംഗ് ഷെഡിനു നേരെ അക്രമം നടത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് ബിജെപി കേന്ദ്രങ്ങള്‍ ആരോപിച്ചു. 5.30 മണിയോടെ പരിപാടി സമാപിച്ചതിനു ശേഷം വാഹനങ്ങളില്‍ മാവുങ്കാലിലേക്ക് നീങ്ങിയ സി.പി.എം - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാവുങ്കാല്‍ - പാണത്തൂര്‍ റോഡില്‍ സംഘടിക്കുകയും വ്യാപക അക്രമം അഴിച്ചു വിടുകയുമായിരുന്നുവെന്നുമാണ് ബിജെപി കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്.
സഞ്ജീവനി ആശുപത്രിക്കു സമീപത്തുള്ള വിറകു വില്‍പനശാലയില്‍ നിന്നും വിറകുകൊള്ളികളുമായി പുറത്തിറങ്ങിയ സി.പി.എം പ്രവര്‍ത്തകര്‍ പോലീസിനോടൊപ്പം ചേര്‍ന്ന് വാഹനങ്ങള്‍ തല്ലിതകര്‍ക്കുകയും ചെയ്തതായും ആരോപണമുണ്ട്. മാവുങ്കാലിലെ വ്യാപാരസ്ഥാപനങ്ങള്‍ക്കു മുന്‍വശം പാര്‍ക്കു ചെയ്തിരുന്ന ബൈക്കുകള്‍ ഉള്‍പെടെ 40 ഓളം വാഹനങ്ങള്‍ പോലീസ് തകര്‍ത്തതായും ആക്ഷേപമുണ്ട്. മാവുങ്കാലില്‍ കൃഷ്ണഭവനില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയിരുന്ന കൊട്ടോടിയിലെ ജയപ്രകാശും കുടുംബവും സഞ്ചരിച്ചിരുന്ന മാരുതി കാറും, മറ്റൊരു ടെമ്പോ വാനും പോലീസ് തകര്‍ത്തു. ഹോട്ടലിലും പോലീസ് അക്രമം നടത്തിയതായി പരാതിയുണ്ട്.
ആര്‍.എസ്.എസ് ഹൊസ്ദുര്‍ഗ് കാര്യവാഹക് പി. ബാബുവിന്റെതുള്‍പ്പെടെ നിരവധി പ്രവര്‍ത്തകരുടെ രാഖി പോലീസ് പൊട്ടിച്ചെറിഞ്ഞതായും ബിജെപി കുറ്റപ്പെടുത്തി. മനോരമ ലേഖകന്‍ ഹരി കുമ്പളയുടെ വാഹനവും പോലീസ് തകര്‍ത്തതായി ഹരിയും ആരോപിച്ചു. സഞ്ജീവനി ആശുപത്രിയില്‍ ഐസിയുവില്‍ അതിക്രമിച്ചു കയറിയ പോലീസ് ആശുപത്രിയിലും പ്രകോപനം സൃഷ്ടിച്ചതായും പരാതിയുയര്‍ന്നിട്ടുണ്ട്. പോലീസ് നടപടിക്കെതിരെ ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മാവുങ്കാലില്‍ ആര്‍.എസ്.എസ്- ബിജെ.പി പ്രവര്‍ത്തകരെയും വഴിയാത്രക്കാരെയും പോലീസ് അക്രമിക്കുന്ന വിവരം കേട്ടറിഞ്ഞെത്തിയ ആര്‍.എസ്.എസ് ജില്ലാകാര്യവാഹ് കെ. ശ്രീജിത്തുള്‍പെടെ നിരവധി പേരെ പോലീസ് സംഘം അതിക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ കെ. ശ്രീജിത്ത്, ചന്ദ്രന്‍ കല്ല്യാണ്‍ റോഡ്, ബി.ജെ.പി അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി. പ്രസാദ്, രാജന്‍ പൂച്ചക്കാട്, ബി.എം.എസ് നേതാവ് ദാമോദരന്‍ എണ്ണപ്പാറ, വിജയന്‍ പുതിയകണ്ടം, ബാലകൃഷ്ണന്‍ ചെമ്മട്ടംവയല്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന സുധാകരന്‍ ചെമ്മട്ടംവയലിനെ വിപിന്‍, ബ്രിജേഷ്, ജോണി, സോണി എന്നിവരടങ്ങിയ സി.പി.എം പ്രവര്‍ത്തകര്‍ അക്രമിച്ചതായും ബിജെപി നേതാക്കള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സി.പി.എമ്മിന് യാതൊരു വിധത്തിലുള്ള പ്രവര്‍ത്തനവുമില്ലാത്ത മാവുങ്കാല്‍- കോട്ടപ്പാറ മേഖലയില്‍ ഡി.വൈ.എഫ്.ഐ പരിപാടി സംഘടിപ്പിച്ചതു തന്നെ സംഘര്‍ഷം ലക്ഷ്യമാക്കിയാണെന്ന് സംഘപരിവാര്‍ നേതാക്കള്‍ സര്‍വ്വകക്ഷി യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പരിപാടി നടത്തുവാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കുകയാണുണ്ടായത്. ഭരണകക്ഷിയെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏതാനും പോലീസ് ഉദ്യോഗസ്ഥര്‍ സി.പി.എമ്മിനോടൊപ്പം ചേര്‍ന്ന് അക്രമം അഴിച്ചു വിടുകയായിരുന്നുവെന്നും ബി.ജെ.പി- ആര്‍.എസ്.എസ് ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി.
അതേസമയം ബിജെപി- ആര്‍ എസ് എസ് പ്രവര്‍ത്തര്‍ യാതൊരു പ്രകോപനവും കൂടാതെ അക്രമം നടത്തിയതായി സിപിഎം കേന്ദ്രങ്ങളും കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ മടിക്കൈയ്യിലെ ശ്യാംജിത്ത്,ആദര്‍ശ് എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ടു ദിവസം മുമ്പ് പോലീസ് വിളിച്ച് ചേര്‍ത്ത സമാധാനകമ്മിറ്റി തീരുമാന പ്രകാരം തീര്‍ത്തും സമാധാനപരമായാണ് കോട്ടപ്പാറയില്‍ ഡി.വൈ.എഫ്.ഐ റാലി നടന്നത്. പ്രകോപനമുണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി നടത്തിയെങ്കിലും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംയമനം പാലിക്കുകയായിരുന്നു. എന്നാല്‍ റാലി നടത്തി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയ ശേഷം കോട്ടപ്പാറയിലുണ്ടായിരുന്ന മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി. പ്രഭാകരന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. കുഞ്ഞമ്പു, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ശശീന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള നേതാക്കളെ തടഞ്ഞുവെച്ച് പ്രകോപനം സൃഷ്ടിക്കുകയും, കല്ലെറിയുകയും ചെയ്തുവെന്നാണ് ആരോപണം. കല്ലേറില്‍ പരിക്കേറ്റ പി. കുഞ്ഞമ്പു ആശുപത്രിയില്‍ ചികിത്സയിലാണ്. സമാധാനകമ്മിറ്റി യോഗ തീരുമാനത്തെ പൂര്‍ണമായും ലംഘിച്ചുകൊണ്ടാണ് കോട്ടപ്പാറയില്‍ ബി.ജെ.പി ജില്ലാ സെക്രട്ടറി വേലായുധന്‍ ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ പ്രകോപനം സൃഷ്ടിക്കുകയും കല്ലേറ് നടത്തുകയും ചെയ്തതെന്നും സിപിഎം ആരോപിച്ചു.
നേതാക്കള്‍ മാറിനിന്ന് മാവുങ്കാലില്‍ ബി.ജെ.പി പ്രവര്‍ത്തകരെ രംഗത്തിറക്കി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വന്ന വാഹനങ്ങള്‍ക്കു നേരെ വ്യാപകമായ അക്രമവും കല്ലേറും നടത്തുകയായിരുന്നു. തങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്ന് പ്രചരിപ്പിക്കുകയും സ്വന്തം സ്വാധീന കേന്ദ്രത്തില്‍ മറ്റ് പാര്‍ട്ടിക്കാരെ അക്രമിക്കുകയും ചെയ്യുന്ന അസഹിഷ്ണുതയും ധാര്‍ഷ്ഠ്യവും നിറഞ്ഞ നികൃഷ്ട സമീപനമാണ് ബി.ജെ.പി സ്വീകരിച്ചത്. പോലീസിന്റെ സമയോചിത ഇടപടലും സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്വീകരിച്ച ആത്മ സംയമനവും ഇല്ലായിരുന്നെങ്കില്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുമായിരുന്നുവെന്നും സിപിഎം കേന്ദ്രങ്ങള്‍ വ്യക്തമാക്കി. അക്രമം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പിയുടെ അക്രമത്തിനും ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കുമെതിരെ പ്രതിഷേധിക്കുവാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും സി.പിഎം ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Mavungal, Attack, Clash, Police, Clash in Mavungal; BJP against police
Keywords: Kasaragod, Kerala, news, Top-Headlines, Mavungal, Attack, Clash, Police, Clash in Mavungal; BJP against police